ഇന്നു മുതൽ പുതിയ പേരിൽ 


കേരളാ ടൈംസിൽ ‘പ്രതിദിന കുറിപ്പുകൾ’  എന്ന കോളം ഒരു വർഷം തികയുകയാണ്. 2021 ഫെബ്രുവരി 6 നാണ് കേരള ടൈംസിന്റെ കേരള ചീഫ്  കറസ്പോണ്ടന്റ് രാജേഷ് തില്ലെങ്കേരി ഈ  രാഷ്ട്രീയ വിശകലന പംക്തി ആരംഭിച്ചത്. രാഷ്ട്രീയത്തിന് പുറമെ  സാമൂഹ്യ വിഷയങ്ങളും മറ്റ് ആനുകാലിക വിഷയങ്ങളും ഈ പംക്തിയിൽ  കൈകാര്യം ചെയ്തു.


നിരവധി വിവാദ വിഷയങ്ങളും ഈ കോളത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കേരളാ ടൈംസ് ചർച്ചയ്ക്കുവച്ച  ചില രാഷ്ട്രീയ കാഴ്ചപ്പാടുകൾ പിന്നീട് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും  വഴിവച്ചിട്ടുണ്ട്. ഒരു വർഷക്കാലം ഈ പംക്തിക്ക് നൽകിയ സ്വീകാര്യത ഏറെ സ്നേഹത്തോടെയും നന്ദിയോടെയും ഓർക്കുകയാണ്.  എല്ലാ മാന്യ വായനക്കാരോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. തുടർന്നും എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു.


ഈ ആഴ്ചമുതൽ വാർത്താ അപഗ്രഥനക്കുറിപ്പുകൾ എന്ന പേരിലായിരിക്കും ഈ പക്തി തുടരുക.


പത്രാധിപർ
കേരളാ ടൈംസ്






രാജേഷ് തില്ലങ്കേരി


 മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ അതിബുദ്ധിമാനാണെന്നതിൽ ആർക്കും സംശയമുണ്ടാവില്ല.  വെറും ബുദ്ധിമാൻ മാത്രമല്ല; കഠിനാധ്വാനികൂടിയാണ് അദ്ദേഹമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല, എന്നാൽ അതിബുദ്ധി അപകടമെന്ന പഴഞ്ചൊല്ലാണിപ്പോൾ ശിവശങ്കറിന്റെ കാര്യത്തിൽ പറയേണ്ടത്. അദ്ദേഹത്തിന്റെ വർക്ക്ഹോളിസത്തിന്റെ യഥാർത്ഥ ചിത്രവും പുറത്തുവരികയാണ്. അല്ല; അദ്ദേഹത്തിന്റെ തന്നെ  ‘ലൈഫ് കമ്പാനിയൻ’ ആയിരുന്ന സ്വപ്ന സുരേഷ് തന്നെയാണ് അദ്ദേഹത്തിന്റെ യഥാർത്ഥ ചിത്രം പുറത്തു വിട്ടരിക്കുന്നത്.ദിലീപ് കേസ് നിത്യ ചർച്ചയായി മാറിയപ്പോൾ കേരളം പണ്ട്  ഏറെ ചർച്ച ചെയ്തു കൂട്ടിയ സ്വർണക്കേസിന്റെ മാറ്റ് കുറഞ്ഞിരിക്കെയാണ് പുതിയ വിവാദങ്ങൾ വീണ്ടും പൊടിതട്ടി പുറത്തുവരുന്നത്.

സ്വർണക്കടത്ത് കേസിൽ സ്വപ്നാ സുരേഷ് തന്നെ ചതിക്കുകയായിരുന്നു എന്നാണ് എം ശിവശങ്കർ സാറിന്റെ  പുതിയ വെളിപ്പെടുത്തൽ. ഇത് ഇത്രയും പൊല്ലാപ്പാവുമെന്ന് ഈ വർക്കുഹോളിക്ക് സാർ ഓർത്തുകാണില്ല. കഴിഞ്ഞദിവസം പുറത്തിറങ്ങിയ എം ശിവശങ്കരൻ സാറിന്റെ അശുദ്ധാത്മാവ് വെറും ആനയാണ്  ആത്മകഥയിലാണ് സ്വപ്നയുടെ ഈ ‘ ചതി ‘ യെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. എന്നാൽ ചതിയിൽ വഞ്ചന കാട്ടിയത് താനല്ല ശങ്കേരേട്ടനാണെന്നാണ് നിഷ്‌ക്കളങ്കയായ സ്വപ്ന ചേച്ചി തുറന്നടിച്ചത്. ചതിച്ചത് ശിവശങ്കർ സാറാണെന്നും, തന്നെ ശരിക്കും ചൂഷണം ചെയ്യുകയാണ് ശിവശങ്കർ ചെയ്തതെന്ന വെളിപ്പെടുത്തലുമായാണ്  സ്വപ്ന സുരേഷ് രംഗത്തെത്തിയിരിക്കുന്നത്.  ഇത്ര പെട്ടെന്ന് സ്വപ്ന പ്രതികരണവുമായി എത്തുമെന്ന് ശിവശങ്കർ ഫാൻസും കരുതിക്കാണില്ല.

