കൊച്ചി: ദിലീപിൻറെ ഫോൺരേഖകൾ നശിപ്പിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിനെ അന്വേഷണം സംഘം ഉടൻ ചോദ്യം ചെയ്യും. ഇതിൻറെ ഭാഗമായി സായി ശങ്കറിൻറെ കൊച്ചിയിലെ വീട്ടിൽ സൈബർ വിദഗ്ധരടക്കമുള്ള ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി്. അഭിഭാഷകൻറെ ഓഫീസിൽ വെച്ച് രേഖകൾ നശിപ്പിച്ചത് സായ് ശങ്കർ ആണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ വിവരങ്ങൾ ഇയാളുടെ കൈവശമുണ്ടെന്ന് സൂചനയുണ്ട്. ദിലീപ് അറിയാതെയാണ് ഇയാൾ വിവരങ്ങൾ കൈവശപ്പെടുത്തിയത്. ഫോണിലെ ചില വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് വിവരം.  

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിൽ താൻ തെളിവുകൾ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷൻ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദിലീപ് കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഫോണുകളിൽ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്നാണ് ദിലീപിൻറെ വാദം.

കൂടാതെ തൻറെ വീട്ടിൽ ജോലി ചെയ്തിരുന്ന സഹായി ദാസനെ, ഡി.വൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നൽകിച്ചുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അനുകൂലമായി മൊഴി നൽകാൻ അഭിഭാഷകർ സ്വാധീനിച്ചിരുന്നുവെന്ന ദാസൻറെ മൊഴിയും ദിലീപ് തള്ളിപ്പറഞ്ഞിട്ടുണ്ട്.

എന്നാൽ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ഫോണുകളിലെ നിർണ്ണായക വിവരങ്ങൾ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്.

ദിലീപിൻറെ അഭിഭാഷകൻ രാമൻ പിള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയിരുന്നു. എന്നാൽ മെയിൽവഴിയുള്ള പരാതി സ്വീകരിക്കാനാകില്ലെന്നും  ചട്ടപ്രകാരം പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കാമെന്നുമായിരുന്നു കൗൺസിൽ മറുപടി നൽകിയത്.

തുടരന്വേഷണത്തിലെ പ്രധാന തെളിവാണ് ദിലീപിൻറെ ഫോണുകൾ എന്ന് പ്രോസിക്യൂഷൻ പറയുന്ന വാദങ്ങൾ നടിയും ഈ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ ഫോൺ സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ബി രാമൻപിള്ളയുടെ ഓഫീസിൽവെച്ച് സൈബർ വിദഗ്ധൻറെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. കേസിലെ പ്രധാന പ്രതി പൾസർസുനി ദിലീപിന് കൈമാറാൻ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമൻപിള്ള കൈക്കലാക്കി. പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലിൽവെച്ച് തിരിച്ച് നൽകിയെന്നും കത്തിൽ നടി ആരോപിക്കുന്നു.  കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റിയെന്നും നടി ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here