കൊച്ചി : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി എറണാകുളം ജില്ലാ ബ്രാഞ്ചിൽ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാനുള്ള സംസ്ഥാന കമ്മിറ്റി നേതൃത്വത്തിന്റെ നീക്കം എറണാകുളം മുൻസിഫ് കോടതി തടഞ്ഞു. ജില്ലാ കമ്മിറ്റിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നടക്കുന്നതിനിടെയാണ് ഭരണ ഘടനാ വിരുദ്ധമായി അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാൻ നീക്കം നടത്തിയത്. സേവ് റെഡ് ക്രോസ് മൂവ്‌മെന്റ് ഭാരവാഹികളായ ടി ആർ വാസുദേവൻ, ഡോ എം സുജാത, അഡ്വ സി എ സബിത എന്നിവരുടെ അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്.  

നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഈ മാസം  ഏഴാം തീയതി തെരഞ്ഞെടുപ്പ് വരണാധികാരിയെ നിയമിക്കുകയും വരണാധികാരി ഒൻപതിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.  മാർച്ച് 17 നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതിനിടയിൽ ഭരണഘടനാ വിരുദ്ധമായി തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തിലൂടെ മുൻഭരണ സമിതിയിലെ ഏതാനും ചിലർ ചേർന്ന് സംസ്ഥാന ഭരണസമിതിയിൽ സമ്മർദ്ദം ചെലുത്തി അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുകയായിരുന്നു. ചൊവ്വാഴ്ച ചുമതല ഏൽക്കാനായി റെഡ് ക്രോസ് സംസ്ഥാന  സെക്രട്ടറി ഇൻ-ചാർജ്ജ് ആർ സന്തോഷ് കുമാർ  ഏറണാകുളം റെഡ് ക്രോസ് ഭവനിൽ  എത്തിയിരുന്നു. എന്നാൽ ഓഫീസിൽ പ്രവേശിക്കുന്നത് തടഞ്ഞുള്ള എറണാകുളം മുൻസിഫ് കോടതി ഉത്തരവുവന്നതിനെ തുടർന്ന് അഡ്മിനിസ്‌ട്രേറ്റർ ചുമതലയേൽക്കാതെ  മടങ്ങിപ്പോവുകയായിരുന്നു.

ജനാധിപത്യ രീതിയിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സേവ് റെഡ് ക്രോസ്  മൂവ്‌മെന്റ് നടത്തിയ നിയമ പോരാട്ടത്തെതുടർന്നാണ് തെരഞ്ഞെടുപ്പ് നടത്താൻ  അധികൃതർ തയ്യാറായത്. ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും, ഭാരവാഹികൾ അധികാരത്തിൽ തുടരാനുള്ള കുൽസിത നീക്കമാണ് നടത്തിയിരുന്നത്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നടക്കവെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് സേവ് റെഡ് ക്രോസ് ഭാരവാഹികൾ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here