തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിൽ സമീപകാല തെരഞ്ഞെടുപ്പുകളിൽ തോറ്റവരെ പരിഗണിക്കരുതെന്ന് കെ മുരളീധരൻ. പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് മുരളീധരൻ കത്തയച്ചു. തെരഞ്ഞെടുപ്പിൽ തോറ്റവർ ആ മണ്ഡലങ്ങളിൽ പോയി ജോലി ചെയ്യണമെന്നാണ് മുരളീധരൻ നിർദ്ദേശിക്കുന്നത്. ഹൈക്കമാന്റ് നിർദ്ദേശിച്ച ശ്രിനാവാസൻ കൃഷ്ണനുമായി ഏറെ അടുപ്പമുള്ള നേതാവാണ് കെ മുരളീധരൻ.

കെ സുധാകരന്റെ നോമിനിയായ എം ലിജുവിനെതിരെ കെ സി വേണുഗോപാൽ വിഭാഗം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന കെ പി സി സി ഭാരവാഹികൾ എ ഐ സി സിക്കും കത്തയച്ചിട്ടുണ്ട്.

കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ എം ലിജുവിനെ കൊണ്ടുവരണമെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ആഗ്രഹിക്കുന്നത്. സീറ്റാവശ്യവുമായി ഡൽഹിയിൽ കോൺഗ്രസ്  രാഹുൽ ഗാന്ധിയുമായി സുധാകരൻ കൂടിക്കാഴ്ചയും നടത്തി. എം ലിജുവും സുധാകരനൊപ്പം ഉണ്ടായിരുന്നു. ലിജുവിന്റെ പേര് പരിഗണനയിലുണ്ടെന്ന് സുധാകരൻ സ്ഥിരീകരിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയെ കണ്ടത് രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടാണെന്ന് എം ലിജുവും വ്യക്തമാക്കി. രാജ്യസഭാ സീറ്റിൽ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നാണ് ലിജു് പ്രതികരിച്ചത്. ഇതിനിടയിലാണ് ലിജുവിനെ ലക്ഷ്യം വച്ചുള്ള കെ മുരളീധരന്റെയും കെ സി വേണുഗോപാൽ അനുകൂലികളുടെ നീക്കമെന്നത് ശ്രദ്ധേയമാണ്.

ലിജുവിന് പുറമേ വി ടി ബൽറാമിന്റെ പേരും യുവനേതാവെന്ന നിലയിൽ സജീവ ചർച്ചയിലുണ്ട്. ഇതിനിടയിലാണ് ഹൈക്കമാൻഡിനുള്ള മുരളീധരന്റെ കത്തും, കെ സി വേണുഗോപാൽ അനുകൂലികളുടെ നീക്കവും.

തെരഞ്ഞെടുപ്പിൽ തോറ്റവർ പരിഗണിക്കപ്പെടരുതെന്നാണ് തീരുമാനമെങ്കിൽ അത് ലിജുവിനും ബലറാമിനും പ്രതികൂലമാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ ലിജു അമ്പലപ്പുഴയിലും, വി ടി ബൽറാം തൃത്താലയിലും പരാജയപ്പെട്ടിരുന്നു. വനിതയെ ആണ് രാജ്യസഭയിലേക്ക് പരിഗണിക്കുന്നതെങ്കിൽ മുൻപന്തിയിലുള്ള ഷാനിമോൾ ഉസ്മാനും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതാണ്.

ഈ ചർച്ചകൾ തുടരുന്നതിനിടെ അപ്രതീക്ഷിതമായി ഡൽഹിയിൽ നിന്നും  എത്തിയ ശ്രീനിവാസൻ കൃഷ്ണനെ അനുകൂലിക്കുന്ന നിലപാടാണ് കെ മുരളീധരന്റേത്. . സംസ്ഥാന ഘടകം തയ്യാറാക്കുന്ന പട്ടികയിലേക്ക് ശ്രീനിവാസന്റെ പേര്കൂടി നിർദേശിക്കാനാണ് ഹൈക്കമാന്റ് നിർദേശം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

എഐസിസി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്രീനിവാസൻ കൃഷ്ണൻ നേരത്തെ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ജോലി നോക്കിയിരുന്നു. പിന്നീട് പത്ത് വർഷത്തോളം കെ കരുണാകരനൊപ്പം ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ചിരുന്നു. പിന്നീടാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തിലേക്ക് എത്തിയത്. റോബർട്ട് വദേരയുമായി ബിസിനസ് പങ്കാളിത്തമുള്ള ശ്രീനിവാസൻ  നിലവിൽ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ്. ശ്രീനിവാസനുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവെന്ന നിലയിൽ കെ മുരളീധരൻ കെ പി സി സി അധ്യക്ഷന്റെ നിലപാടിനെതിരാണ്. രമേശ് ചെന്നിത്തലയ്ക്ക് ലിജുവിനോട് നിലവിൽ എതിർപ്പില്ല.  
 

LEAVE A REPLY

Please enter your comment!
Please enter your name here