സ്വർണക്കേസിൽ ഉൾപ്പെട്ട് ജയിലിൽ പോയ ശിവശങ്കറെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. എന്നാൽ അതിവേഗം സർവ്വീസിൽ തിരിച്ചെത്താൻ എം ശിവശങ്കരൻ എന്ന ഉന്നതനായ ഐ എ എസുകാരന് സാധിച്ചു. പുറത്തു പോവുമ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും, ഐ ടി സെക്രട്ടറിയുമായിരുന്നു ശിവങ്കർ. ഇപ്പോൾ സ്പോർട്സ് വകുപ്പിന്റെ തലവനാണ്.

വിവാദങ്ങളിൽ ഉൾപ്പെടുന്നവർ അകത്തുപോയി തിരിച്ചു വന്നാൽ ഇപ്പോൾ പുസ്തകമെഴുതുന്നത് ഒരു രീതിയാണ്. സത്യം തുറന്നു പറഞ്ഞാൽ കോടതിയും നാട്ടുകാരും വിശ്വസിക്കില്ലെന്നു കണ്ടാൽ പിന്നെ പുസ്തകമെഴുതുകയല്ലാതെ വേറെ തരമില്ലല്ലോ. വിസയും സ്വപ്നയും സ്വർണവും ചില പൈങ്കിളിയുമൊക്കെയായാന്നെന്നു കരുതി പലരും ചൂടോടെ വാങ്ങി വായിക്കും. എന്നാൽ ശിവശങ്കർ എഴുതിയത് തന്റെ നിഷ്‌കളങ്കത ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശം വച്ച് മാത്രമാണ്. പുസ്തകം വായിച്ചാൽ അദ്ദേഹത്തിന്റെ തലമുടി പോലെ നല്ല വെളുത്ത പാവം ഐ.എ.എസ് കാരനെ സ്വപ്ന  മനഃപൂർവം കെണിയിൽ വീഴ്ത്തിയതാണെന്ന് ആരും വിശ്വസിച്ചുപോകും. എന്നാൽ ശിവശങ്കറിന്റെ വിശദീകരണങ്ങൾ ആളുകൾ വായിച്ചറിയും മുൻപ് തന്നെ സ്വപ്ന ആദ്യ വെടി പൊട്ടിച്ചു.അതും വിനു വി. ജോണിന്റെ മുൻപിൽ.

തനിക്കെതിരെ പുസ്തകത്തിൽ വന്ന ഓരോ ആരോപണങ്ങളുടെയും മുന ഓടിക്കുന്ന മറുപടിയുമായാണ് സ്വപ്‌ന ശിവശങ്കറിനെതിരെ ആഞ്ഞടിച്ചത്. തീരുന്നില്ല . ഇതൊരു സാമ്പിൾ വെടി മാത്രമാണെന്നാണ് സ്വപ്ന നൽകുന്ന സൂചന. താൻ പുസ്തകമെഴുതിയിൽ ശിവശങ്കരൻ ശരിക്കും നാ റുമെന്നാണ്  സ്വപ്നയുടെ ഭീഷണി. ഏതായാലും വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞ അവസ്ഥയായി ശങ്കരന്റേത്.

 താൻ ഒരു തെറ്റും ചെയ്തിരുന്നില്ലെന്നും, എല്ലാ തെറ്റുകളും ചെയ്തത് സ്വപ്നാ സുരേഷ് മാത്രമാണെന്നും പൊതു ജനത്തെ ബോധ്യപ്പെടുത്താനായി ഒരു ശ്രമം നടത്തി നോക്കിയതാണ്  ശിവശങ്കരൻ സാർ… വല്ലാത്തൊരു പെടലിൽ പെട്ടിരിക്കയാണ്  പാവം ഗ്രന്ഥകര്ത്താവ് ഇപ്പോൾ. സസ്പെൻഷൻ കാലത്ത് സമയം കളയാനായി എഴുതിയ പുസ്തകമാണ് ‘ അശ്വത്ഥാമാവ് വെറും ആനയല്ല’  എന്നത്. സ്വർണക്കടത്ത് കേസ്, വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ കൈപ്പറ്റിയ കേസ്, തുടങ്ങിയവയെല്ലാം സ്വപ്ന ഉണ്ടാക്കിയതാണെന്നും, എനിക്കൊന്നും അറിയില്ലായിരുന്നുവെന്നുമാണ് എം ശിവശങ്കർ തന്റെ പുസ്തകത്തിൽ പറയുന്നത്. ഞാനൊരു പാവം ജനസേവകനായ ഐ.എ.എസുകാരൻ.

സ്വപ്നയുടെ വീട്ടിൽ പോയത് ഭക്ഷണം കഴിക്കാനായിരുന്നു എന്നാണ് ശിവശങ്കർ പറയുന്നത്.  എന്നാൽ വെറും ഭക്ഷണം കഴിപ്പു മാത്രമായിരുന്നില്ലെന്നും തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു ശിവശങ്കറെന്നുമാണ് സ്വപ്ന വെളിപ്പെടുത്തുന്നത്. സ്വപ്നയുടെ ഭാഷയിൽ പറഞ്ഞാൽ ലൈഫ്‌ന കമ്പാനിയൻ. ശിവശങ്കർ പറയുന്നതുപോലെ ഇരുവരും തമ്മിൽ ഒരു ഐ ഫോൺ ബന്ധം മാത്രമല്ലെന്നും, മൂന്നു വർഷത്തിനിടയിൽ നിരവധി സമ്മാനങ്ങൾ കൊടുത്തിട്ടുണ്ടെന്നും, നിരവധി യാത്രകൾ ഒരുമിച്ച് നടത്തിയിട്ടുണ്ടെന്നുമാണ് സ്വപ്ന പറയുന്നത്.

