കൊച്ചി: കിറ്റെക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾ ക്രിസ്മസ് രാത്രിയിൽ പൊലീസിനെ ക്രൂരമായി അക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ എല്ലാവരും പ്രതികളല്ലെന്ന് കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ്. പൊലീസ് അറസ്റ്റ് ചെയ്തവരിൽ 23 പേർ മാത്രമാണ് പ്രതികൾ. മറ്റുള്ളവർ നിരപരാധികളാണെന്നും ഇവരെ ജയിലിലടച്ച പൊലീസിന്‍റെ നടപടി കൊടുംക്രൂരതയാണെന്നും സാബു എം. ജേക്കബ് ആരോപിച്ചു.

തന്നെയും കിറ്റെക്‌സിനെയും ഇല്ലാതാക്കാൻ പട്ടിണിപ്പാവങ്ങളെ തുറങ്കിലടക്കരുത്. നിരപരാധികളായ ഇതരസംസ്ഥാന തൊഴിലാളികളെ പിടിച്ച് ജയിലിലിട്ടത് പൊലീസിന്‍റെ കൊടും ക്രൂരതയാണ്. ഇവരെ തുറന്ന് വിടാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും സാബു എം ജേക്കബ് പറഞ്ഞു.

വളരെ യാദൃശ്ചികമായ ആക്രമണമാണ് നടന്നത്. 164 പേർ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ വെറും 23 പേർ മാത്രമാണ് പ്രതികൾ. മറ്റുള്ളവർ നിരപരാധികളാണ്. 984 പേരാണ് അവിടെ താമസിക്കുന്നത്. 485 പേർ ഇതരസംസ്ഥാന തൊഴിലാളികളാണ്. മൂന്ന് ക്വാർട്ടേഴ്‌സുകളിലെ തൊഴിലാളികളെ പൊലീസ് കൊണ്ടുപോയി. ഹിന്ദിക്കാരെ മാത്രം പൊലീസ് തെരഞ്ഞെടുപിടിച്ചു. 10, 11, 12 ക്വാർട്ടേഴ്‌സിലുള്ളവർ മാത്രമാണ് കുറ്റക്കാരെന്ന് പൊലീസ് എങ്ങനെ മനസ്സിലാക്കി. ഇവരാണ് പ്രതികളെന്ന് പൊലീസ് എങ്ങനെ മനസ്സിലാക്കി.

നിയമം കയ്യിലെടുക്കാൻ കിറ്റെക്‌സ് മാനേജ്‌മെന്‍റ് ആരേയും അനുവദിക്കാറില്ല. ഇവിടെ സൂപ്പർവൈസർക്ക് പോലും തൊഴിലാളികളെ കണ്ടാൽ മനസ്സിലാകില്ല. പിന്നെങ്ങനെയാണ് പൊലീസുകാർക്ക് പ്രതികളെ മനസ്സിലായത്. ഒരു ദൃശ്യവും പൊലീസിന്‍റെ കയ്യിൽ തെളിവായില്ല. നിയമവിരുദ്ധമായി നീങ്ങുന്നവരെ സംരക്ഷിക്കാറില്ല. ഞങ്ങളുടെ അന്വേഷണത്തിൽ 164 പേരിൽ വെറും 23 പേർ മാത്രമാണ് യഥാർഥ പ്രതികൾ. 13 പേരെ തിരിച്ചറിഞ്ഞത് ഞങ്ങളുടെ കാമറയിൽ നിന്നാണ്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് നിരപരാധികളെ പ്രതികളാക്കിയതെന്ന് പൊലീസ് പറയണം -സാബു ആവശ്യപ്പെട്ടു.

കുടുംബത്തെ വിട്ട് ജോലിക്ക് വന്നവരാണ് പലരും. സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് ഇത് കൊണ്ടുപോകരുത്. കമ്പനി അടക്കാൻ ഞാൻ തയാറാണ്. അതാണ് നിങ്ങളുടെ ആവശ്യമെങ്കിൽ തുറന്ന് പറയണമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here