മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമസഭയില്‍ തന്നെ പിന്‍വലിക്കണമെന്ന് മുസ്‌ലിംലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സര്‍ക്കാറിന്റെ വാഗ്ദാനങ്ങളും ഉറപ്പുകളും മുഖവിലക്കെടുക്കാനാകില്ല. മുമ്പ് പൗരത്വ നിയമഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച സമരക്കാര്‍ക്ക് നേരെ കേരള പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാന ലംഘനം നടത്തിയതോടെ സമരക്കാര്‍ക്ക് കേസുകള്‍ നേരിടേണ്ടി വന്ന സഹചര്യവുമുണ്ടായി.

തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള അടവ് മാത്രമായിരുന്നു ആ വാഗ്ദാനം. വഖഫ് ബോര്‍ഡ് നിയമനത്തില്‍ മുസ്ലിം ലീഗ് പാര്‍ട്ടിക്ക് കൃത്യമായ നിലപാടും നിതാന്തമായ ജാഗ്രതയുമുണ്ട്. ആ ജാഗ്രതയില്‍ നിന്ന് വ്യതിചലിക്കാന്‍ മുസ്ലിംലീഗ് പാര്‍ട്ടി തയ്യാറല്ല. സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു തീരുമാനം പിന്‍വലിക്കേണ്ടത് നിയമസഭയിലാണ്. പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ കാണിച്ച ജാഗ്രത ഈ വിഷയത്തില്‍ മുസ്‌ലിംലീഗ് പാര്‍ട്ടിക്കുണ്ട്.

9ന് കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലി നിശ്ചയിച്ച രീതിയില്‍ തന്നെ നടക്കും. സര്‍ക്കാറിനുള്ള കനത്ത താക്കീതാകും. അക്ഷമരായ സമൂഹമല്ല മുസ്‌ലിംലീഗ് പര്‍ട്ടിയുടേത്. സംയമനത്തോടെ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന രാജ്യത്തിന്റെ ഭരണഘടനയില്‍ ബോധ്യങ്ങളുള്ള സമൂഹമാണ് ഈ പാര്‍ട്ടിയുടെ പിന്‍ബലം. നിയമം പിന്‍വലിക്കുംവരെ മുസ്‌ലിംലീഗ് സമരരംഗത്തുണ്ടാവുമെന്നും തങ്ങള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here