ആരെ ബോധ്യപ്പെടുത്താനാണ് ഈ പുസ്തകമെഴുതിയതെന്നാണ് സ്വപ്നയുടെ ചോദ്യം. ഇതേ ചോദ്യമാണ് പൊതു ജനവും ചോദിക്കുന്നത്. ഇനിയിപ്പോ ആ പുസ്തകം വാങ്ങിക്കാതെ മു്ന്നോട്ട് പോവാനാവില്ലല്ലോ.

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസ് പുറത്തു വന്നതിന് ശേഷം ഊട്ടിയിലെ കുതിരയെപോലെയാണ് ഞാൻ മുന്നോട്ട് പോയതെന്നും, എല്ലാം ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ് താൻ മുന്നോട്ട് പോയത്. എനിക്ക് സ്വന്തമായി ഒന്നും ചെയ്യാമായിരുന്നില്ല. ശിവശങ്കറിന്റെ നിർദ്ദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കുക മാത്രമാണ് ചെയ്തതെന്നാണ് സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്.   തൻറെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തിൽ ആത്മകഥയിൽ എഴുതിയെങ്കിൽ അത് മോശമാണ്. ശിവശങ്കർ തൻറെ ജീവിതത്തിൻറെ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിൻറെ നിർദ്ദേശ പ്രകാരമാണ്. അനധികൃത ഇടപാടുകൾ ശിവശങ്കർ അറിഞ്ഞുകൊണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതോടെ ഒരു രക്തസാക്ഷി പരിവേഷം ഉണ്ടാക്കാൻ ശ്രമിച്ച ശിവശങ്കർ കൂതുടൽ പ്രതിരോധത്തിലാവുകയാണ്.

യു എ ഇ കോൺസുലേറ്റിലെ അനധികൃത ഇടപാടുകൾ ശിവശങ്കറിന് അറിയാം.  അതിനാൽ ജോലി മാറാൻ അദ്ദേഹം നിർദ്ദേശിച്ചിരുന്നു. സ്പെയ്സ് പാർക്കിൽ ജോലി നേടിയതും ശിവശങ്കറിൻറെ നിർദ്ദേശ പ്രകാരമാണ്. ഐ ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്ന വാദം തെറ്റാണെന്നും സ്വപ്ന പറഞ്ഞു. സ്പെയ്സ് പാർക്കിൽ ജോലി നേടാൻ ശുപാർശ ചെയ്തത് ശിവശങ്കറാണ്. എൻറെ കഴിവ് കണ്ടാണ് ജോലി തന്നത്. അല്ലാതെ ഡിഗ്രി കണ്ടെന്നും സ്വപ്ന വ്യക്തമാക്കി. താൻ ചതിച്ചെന്ന് ശിവശങ്കർ പറയുമെന്ന് കരുതിയില്ലെന്നും തൻറെ വ്യക്തിത്വം ചോദ്യം ചെയ്ത് ആരും ക്ലീൻ ചീറ്റ് നേടേണ്ടെന്നും സ്വപ്ന പറഞ്ഞു. താൻ മാത്രം നല്ലത് എന്ന് വരുത്താൻ ശ്രമിക്കുന്നത് നല്ലതാണോ എന്നും സ്വപ്ന ചോദിച്ചു. തന്നെ ചൂഷണം ചെയ്തു. താൻ ഇരയാണെന്നു സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചു.

എൻ ഐ എയെ കൊണ്ടുവന്നതും എന്നെ കുരുക്കിയതും എം ശിവശങ്കറിന്റെ ബുദ്ധിയായിരുന്നു. കസ്റ്റംസ് തടഞ്ഞുവച്ച കാര്യം ശിവശങ്കരന് അറിയാമായിരുന്നു. ഒരു സ്ത്രീ മാത്രം വിചാരിച്ചാൽ ഇവിടേക്ക് സ്വർണം ഇറക്കാൻ പറ്റുമോ എന്നായിരുന്നു സ്വപ്നയുടെ ചോദ്യം ?

ശിവശങ്കറുമായി അടുപ്പത്തിലായിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നത് കണ്ണടച്ച് അതേപോലെ ചെയ്യുമായിരുന്നു. ആ കാലത്ത് എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം. കോൺസുലേറ്റിൽ നിന്ന് എന്നോട് മാറാൻ പറഞ്ഞതും സ്പേസ് പാർക്കിൽ ജോലി ശരിയാക്കിയതും അദ്ദേഹമാണെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. എനിക്ക് പ്രൈസ് വാട്ടർ കൂപ്പർ എന്ന കമ്പനിയുമായി നേരിട്ട് ഒരു ബന്ധവുമില്ലായിരുന്നു.

 ശിവശങ്കർ വി ആർ എസ് എടുത്ത് ദുബൈയിൽ ജീവിക്കാൻ പ്ലാൻ ചെയ്തിരുന്നു. പൊതുജനത്തെ വിശ്വസിപ്പിക്കാൻ എന്തെങ്കിലും പറയാനാണെങ്കിൽ താനും പുസ്തകം എഴുതാമെന്നും സ്വപ്ന പറഞ്ഞു.

ശിവശങ്കർ വെളുക്കാൻ തേച്ചതാണീ പുസ്തകം, അത് പാണ്ടായി മാറുകയാണ്. എല്ലാം ശിവശങ്കർ എഴുതിയിട്ടില്ലെന്നാണ് സ്വപ്ന പറയുന്നത്. ശിവശങ്കർ സാർ എഴുതാൻ വിട്ടത്  ഇനിയിപ്പോൾ സ്വപ്നയുടെ പുസ്‌കത്തിലൂടെ  വായിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ജനം. എന്തെല്ലാം അന്തപുര നാടകങ്ങളാണ് നാമിനി കാണേണ്ടിവരികയെന്റെ പൊന്നിൻമല മുത്തപ്പാ….


