കൊച്ചി: മുൻ എം എൽ എയും സി പി എം നേതാവുമായിരുന്ന കെ കെ രാമചന്ദ്രൻ നായരുടെ മകൻറെ  ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. ഇത്തരം നിയമനങ്ങൾ സർക്കാരിനെ കയറഴിച്ചു വിടുന്നത് പോലെയാകുമെന്ന് ഹൈക്കോടതി വിമർശിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്ക് പോലും ആശ്രിത നിയമനം നൽകുന്ന അവസ്ഥയുണ്ടാകുമെന്നും കോടതി പറഞ്ഞു.

യോഗ്യതയുളളവർ പുറത്തു കാത്തു നിൽക്കുമ്പോൾ പിൻവാതിലിലൂടെ ചിലർ നിയമിക്കപ്പെടുന്നത് സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. സൂപ്പർ ന്യൂമററി തസ്തിക സ്യഷ്ടിക്കുന്നത് കേരള ഫിനാൻസ് കോഡിൽ ക്യത്യമായി പറയുന്നുണ്ട്. സർക്കാരിന് പ്രത്യേക സാഹചര്യത്തിൽ അതിനുള്ള അധികാരമുണ്ട്. എന്നാൽ ഈ നിയമന കാര്യത്തിൽ അത്തരത്തിലുള്ള സാഹചര്യമല്ലെന്നും കോടതി വ്യക്തമാക്കി.

ചെങ്ങന്നൂർ എം എൽ എയായിരിക്കെ മരണമടഞ്ഞ കെ കെ രാമചന്ദ്രൻ നായരുടെ മകൻ എൻ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിലെ ഉന്നത തസ്തികയിൽ നിയമിച്ചിരുന്നു. ആശ്രിത നിയമനത്തിന് ജനപ്രതിനിധികളുടെ മക്കൾക്ക് അവകാശമില്ലെന്ന് ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സർക്കാർ ജീവനക്കാർ മരണപെട്ടാൽ  അവരുടെ കുടുംബത്തിന് സഹായം നൽകാനാണ് ആശ്രിത നിയമനം. എം എൽ എമാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ഇത്തരം നിയമനം നൽകാൻ കേരള സർവീസ് ചട്ടം അനുവദിക്കുന്നില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കുന്നു.
 

LEAVE A REPLY

Please enter your comment!
Please enter your name here