കോഴിക്കോട്: കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി പി. ജയരാജനെ ‘കൊലയാളി’ എന്ന് വിളിച്ചതിന് എതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയ കേസിൽ ആർ.എം.പി.ഐ നേതാവ് കെ.കെ രമ എം.എൽ.എയെ കോടതി കുറ്റവിമുക്തയാക്കി.

കോഴിക്കോട് ടൗൺ പോലീസ് ചാർജ് ചെയ്ത കേസിലാണ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ. ഫാത്തിമ ബീവി രമക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം നിലനിൽക്കില്ലെന്ന് വിധിച്ചത്.

2019 മാർച്ച് 17 നടത്തിയ വാർത്താസമ്മേളനത്തിൽ കെ.കെ രമ നടത്തിയ പരാമർശമായിരുന്നു കേസിനാധാരം.
‘കൊലയാളിയായ’ പി.ജയരാജനെ പരാജയപ്പെടുത്താനാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നത് എന്ന കെ.കെ രമയുടെ പരാമർശം പി.ജയരാജനെ പ്രതികൂലമായി ബാധിക്കും എന്ന് കാണിച്ച് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ആരോപിച്ച് ചീഫ് ഇലക്ട്രൽ ഓഫീസർക്ക് പരാതി നൽകിയിരുന്നു. ഈ പരാതി ഡി.ജി.പിക്ക് അഭിപ്രായമാരാഞ്ഞു അയച്ചിരുന്നു. ഇതേതുടർന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ
കെ.കെ രമക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.

എന്നാൽ കെ കെ രമ ക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണം നിലനിൽക്കുകയില്ല എന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കണ്ടെത്തി. നിയമാനുസരണം നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു സ്ഥാനാർഥിക്കെതിരെ പ്രസ്താവന നടത്തുമ്പോഴെ ആരോപിക്കപ്പെട്ട കുറ്റം നിലനിൽക്കുകയുള്ളൂ എന്ന് കോടതി നിരീക്ഷിച്ചു. പ്രസ്താവന നടത്തുന്ന ഘട്ടത്തിൽ പി.ജയരാജൻ നിയമാനുസരണം സ്ഥാനാർത്ഥി ആയിരുന്നില്ല. ഇക്കാരണത്താൽ വിചാരണ കൂടാതെ തന്നെ ക്രിമിനൽ നടപടി 258-ആം വകുപ്പ് പ്രകാരം കോടതി കെ.കെ രമക്കെതിരായ നടപടികൾ അവസാനിപ്പിച്ചു.

പരാമർശവിധേയനായ
പി.ജയരാജൻ കോടതിയെ സമീപിക്കുന്നതിനു പകരം പാർട്ടി സെക്രട്ടറി കേസ് നൽകിയതും, ഡി.ജി.പി പ്രത്യേക താൽപര്യമെടുത്ത് കേസ് രജിസ്റ്റർ ചെയ്യിപ്പിച്ചതും, ഭരണനേതൃത്വത്തെ പ്രീണിപ്പെടുത്താനാണെന്നു ആക്ഷേപമുയർന്നിരുന്നു. പി.ജയരാജൻ ഇതുസംബന്ധിച്ച് മാനനഷ്ടക്കേസ് നൽകുമെന്ന് കാണിച്ച് നോട്ടീസ് അയച്ചെങ്കിലും തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല.

കെ.കെ.രമയ്‌ക്കുവേണ്ടി അഡ്വ.പി.കുമാരൻകുട്ടിയും, പ്രോസിക്യൂഷനുവേണ്ടി
അഡ്വ.പിഎസ് ഷീജയും ഹാജരായി. തനിക്കെതിരെ കള്ളക്കേസെടുത്ത് ബുദ്ധിമുട്ടിച്ചതിനെതിരെ കെ.കെ രമനിയമനടപടിക്കൊരുങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here