ചങ്ങനാശ്ശേരി : മാടപ്പള്ളിയിൽ കെ – റെയിൽ സർവ്വേയ്‌ക്കെത്തിയവരെ തടഞ്ഞ സമരക്കാരായ സ്ത്രീകളെ  പൊലീസ് അതിക്രൂരമായി വലിച്ചിഴച്ചു. രാവിലെ മുതൽ സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്ന മാടമ്പള്ളിയിൽ കല്ലിനാടാനായി എത്തിയ സംഘത്തെ സമരക്കാർ തടയുകയും കല്ലുമായി എത്തിയ വണ്ടിയുടെ ചില്ല് തകർക്കുകയും ചെയ്തിരുന്നു. കെ റെയിലിനായി കല്ലിടാൻ സമ്മതിക്കില്ലെന്നും, പൊലീസിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സ്ഥലം എം എൽ എയ്‌ക്കെതിരെയും മുദ്രാവാക്യം മുഴക്കിയ സ്ത്രീകൾ സ്ഥലത്ത് തമ്പടിച്ചു. ഈ സ്ത്രീകളെയാണ് ഉച്ചയോടെ അറസ്റ്റു ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. സമരക്കാരോട് മാറിപ്പോവാൻ ആവശ്യപ്പെട്ടെങ്കിലും മാറാൻ തയ്യാറാവാതെ വന്നതോടെയാണ് അറസ്റ്റു നടപടികളുമായി പൊലീസ് എത്തിയത്.

സ്ത്രീകളെ അതിക്രൂരമായി നിലത്തുകൂടി വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ഇതോടെ അമ്മമാർക്കൊപ്പം സ്ഥലത്തെത്തിയ കുട്ടികളുടെ കൂട്ട നിലവിളി ഉയർന്നെങ്കിലും പൊലീസ് അറസ്റ്റുമായി മുന്നോട്ട് പോയി. അമ്മയെ കൊണ്ടുപോവല്ലേ…എന്നാവശ്യമുയർത്തി കുട്ടികളുടെ നിലവിളി സമര സ്ഥലത്ത് ഉയർന്നു. ഏവരെയും സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്. മണിക്കൂറുകൾ നീണ്ട പ്രതിഷേധമാണ് മാടമ്പള്ളിയിൽ നടന്നത്.

ആത്മഹത്യാ ഭീഷണിയുമായി സ്ത്രീകളുടെ സംഘം നിലയുറപ്പിച്ചതോടെയാണ് പൊലീസ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ സമരക്കാരോട് സൗമ്യമായി നിലപാടായിരുന്നില്ല പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ജോസഫ് എം പുതുശ്ശേരി, വി കെ ലിജി തുടങ്ങിയ നേതാക്കളെയും പൊലീസ് അറസ്റ്റു ചെയ്തു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ റെയിൽ വിരുദ്ധ സമരങ്ങൾ നടന്നുവരികയാണെങ്കിലും അതി ശക്തമായ പ്രതിഷേധമാണ് ചങ്ങനാശ്ശേരിയിൽ നടന്നത്. എന്ത് പ്രതിഷേധമുണ്ടായാലും സർവ്വേ നടപടികളുമായി മുന്നോട്ടു പൊവാനാണ് സർക്കാർ തീരുമാനം. പ്രതിഷേധം വകവെക്കാതെ കല്ലിടൻ നടപടികളുമായി മുന്നോട്ട് പോവുകയാണ്. സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ കെ റെയിലിനെതിരെ ശക്തമായ പ്രതിഷേധം നേരത്തെ ഉയർന്നിരുന്നു. കെ റെയിൽ വിരുദ്ധ സമരസമിതിക്ക് നാട്ടുകാരുടെ ഭാഗത്തുനിന്നും വൻ പിന്തുണയാണ് ലഭിച്ചുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here