കെ റെയിലിൽ  കേന്ദ്രത്തിന്റെ ചുവപ്പുകൊടി

കാസർക്കോടു നിന്നും തിരുവനന്തപുരത്തേക്ക് നാല് മണിക്കൂർ….കണ്ണൂരിൽ നിന്നും മൂന്നര മണിക്കൂർ…..ഇങ്ങനെ കേൾക്കാൻ തുടങ്ങിയിട്ട് മാസം മൂന്നായി. കെ റെയിലിന് കേന്ദ്ര സർക്കാരിന്റെയും റെയിൽവേയുടെയും അനുമതിയുണ്ടെന്നായിരുന്നു കേരള സർക്കാരിന്റെ വാദം. ഡി പി ആർ പുറത്തുവിടണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചപ്പോഴും സർക്കാരിന് പുച്ഛമായിരുന്നല്ലോ, കടുത്ത പുച്ഛം. അടിമുടി ദുരൂഹമായിരുന്നു കെ റെയിൽ പദ്ധതി. ഭീഷണിപ്പെടുത്തി ഭൂമിയെടുക്കാനും ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുമാണ് കെ റെയിലിൽ വണ്ടിയോടിക്കാൻ പിണറായി സർക്കാർ തീരുമാനമെടുത്തത്.

എന്ത് വന്നാലും കെ റെയിൽ നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി. ആരെതിർത്താലും കെ റെയിൽ നടപ്പാക്കും, ഇവിടെ ആരും വികസനത്തെ തടയാം എന്നു കരുതേണ്ട…. എന്നായിരുന്നു സി പി എമ്മിന്റെ പ്രമുഖ നേതാക്കളുടെ പ്രതികരണം.
കെ റെയിൽ കേരളത്തെ തകർക്കുമെന്ന് നേരത്തെ തന്നെ യു ഡി എഫ് പ്രഖ്യാപിച്ചിരുന്നു. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ കെ റെയിലിനെതിരെ ശക്തമായ നിലപാടെടുത്തതോടെ പദ്ധതിയിൽ രാഷ്ട്രീയം കലർന്നു.

22 വർഷം മുൻപ് കേരളത്തിൽ പ്രഖ്യാപിച്ച എക്സ്പ്രസ് വേയെ തകർത്തത് സി പി എമ്മും ഇടത് ബുദ്ധിജീവികളുമായിരുന്നു എന്നാണ് ആരോപണം. കെ റെയിലിന്റെ കാര്യത്തിലും ഇടത് ബുദ്ധിജീവികളിൽ ഏറെപേരും എതിരാളികളായി രംഗത്തുണ്ടത്രേ… അതൊക്കെ നമുക്ക് സഹിക്കാം, എന്നാൽ സി പി ഐയുടെ കാര്യം നോക്കൂ, ഭരണവും സമരവും ഒരുമിച്ച് കൊണ്ടു പോകാനുള്ള നീക്കത്തിലാണ് സി പി ഐ. വലതു കമ്യൂണിസ്റ്റ് പാർട്ടിയെന്നാണ് സി പി ഐയ്ക്കുള്ള ദുഷ് പേര്. അത് എന്തായാലും മാറില്ലല്ലോ. സി പി എം നടപ്പാക്കാൻ തീരുമാനിച്ച കെ റെയിലിനെതിരെ സി പി ഐക്ക് താല്പര്യമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാണ്. എന്നാൽ പരസ്യമായി അക്കാര്യം പറഞ്ഞില്ലെന്നുമാത്രം.

കെ റെയിൽ കേരളത്തിന്റെ പാരിസ്ഥിക മേഖലയെ ആകെ തകർക്കുമെന്നായിരുന്നു ഉയർന്ന പ്രധാന ആരോപണം. എന്നാൽ എന്ത് പാരിസ്ഥികാഘാതമാണെങ്കിലും അതെല്ലാം പാർട്ടി ഏറ്റെടുക്കുമെന്നായിരുന്നു ഇ പി ജയരാജൻ, എം എം മണി, വിജയരാഘവൻ തുടങ്ങിയ പോരാളികളുടെ പരസ്യപ്രതികരണം. ആദ്യമൊക്കെ ആരും സഹകരിച്ചില്ലെങ്കിലും കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് വീരവാദം നടത്തിയ സർക്കാർ സ്ഥലത്തെ ദിവ്യന്മാരെ വിളിച്ചുകൂട്ടി കെ റെയിലിനെ കുറിച്ച് പാടി പുകഴ്ത്താൻ ചട്ടം കെട്ടി. എന്നാൽ പൗര പ്രമുഖരുടെ അനുമതിയല്ല ഇത്തരം പദ്ധതികൾക്ക് വേണ്ടതെന്നും കേന്ദ്രസർക്കാർ, റെയിൽവെ പരിസ്ഥിതി മന്ത്രാലയം തുടങ്ങിയവയിൽ നിന്നാണ് അനുമതി വാങ്ങേണ്ടതെന്നും സർക്കാരും സി പി എമ്മും മറന്നു.

