ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും വീടുകളിലും അനൂപി​ന്റെ ഷോപ്പിലും പോലീസ് പരിശോധന. തുടരന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നാളെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കേയാണ് റെയ്ഡ്.

കേസില്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സൃഹത്ത് ബൈജു ചെങ്ങമനാട്, തിരിച്ചറിയാത്ത മറ്റൊരാള്‍ അടക്കം ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും അത് കാണാന്‍ തന്നെ ക്ഷണിച്ചുവെന്നുമാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണണോയെന്ന് ദിലീപ് ചോദിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്് ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പോലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അതിനിടെ, പള്‍സര്‍ സുനി അമ്മയ്ക്ക് അയച്ച കത്തിന്റെ പകര്‍പ്പും കേസില്‍ സാക്ഷിയായ ജിന്‍സണ്‍ എന്നയാളുമായി പള്‍സര്‍ സുനി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഫെബ്രുവരി 16നകം പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശമുണ്ട്. അതിനിടെയാണ് പുതിയ കേസ് ദിലീപിനെതിരെ ഉയര്‍ന്നുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here