കൊച്ചി: കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിൽ പങ്കെടുത്തതിനെ തുടർന്നു സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ ട്വന്റിട്വന്റി പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ.ദീപു(38) ആണ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലുള്ളത്. ഇദ്ദേഹത്തിന്റെ വയറ്റിൽ ഉൾപ്പെടെ പല ആന്തരിക മുറിവുകളുണ്ടെന്നു ഡോക്ടർ പറ​ഞ്ഞു. കഴിഞ്ഞ 12നാണ് ദീപുവിന് മർദ്ദനമേറ്റത്.

ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിനു കെഎസ്ഇബി തടസ്സം നിന്നത് എംഎൽഎയും സർക്കാരും കാരണമാണെന്നു ചൂണ്ടിക്കാട്ടി വീടുകളിൽ 15 മിനിറ്റു വിളക്കണച്ചു പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടിൽ പ്രതിഷേധ സമരത്തിൽ പങ്കാളിയായി. സിപിഎം പ്രവർത്തകരായ ഒരുപറ്റം ആളുകൾ ദീപുവിനെ മർദ്ദിച്ചു. അവശനിലയിലായ ഇയാളെ വാർഡ് മെമ്പറും സമീപവാസികളും എത്തിയാണ് രക്ഷിച്ചത്.

ഇതിനിടെ വീടിനു മുന്നിലെത്തിയ അക്രമികൾ, ദീപുവിനു ചികിത്സ നൽകുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്താൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ദീപു രക്തം ഛർദ്ദിക്കുകയും അത്യാസന നിലയിലാകുകയും ചെയ്തു. പഴങ്ങനാടുള്ള ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ ദീപുവിനെ പുലർച്ചെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. പട്ടിമറ്റം സ്റ്റേഷനിൽനിന്നു പൊലീസെത്തിയെങ്കിലും മൊഴി രേഖപ്പെടുത്താൻ സാധിച്ചില്ല. വാർഡ് മെമ്പർ നിഷയാണ് മൊഴി നൽകിയത്. ദീപുവിന്റെ വീട്ടുകാർ പെരുമ്പാവൂര്‍, കുന്നത്തുനാട് സ്റ്റേഷനുകളില്‍ പറാട്ടുവീട് സൈനുദ്ദീന്‍ സലാം, പറാട്ടുബിയാട്ടു വീട് അബ്ദുൽ റഹ്മാന്‍, നെടുങ്ങാടന്‍ വീട് ബഷീര്‍, അസീസ് വലിയപറമ്പില്‍ എന്നിവര്‍ക്കെതിരെ പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here