തിരുവനന്തപുരം: കെ റെയിൽ  സിൽവർലൈനിനായുള്ള  സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിൻറെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സർക്കാരിൻറെ വിജ്ഞാപനം പുറത്ത്. ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങൾ അടക്കം മുറിച്ച് അടയാളങ്ങൾ നൽകിയുള്ള സർവ്വേയെക്കുറിച്ച് വിജ്ഞാപനത്തിൽ പറയുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കൽ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തിൽ സർവ്വെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സർക്കാർ വിശദീകരിക്കുന്നു.

കെ റെയിൽ സമരം കത്തുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ആവർത്തിക്കുന്നത് സർവ്വെ ഭൂമി ഏറ്റെടുക്കാനല്ലെന്നാണ്. എന്നാൽ 2021 ഒക്ടോബർ 8 ന് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ കൃത്യമായി പറയുന്നത് തിരുവനന്തപുരം-കാസർക്കോട് അതിവേഗ പാതക്കായി വിവിധ വില്ലേജുകളിൽ നിന്നും സ്ഥലമെടുപ്പിൻറെ ഭാഗമായി പട്ടിക തിരിച്ച് ഭൂമിയിൽ സർവ്വെ നടത്തണമെന്നാണ്. സർവ്വേക്ക് തടസ്സമായി മരങ്ങളുണ്ടെങ്കിൽ മുറിക്കണമെന്നും കല്ലെന്ന് എടുത്ത് പറയാതെ അതിരടയാളങ്ങൾ ഇടണമെന്നും നിർദ്ദേശിക്കുന്നു. 61 ലെ സർവ്വേസ് ആൻറ് ബൗണ്ടറി ആക്ട് പ്രകാരമാണ് വിജ്ഞാപനം.

ഭൂമി ഏറ്റെടുക്കാൻ തന്നെയെന്നാണ് വിജ്ഞാപനമെന്നാണ് ഒറ്റ നോട്ടത്തിൽ വിജ്ഞാപനം കാണിച്ചുതരുന്നത്. അതേ സമയം, സർക്കാർ പ്രതിരോധം റവന്യുവകുപ്പ് 2021 ഓഗസ്റ്റ് 8 ന് ഇറക്കിയ ഉത്തരവാണ്. ഉത്തരവിന്റെ അവസാന ഭാഗത്ത് 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചുള്ള നടപടി തുടങ്ങുക റെയിൽവെ മന്ത്രാലയത്തിൻറെ അന്തിമ അനുമതിക്ക് ശേഷം മാത്രമെന്നാണ്. പക്ഷെ ഉത്തരവിറക്കി രണ്ട് മാസം കഴിഞ്ഞാണ് വിജ്ഞാപനം. മാത്രമല്ല, കേന്ദ്രാനുമതിക്ക് ശേഷം മാത്രേമ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങൂ എന്ന് പറഞ്ഞുള്ള സർക്കാർ പിടിവള്ളിയാക്കുുന്ന ഉത്തരവിൽ തന്നെ ഭൂമി ഏറ്റെടുക്കാൻ സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറെയും 11 സ്‌പെഷ്യൽ തഹസിൽദാർമാരെയും നിയമിക്കുന്നുമുണ്ട്.

അതായത് സർവ്വെയെ കുറിച്ചുള്ള വിജ്ഞാപനും ഉത്തരവും ആശയക്കുഴപ്പം രൂക്ഷമാക്കുന്നു. കല്ലിടലിൻറെ ഉത്തരവാദിത്തത്തിലും ബഫർസോണിലുമെന്നെ പോലെ ഭൂമി ഏറ്റെടുക്കലിലും ഉള്ളത് ദുരൂഹതയാണ്. കല്ലിട്ട് സർവ്വെ നടക്കുന്ന ഭൂമി നാളെ ഏറ്റെടുക്കുമോ ഇല്ലയോ എന്ന് വ്യക്തമായ ഉറപ്പ് ആർക്കുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here