കൊച്ചി :  കോവിഡ്മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കു നൽകുന്ന എക്സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള നടപടികൾ ജില്ലയിൽ വേഗത്തിലാക്കുവാൻ തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ എന്നിവർക്ക് ജില്ലാ കളക്ടർ ജാഫർ മാലിക് നിർദേശം നൽകി. എക്സ് ഗ്രേഷ്യ ധനസഹായത്തിന് ഇനിയും അപേക്ഷിക്കുവാനുള്ളവർ അടുത്തുള്ള അക്ഷയകേന്ദ്രങ്ങളിലെത്തി അപേക്ഷ നൽകണമെന്നും കളക്ടർ അഭ്യർഥിച്ചു. വില്ലേജ് ഓഫീസർമാർ എല്ലാവിധ സഹായങ്ങൾ നൽകുമെന്നും കളക്ടർ അറിയിച്ചു.

    എറണാകുളം ജില്ലയിൽ 6198 പേരാണ് കോവിഡ്മൂലം മരിച്ചത്. ഇതിൽ 3900 അപേക്ഷകൾ മാത്രമാണ് എക്സ് ഗ്രേഷ്യ ധനസഹായത്തിനു ലഭിച്ചത്. അടുത്ത രണ്ടുദിവസത്തനകം 100 ശതമാനം പേരെക്കൊണ്ടും എക്സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷ നൽകുന്നതിനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു.    കൂടുതൽ പേരെക്കൊണ്ട് അപേക്ഷിപ്പിക്കുന്നതിന് വാർഡ് അംഗങ്ങൾ, ആശാ പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ വില്ലേജ് ഓഫീസർമാർ നടപടി സ്വീകരിക്കുവാനും കളക്ടർ നിർദേശിച്ചു. അപേക്ഷിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക് വില്ലേജ് ഓഫീസർമാർ ആവശ്യമായ സഹായം നൽകണം. എക്സ്ഗ്രേഷ്യ ധനസഹായം ആവശ്യം ഇല്ലാത്തവർ ഉണ്ടെങ്കിൽ അക്കാര്യം അവരിൽ നിന്ന് എഴുതിവാങ്ങണം.

    ലഭിച്ച അപേക്ഷകളിൽ ചെറിയ കാര്യങ്ങളുടെ പേരിൽ അപേക്ഷ മാറ്റിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യരുത്. കോവിഡ് മരണ സർട്ടിഫിക്കറ്റിനായി കാത്തിരിക്കേണ്ടതില്ല.  പോർട്ടലിൽ കോവിഡ് മരണ സർട്ടിഫിക്കറ്റ് നമ്പർ പരിശോധിച്ച് വിവരങ്ങൾ കൃത്യമാണോ എന്ന് വില്ലേജ് ഓഫീസർമാർ ഉറപ്പാക്കുക. ലീഗൽ ഹയർ സർട്ടിഫിക്കറ്റിനായും നിർബന്ധിക്കേണ്ടതില്ല. ബന്ധം തെളിയിക്കുന്ന റേഷൻ കാർഡിന്റെ പകർപ്പ് മതിയാകും. കൂടാതെ വാർഡ് അംഗങ്ങൾ, ആശാ പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ അനന്തരവകാശികളെകുറിച്ച് വിവരം അറിയാം.

     എക്സ്ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കാൻ കോവിഡ് മരണം സംഭവിച്ചരുടെ അടുത്ത ബന്ധുക്കളെ നെഹ്റു യുവ കേന്ദ്ര വാളന്റിയർമാരുടെ സഹായത്തോടെ അറിയിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.  

LEAVE A REPLY

Please enter your comment!
Please enter your name here