കേരളം ഒരു സ്വതന്ത്ര രാജ്യമാണെന്ന് ഒരു പക്ഷേ, സി പി എമ്മിന് തോന്നിക്കാണുമോ ആവോ…

കെ ടി ജലീലിനെ അറിയില്ലെന്ന് സി പി എം

=
കെ ടി ജലീൽ മലപ്പുറം സുൽത്താനാണെന്നാണ് അദ്ദേഹത്തിന്റെയും അനുയായികളുടെയും വിചാരം. എന്തും പറയും, ആരെയും അക്രമിക്കും. മുസ്ലിം ലീഗിൽ നിന്നാണ് പരിശീലനം കിട്ടിയത്. പി കെ കുഞ്ഞാലിക്കുട്ടിയാണ് പ്രധാന എതിരാളി. പഴയ സിമിക്കാരനായ കെ ടി ജലീലിന് എല്ലാറ്റിലും തീവ്രത കൂടുതലാണെന്ന് മലപ്പുറത്തുകാർക്ക് നല്ലതുപോലെ അറിയാം.

കെ ടി ജലീൽ ഇടത് പാളയത്തിൽ എത്തിയിട്ട് വർഷം ഏറെയായി. കഴിഞ്ഞ തവണ കെ ടി ജലീൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതും മലപ്പുറത്തെ ലീഗിന്റെ പ്രധാന എതിരാളിയെന്ന നിലയിലാണ്. ബന്ധു നിയമന വിവാദത്തിൽ പെട്ട് അവസാന നാളിൽ മന്ത്രിപ്പണി ഉപേക്ഷിച്ച് ഓടി രക്ഷപ്പെടേണ്ടിവന്നതോടെ ജലീൽ ആകെ അസ്വസ്ഥനാണ്. വെങ്ങരയിലെ ഒരു സഹകരണ ബാങ്കിൽ കുഞ്ഞാപ്പക്കും മകനുമായി വൻ കള്ളപ്പണ നിക്ഷേപമുണ്ടെന്നായിരുന്നു കെ ടി ജലീലിന്റെ വെടിപൊട്ടിക്കൽ, ആദ്യം പി കെ കുഞ്ഞാലിക്കുട്ടിയെ പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തി രംഗത്തിറങ്ങിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണുരുട്ടിയതോടെ ജീൽ തൽക്കാലം പിൻവാങ്ങുകയായിരുന്നു. പിന്നെ വെങ്ങരയിലെ ബാങ്കുമില്ല, അനധികൃത നിക്ഷേപവുമില്ലെന്ന് പ്രഖ്യാപിച്ച് ആൾ തടിതപ്പി.

ഇപ്പോഴാവട്ടെ ലോകായുക്തയെ കടന്നാക്രമിച്ചാണ് കെ ടി ജലീൽ രംഗത്തെത്തിയത്. കെ ടി ജലീൽ അംഗമായിരുന്ന ഒന്നാം പിണറായി സർക്കാരാണ് ലോകായുക്തയായി ജസ്റ്റിസ് സിറിയക് ജോസഫിനെ നിയമിച്ചത്. അദ്ദേഹത്തെയാണ്  വ്യക്തിപരമായി കടന്നാക്രമിച്ചുകൊണ്ട്  കെ ടി ജലീൽ വിവാദത്തിന് തുടക്കം കുറിച്ചത്.


ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള ഓർഡിനൻസുമായി സി പി എം മുന്നേറുന്നതിനിടയിലാണ് ലോകായുക്ത അഴിമതിക്കാരനാണ് എന്നും, കൊള്ളരുതാത്തവനാണ് എന്നും പ്രഖ്യാപിച്ച് കെ ടി ജലീൽ രംഗത്തെത്തിയത്. പണം കൊടുത്താൽ എന്തും ചെയ്യുന്ന ന്യായാധിപനാണ് ലോകായുക്തയായി പ്രവർത്തിക്കുന്ന സിറിയക് ജോസഫ് എന്നാണ് കെ ടി ജലീലിന്റെ പ്രധാന ആരോപണം. ഇതിനിടയിലാണ് മന്ത്രി ആർ ബിന്ദു വിനെതിരെയുള്ള രമേശ് ചെന്നിത്തലയുടെ ഹരജി ലോകായുക്ത പരിഗണിച്ചത്. മന്ത്രി ആർ ബിന്ദു കുറ്റക്കാരിയല്ലെന്നും, കണ്ണൂർ വി സി നിയമനത്തിൽ മന്ത്രി കുറ്റകരമായ ഒന്നും ചെയ്തിട്ടില്ലെന്നും ലോകായുക്ത വിധിച്ചു. 
 
നിയമത്തെ  നിയമപരമായി മാത്രം കാണുന്ന  ഈ ലോകായുക്തയെയാണ് പണം കൊടുത്താൽ എന്തും ചെയ്യുന്ന ന്യായാധിപനെന്ന് കെ ടി ജലീൽ ആരോപിച്ചത്. സി പി എമ്മിന് അത് സഹിക്കാനായില്ലെന്നു മാത്രമല്ല, കെ ടി ജലീൽ നടത്തുന്ന ആരോപണങ്ങളെല്ലാം വ്യക്തിപരമാണെന്ന് സി പി എം പത്രപ്രസ്താവന നടത്തിയിരിക്കയാണ്. പാർട്ടിക്ക് ഈ കെ ടി ജലീലിനെ അറിയില്ലെന്ന് സാരം. എളാപ്പയുടെ ചീട്ട് പിണറായി സഖാവ് കീറിയെന്ന് സാരം.  പാർട്ടിയിൽ കെ ടി ജലീൽ എന്നൊരു മെമ്പർ ഇല്ലല്ലോ…. അഥാണ് സത്യം സഖാക്കളെ , കെ ടി ജലീലിനെയൊന്നും നിങ്ങൾ മൈൻഡ് ചെയ്യേണ്ട….
വിപ്ലവം ജയിക്കട്ടെ.


