പാലക്കാട്: പാലക്കാട്ടെ ഇരട്ടക്കൊലയിൽ എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങി അന്വേഷണം. സുബൈർ വധത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും ഗൂഡാലോചനയിലേക്ക് പൊലീസിന് എത്താനായിട്ടില്ല. ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികളെ തിരിച്ചറിഞ്ഞെന്നും അവർ കേരളത്തിൽ തന്നെയുണ്ടെന്ന് പറയുമ്പോഴും അതിൽ ഒരാളെപ്പോലും പിടികൂടാൻ പൊലീസിനായിട്ടില്ല. സുബൈർ വധത്തിൽ പ്രതികൾ പോയ വഴികളിലെ സി സി ടി വി ദൃശ്യങ്ങളും ഫോൺ കോളുകളും പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

ശ്രീനിവാസന്റെ കൊലപാതകത്തിൽ പങ്കെടുത്ത ഒരാളെയെങ്കിലും പിടികൂടിയാൽ മാത്രമേ മറ്റു പ്രതികളിലേക്കും ഗൂഡാലോചനക്കാരിലേക്കും എത്താൻ കഴിയൂ. കുറെയേറെപ്പേരെ കരുതൽ തടങ്കലിൽ വെച്ചിട്ടുണ്ടെങ്കിലും അതിൽ നിന്ന് മുന്നോട്ടു പോകാൻ അന്വേഷണ സംഘത്തിനായിട്ടില്ല. അതേസമയം, 24 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതോടെ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്.  

ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നിൽ കണ്ട് 16ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോൾ നീട്ടിയത്.

ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യൻ ആയുധ നിയമം സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യൻ സ്‌ഫോടക വസ്തു നിയമം 1884 ലെ സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ സ്ഫോടകവസ്തുക്കൾ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കും വിധം സമൂഹത്തിൽ ഊഹാപോഹങ്ങൾ പരത്തുകയോ ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here