അബുദാബി: പ്രവാസി പ്രശ്നങ്ങളിൽ രാഷ്ട്രീയം മറന്ന് മുന്നിൽനിന്ന് നയിക്കുകയും ജീവകാരുണ്യ പ്രവൃത്തികളിൽ  ആയിരങ്ങൾക്കു തണലാവുകയും ചെയ്ത ജനകീയ നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കൊല്ലം അഞ്ചുകല്ലുംമൂട് സ്വദേശി നൗഷാദ് പുന്നത്തല. 36 വർഷം യുഎഇയുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

ഇടതുപക്ഷ സഹയാത്രികനായിരുന്നിട്ടും വിദേശമലയാളികളുടെ വിഷയങ്ങളിൽ പ്രവാസി എന്നതായിരുന്നു നൗഷാദിന്റെ രാഷ്ട്രീയം. വിദേശ വിമാന കമ്പനികൾക്ക് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താനുള്ള അനുമതിക്കായും യൂസേഴ്സ് ഫീ മാറ്റുക, എമിഗ്രേഷൻ പീഡനം, വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുക തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ കൊടിയുടെ നിറം നോക്കാതെ സമരം നടത്തി പ്രശ്നപരിഹാരം നേടുന്നതിൽ ഐക്യവേദിയുടെ മുന്നിലുണ്ടായിരുന്നു നൗഷാദ്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും നയതന്ത്ര കാര്യാലങ്ങളുടെയും മുൻപാകെ പ്രവാസി പ്രശ്നങ്ങൾ അവതരിപ്പിക്കുകയും മുഖംനോക്കാതെ വിമർശിക്കുകയും ചെയ്യുന്നതിൽ കണിശത കാട്ടി. സ്വന്തം പണം മുടക്കി പ്രവാസി ഭാരതീയ ദിവസിലെത്തി പ്രശ്നങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. നയതന്ത്ര കേന്ദ്രങ്ങൾ സാധാരണക്കാർക്കു കയറിച്ചെല്ലാവുന്ന ഇടമാക്കുന്നതിലും യത്നിച്ചു.

ജനങ്ങളുടെ  പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം തേടുന്നതിൽ അദ്ദേഹത്തിന് പ്രത്യേക വൈഭവമായിരുന്നു. വിവിധ മേഖലകളിലെ ജനങ്ങളുമായുള്ള ബന്ധവും അതിന് കരുത്തായി. മാള ഇരട്ടക്കൊലപാതകത്തിലെ ഇരകളുടെ കുടുംബത്തോടൊപ്പം നീതിക്കുവേണ്ടിയും പോരാടി. ചികിത്സാർഥം നാട്ടിലേക്കു പോയപ്പോഴും പ്രവാസി വിഷയങ്ങൾ ഫോണിൽവിളിച്ച് മാധ്യമപ്രവർത്തകരെ അറിയിക്കുമായിരുന്നു.

യുഎഇയിൽ സംഘടനകൾ അപൂർവമായിരുന്ന സമയത്ത് ജനങ്ങൾക്ക് ആശ്രയമായിരുന്ന നൗഷാദ് പ്രവാസിമനസ്സിൽ മായാതെ നിൽക്കുമെന്നും വിയോഗം പ്രവാസ ലോകത്തിന് വലിയ നഷ്ടമാണെന്നും സഹപ്രവർത്തകരും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here