ബി ജെ പി വോട്ടുകൾ ഒന്നിപ്പിക്കുമെന്ന് സി പി എം കടര്

രാജ്യത്ത് ബി ജെ പി വോട്ടുകൾ ഏകോപിക്കാനുള്ള നീക്കമായിരിക്കും ഇനി സി പി എം കൈക്കൊള്ളുക. കോൺഗ്രസിനെക്കൊണ്ട് അതൊന്നും നടക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സി പി എം ആ ചുമതല ഏറ്റെടുക്കുന്നത്. ബി ജെ പിക്ക് ബദലാവാൻ കോൺഗ്രസിന് ആവില്ലെന്ന് നേരത്തെ മനസിലാക്കിയ സി പി എം ഏപ്രിൽ മാസം കഴിയുന്നതോടെ രാജ്യത്ത് ബി ജെ പി ക്കെതിരെ ഒരു ജനകീയ മുന്നണി രൂപീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലുമുള്ള പ്രാദേശിക പാർട്ടികളെ കൂടെകൂട്ടി ബി ജെ പിയെ അധികാരത്തിൽ നിന്നും താഴെയിറക്കും. എന്തു നല്ല നടക്കാത്ത സ്വപ്നം.

കേരളത്തിലെ മുഖ്യ എതിരാളി കോൺഗ്രസാണെന്നു കരുതി രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസിനോട് എന്തിനാണ് ഇത്രയേറെ അകൽച്ചയെന്നു ചോദിക്കണമെന്ന് സീതാറാം യച്ചൂരിക്ക് താല്പര്യമുണ്ട്. എന്നാൽ കേരളത്തിൽ നിന്നും വരുന്ന ചില്ലറകൊണ്ട് നടത്തിക്കൊണ്ടുപോവുന്ന പാർ്ട്ടിയാണ് തന്റേതെന്ന് നിശ്ചയമുള്ളതിനാൽ സഖാവ് മുഷ്ടിചുരുട്ടി ഇങ്കിലാബ് വിളിച്ച് തന്റെ പ്രതിഷേധം അവസാനിപ്പിച്ചുവത്രേ…

കേരളത്തിൽ നടക്കുന്ന പാർട്ടി കോൺഗ്രസോടെ സി പി എം ഒരു കേരളാ പാർട്ടിയായി മാറും. അതോടെ  ശത്രു കോൺഗ്രസ് മാത്രമാവും, അതാണ് പാർട്ടി കോൺഗ്രസിലൂടെ വരാൻ പോവുന്ന മാറ്റം.

സഖാവ് കാനം….? ശരിക്കും  ഇതൊക്കെ സത്യമാണോ ?


കാനം രാജേന്ദ്രനെ നമ്മൾ കേരളീയർ ഏറെ തെറ്റിദ്ധരിച്ചിരുന്നു, കാരണം സി പി എം എടുക്കുന്ന എല്ലാ തീരുമാനങ്ങളും തലകുലുക്കി സമ്മതിക്കുന്ന സി പി ഐ സംസ്ഥാന സെക്രട്ടറിയെന്നായിരുന്നു കാനത്തെ നാമെല്ലാം കരുതിയത്. എന്നാൽ കാനം അങ്ങിനെയൊരു നേതാവല്ലെന്ന് കാലം തെളിയിച്ചിരിക്കയാണ്. പിണറായി പറയുന്നത് തലകുലുക്കി സമ്മതിക്കുന്നതല്ല ഞങ്ങളുടെ പാർട്ടിയുടെ രീതിയെന്ന് ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കയാണ് കാനം.
ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനുള്ള ഓർഡിനൻസാണ് കാനം മുഖം നോക്കാതെ എതിർത്തത്. രണ്ട് കാര്യങ്ങളിലാണ് സി പി ഐക്ക് എതിർപ്പ്. ഒന്ന് ഓർഡിനൻസിറക്കാൻ തീരുമാനിച്ചപ്പോൾ മുന്നണിയിൽ ചർച്ച ചെയ്തില്ല, രണ്ട് ലോകായുക്തയെ ദുർബലപ്പെടുത്താനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. മന്ത്രി സഭയിൽ ഘാടഘടിയന്മാരായ നാല് മന്ത്രിമാരുണ്ടായിരുന്നിട്ടും ജാഗ്രയുണ്ടായില്ലെന്നും കാനത്തെ ചൊടിപ്പിച്ചിരിക്കയാണ്.

ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ, കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള തീരുമാനവും കാനത്തിന് താല്പര്യമില്ലത്രേ… വ്യക്തമായ ചർച്ചകളിലൂടെ മാത്രമേ ഇത്തരം പദ്ധതികൾ നടപ്പാക്കാവൂ എന്നാണ് കാനത്തിന്റെ അഭിപ്രായമത്രേ, എന്തായാലും കാനത്തിന്റെ റേറ്റിംഗ് കൂടിയിട്ടുണ്ട് എന്നത് സത്യമാണ്.



