കൊച്ചി: റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിൻ്റെ  നിശ്ചലദൃശ്യം ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നാളെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ഫ്ലോട്ടുകൾ സ്ഥാപിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളുടെ ഭാഗമായിട്ടാണ് ശ്രീനാരായണ ഗുരുവിന്റെ  പ്രതിമ മുന്നിൽവെച്ചുള്ള  കേരളത്തിന്റെ നിശ്‌ചല ദൃശ്യത്തിന്‌ കേന്ദ്രം അനുമതി നിഷേധിച്ചത്.

കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് കേരളം റിപ്പബ്ലിക്‌ദിന പരേഡിൽനിന്ന്‌ പുറത്താകുകയും ചെയ്തു. ബോധപൂർവ്വമായ ഈ നീക്കം സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്. ഗുരുവിനെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നടപടി. മനുഷ്യർക്കിടയിൽ വിഭജനം ഇളക്കിവിടുന്ന ജാതിചിന്തയ്‌ക്കും അനാചാരങ്ങൾക്കും വർഗീയവാദത്തിനുമെതിരെ ഗുരു പകർന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും ആശയങ്ങൾ കൂടുതൽ ജനങ്ങളിൽ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്.

രാജ്യത്ത്‌ നിലവിലുള്ളത്‌ മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയാണ്‌. നൂറ്റാണ്ടുകൾക്കുമുമ്പ്‌ ചോദ്യങ്ങൾ നേരിട്ട ഫ്യൂഡൽ പാരമ്പര്യം പിന്തുടരുന്നതിനാലാണ് ഗുരുപ്രതിമ അടങ്ങിയ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിക്കാൻ തയ്യാറായത്. ലോകം കണ്ട മഹാനായ സാമൂഹ്യ പരിഷ്കർത്താവിനെ, തത്വചിന്തകനെ അവഹേളിച്ച മോദി സർക്കാർ പുരോഗമന സമൂഹത്തിന് അപമാനമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here