കോട്ടയം:   മാടപ്പള്ളി  മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മനുഷ്യശൃംഖല തീർത്തായിരുന്നു പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു.  നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. കല്ലിടൽ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു.

കോട്ടയം ജില്ലയിൽ കെ റെയിലിനെതിരായ സമരം ശക്തമാകുകയാണ്. വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയിൽ നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്. കല്ലുമായെത്തിയ വാഹനം തുടർന്ന് തിരികെപ്പോകേണ്ടതായി വന്നു. മനുഷ്യശംഖല തീർത്ത് നാട്ടുകാർ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമർക്കാർ പറഞ്ഞു. സ്ത്രീകൾ അടക്കമുള്ളവർ മണ്ണെണ്ണകുപ്പി ഉയർത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.

 ജില്ലയിൽ 16 പഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുക. 14 വില്ലേജുകളെ  പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. ജോസഫ് എം പുതുശ്ശേരി അടക്കമുള്ള യുഡിഎഫ് നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. ബിജെപിയുടെ ശക്തമായ സാന്നിധ്യവും പ്രതിഷേധത്തിലുണ്ട്. ഈ മാസം 24ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന സംരക്ഷണ ജാഥ ബിജെപി കോട്ടയം ജില്ലയിൽ സംഘടിപ്പിക്കുന്നുണ്ട്.

എറണാകുളം മാമലയിലും കെ റെയിലിനെതിരെ പ്രതിഷേധം ഉണ്ടായി. അതിരടയാള കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഉദ്യോഗസഥരെ വീടുകളിലേക്ക് പ്രവേശിപ്പിക്കാതെ നാട്ടുകാർ തടഞ്ഞു. പുരയിടങ്ങളിലാണ് ഇവിടെ കല്ലുകൾ സ്ഥാപിക്കേണ്ടത്. നാട്ടുകാരും  ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി. കെ റെയിൽ ഉദ്യോഗസ്ഥരും പൊലീസുകാരും മാത്രമാണ് എത്തിയത്. സർവ്വേ ഉദ്യോഗസ്ഥരെത്താതെ സർവ്വേ നടത്താനാവില്ലെന്ന നിലപാടിലാാണ് നാട്ടുകാർ. തുടർന്ന് പൊലീസിന്റെ സുരക്ഷയോടെ മതിലുകളും ഗേറ്റുകളും ചാടിക്കടന്നാണ് കല്ലുകൾ സ്ഥാപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here