പഞ്ചാബിൽ തമ്മിലടി, ഗോവയിൽ സത്യം ചെയ്യിക്കൽ, കോൺഗ്രസിന്റെ ഒരു ഗതികേട്


അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. യു പിയിലും പഞ്ചാബിലും, ഗോവയിലും മറ്റും ബി ജെ പി ക്ക് ഏറെ നിർണായകമാണ്. കോൺഗ്രസിന് വലിയ പ്രതീക്ഷയുള്ള സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബിൽ തുടർഭരണം നേടേണ്ടത് ഏറെ അനിവാര്യവുമാണ്, എന്നാൽ പൊരിഞ്ഞ പോരാട്ടമാണ് കോൺഗ്രസ് നേതാക്കൾ തമ്മിലിവിടെ. കർഷക സമരത്തോടെ ബി ജെ പിക്ക് ജന പിന്തുണ തീർത്തും നഷ്ടപ്പെട്ട സംസ്ഥാനമാണ് പഞ്ചാബ്. എന്നാൽ മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദറിന്റെ പാർട്ടിയുടെ പിന്നാമ്പുറത്തുകൂടി  ഭരണം പിടിക്കാനുള്ള തന്ത്രവുമായി ബി ജെ പി ശ്ക്തമായിതന്നെ പഞ്ചാബിലുണ്ട്. ഭരണം പിടിക്കാനായി ആം ആദ്മി പാർട്ടിയും സജീവമായി രംഗത്തുണ്ട്. തുടക്കം തൊട്ടുള്ള പ്രവചനങ്ങളൊക്കെ പഞ്ചാബിൽ ആം ആദ്മി ഭരണം പിടിക്കുമെന്നാണ്, എന്നിട്ടും കോൺഗ്രസിലെ തമ്മിലടിക്ക് യാതൊരു കുറവും വന്നിട്ടില്ല.


 കോൺഗ്രസിന് ഇപ്പോഴും ശക്തിയും മേൽക്കൈയുമുള്ള സംസ്ഥാനമാണ് പഞ്ചാബ്. നിലവിൽ മുഖ്യമന്ത്രി ഛന്നിയും പി സിസി അധ്യക്ഷൻ നവജ്യോദ് സിംഗ് സിദ്ദുവും തമ്മിലാണ് പോരാട്ടം.  മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിലവിലെ മുഖ്യമന്ത്രി ഛന്നിയെ പ്രഖ്യാപിച്ചതിൽ വലിയ എതിർപ്പുമായാണ് നവജ്യോതി സിംഗ് സിദ്ദു രംഗത്തുള്ളത്. സാധാരണയിൽ പതിവില്ലാത്ത പരിപാടിയാണ് പഞ്ചാബിൽ കോൺഗ്രസ് കാണിച്ചിരിക്കുന്നത്. എന്തായാലും പാർട്ടിയിലെ പടലപ്പിണക്കം വലിയതോതിൽ തിരിച്ചടി കിട്ടിയേക്കുമെന്ന ഭയത്തിലാണ് ഹൈക്കമാന്റ്.

ഗോവയിൽ കഴിഞ്ഞ തവണ ജയിച്ചു കയറിയ കോൺഗ്രസിന്റെ ഏറെകുറെ എം എൽ എമാരും ബി ജെ പിയിലെത്തിയത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. കഴിഞ്ഞ തവണത്തെ തിരിച്ചടിയിൽ നിന്നും രക്ഷപ്പെടാനായി നേതൃത്വം കണ്ടെത്തിയ മാർഗമാണ് സത്യം ചെയ്യിക്കൽ. എന്തെല്ലാം പൊടിക്കൈ കൾ വേണം ജനാധിപത്യത്തെ സംരക്ഷിക്കാൻ എന്നാണ് ഗോവയിലെ കോൺഗ്രസുകാർ പറയുന്നത്.

ദിലീപിന് ആശ്വസിക്കാം;
 മുഖ്യമന്ത്രിക്കും 

നടി അക്രമണക്കേസിലെ തുടർക്കേസായാണ് നടൻ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. കേസിൽ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതോടെ ഒരു മാസക്കാലമായി മുൾമുനയിലായിരുന്ന ദീലിപിന് അസ്വാമായിരിക്കയാണ്.

മൂന്ന് തവണ മാറ്റിവച്ച കേസായിരുന്നു ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ. ശനിയാഴ്ച വാദം പൂർത്തിയായ കേസിൽ വിധിപറയാൻ മാറ്റി വെക്കുകയായിരുന്നു. സംവിധായകനായ ബാലചന്ദ്രകുമാർ കൈമാറിയ തെളിവുകളൊന്നും പ്രോസിക്യൂഷന് അനുകൂലമായില്ല. ദിലീപിനെ കോടതിയുടെ അനുമതിയോടെ മൂന്നു ദിവസം തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. എന്നാൽ കസ്റ്റഡിയിൽ അല്ലാതെയുള്ള ചോദ്യം ചെയ്യൽ കേസന്വേഷണത്തിന് ഗുണകരമാവില്ലെന്നും, മറ്റു പ്രതികളുമായി ചോദ്യചെയ്യലിന്റെ വിവിരങ്ങൾ കൈമാറുകയും അഭിഭാഷകരുമായി ചർച്ച നടത്തി ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചുവെന്നുമായിരുന്നു പ്രൊസിക്യൂഷന്റെ വാദം. എന്നാൽ കോടതിയിൽ സമർപ്പിച്ച തെളിവുകളൊന്നും അറസ്റ്റു ചെയ്യാനുള്ള തെളിവുകളായില്ല എന്നതും ശ്രദ്ധേയമാണ്. പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച എഫ് ഐ ആർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകൻ രാമൻ പിള്ള ഒരു ഹർജി സമർപ്പിക്കാനുള്ള തീരുമാനത്തിലാണ്.


നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ച കേസിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന ദിലീപിന്റെ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവം നടന്നിട്ട് അഞ്ചുവർഷം തികയാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെയാണ് തുടർ കേസായ വധശ്രമ ഗൂഢാലോചനയിൽ ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതെന്നും ശ്രദ്ധേയമാണ്. പ്രോസിക്യൂഷന് കനത്ത തിരിച്ചടിയാണ് ഈ കേസിൽ ഉണ്ടായിരിക്കുന്നത്.

കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നാണ് വ്യവസ്ഥ. വ്യവസ്ഥ ലംഘിച്ചാൽ ദിലീപടക്കമുള്ള പ്രതികളെ അറസ്റ്റുചെയ്യാനുള്ള അനുമതിക്കായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നുമാണ് വ്യവ്സഥ.


ദിലീപിന് മുൻകൂർ ജാമ്യം കിട്ടിയ വാർത്തയോടൊപ്പമാണ് മറ്റൊരു വാർത്തയും പുറത്തുവന്നത്. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടെന്നത്. ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഗവർണർ പരിഗണിച്ചില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സന്ദർശിച്ച് ഓർഡിനൻസിറക്കാനുണ്ടായ സാഹചര്യം ബോധ്യപ്പെടുത്തിയിരുന്നു. ഇതോടെയാണ് ബില്ലിൽ ഗവർണർ ഒപ്പിട്ടത്. ഇതോടെ സർക്കാരിനുണ്ടായിരുന്ന ആശങ്കയ്ക്ക് അന്ത്യമായി.

സി പി ഐ അടക്കമുള്ള പാർട്ടികളുടെ ശക്തമായ എതിർപ്പുകൾ നിലനിൽക്കെയാണ് ലോകായുക്ത ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടുന്നത്.
ലോകായുക്ത വിഷയം ഗവർണറെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെങ്കിലും സി പി ഐയെ ബോധ്യപ്പെടുത്താൻ സി പി എമ്മിന് കഴിഞ്ഞിട്ടില്ല. എന്തായാലും ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞിരിക്കയാണ്.

ദിലീപ് കേസിൽ പ്രോസിക്യൂഷനും, ലോകായുക്ത ഓർഡിനൻസിൽ പ്രതിപക്ഷത്തിനും തിരിച്ചടി ഉണ്ടായിരിക്കുന്നുവെന്നാണ് തിങ്കളാഴ്ചത്തെ പ്രധാന വാർത്ത, ഇനി ആകെ പ്രതീക്ഷയുള്ളത് സ്വപ്നാ സുരേഷിലാണ്.

സ്വപ്നയെ തള്ളിയും ശിവശങ്കറെ അനുകൂലിച്ചും സി പി എം

സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നാ സുരേഷിന്റെ ചില വെളിപ്പെടുത്തലുകൾ ആരെങ്കിലും വിശ്വസിക്കുമോ എന്നാണ് സി പി എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ ചോദ്യം. ശിവശങ്കർ പറഞ്ഞതാണ് ശരി, അല്ലാതെ സ്വപ്നയുടെ വെളിപ്പെടുത്തലിലൊന്നും ഒരു അർത്ഥവുമില്ലെന്നാണ് ആനത്തല വട്ടം കണ്ടെത്തിയിരിക്കുന്നത്.

സോളാർ കേസിൽ പ്രതിയായിരുന്ന സരിതാ നായരുടെ വാക്കിൽ കരുത്താർജ്ജിച്ച സി പി എമ്മിന് സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ വിശ്വസിക്കാൻ കഴിയാത്തതായി മാറിയതിന്റെ രാസപരിണാമത്തിന്റെ രഹസ്യമാണ് ഇനി വെളിപ്പെടാനുള്ളത്.


സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾ സർക്കാരിനെ ബാധിക്കില്ലെന്ന് മുതിർന്ന സി പി എം നേതാവ് എസ് രാമചന്ദ്രൻ പിള്ളയും കണ്ടെത്തിയിട്ടുണ്ട്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കരുക്കാൻ അന്വേഷണ സംഘം സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്നാ സുരേഷിന്റെ ഓഡിയോ സന്ദേശം സ്‌ക്രിപ്റ്റു പ്രകാരം ഉണ്ടാക്കിയതാണെന്നുള്ള വെളിപ്പെടുത്തൽ അത്ര സില്ലിയല്ലല്ലോ സാർ, അത് മനസിലാക്കാൻ ആനത്തലയൊന്നും ആവശ്യവുമില്ലെന്ന്  ഏവർക്കും വ്യക്തവുന്നതുമാണല്ലോ സഖാവേ…


വാൽക്കഷ്ണം :
തനിക്ക് സ്വപ്നയുമായി ബന്ധമില്ലെന്നാണ് മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നത്. ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തിയാണ് ശ്രീരാമകൃഷ്ണനെന്നും,  പലതവണ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നു. ഡിപ്ലോമാറ്റ് ആരാണെന്നൊക്കെ അറിയാത്ത, അത്രയും വിവരദോഷിയാണോ സ്പീക്കറെന്ന്  സ്വപ്ന ചോദിക്കുന്നു…ശ്രീരാമ കൃഷ്ണൻ നോർക്ക വഴി മുണ്ടിട്ടു മുങ്ങിയോ എന്നാണ് നാട്ടുകാരുടെ ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here