തലശ്ശേരി അതിരൂപതയ്ക്ക് ഇനി പുതിയ ഇടയന്‍. പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍ ജോസഫ് പാംപ്ലാനി ചുമതലയേറ്റു. തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രല്‍ ചര്‍ച്ച് അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഇന്നലെയായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്, ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവര്‍ സഹകാര്‍മ്മികരായി. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലക്ഷക്കണക്കിന് വിശ്വാസികളുള്ള തലശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി മാര്‍ ജോസഫ് പാംപ്ലാനി അധികാരമേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജന്മദേശമായ ഇരിട്ടിയിലെ കുടിയേറ്റ ഗ്രാമമായ ചരള്‍ ഇടവകക്കാരും അഭിമാന നിമിഷത്തിലാണ്. കുടിയേറ്റക്കാരില്‍ നിന്നുള്ള ആദ്യ ആര്‍ച്ച് ബിഷപ്പ് കൂടിയാണ് പാംപ്ലാനി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാപ്പൊലീത്ത, ആഗോളസഭയിലെ പ്രായം കുറഞ്ഞ മെത്രാപ്പൊലീത്ത എന്നീ വിശേഷണങ്ങളും പാംപ്ലാനി പിതാവിന് സ്വന്തമാണ്.

52 വയസ്സുകാരനായ മാര്‍ ജോസഫ് പാംപ്ലാനി 35 ഗ്രന്ഥങ്ങളുടെ കര്‍ത്താവും ബൈബിളിന്റെ മലയാള വ്യാഖ്യാനമായ ആല്‍ഫ ബൈബിള്‍ കമ്മിറ്റിയുടെ ചീഫ് എഡിറ്ററുമായിരുന്നു. വിദേശഭാഷകളില്‍ ഡിപ്ലോമ നേടിയിട്ടുള്ള ഇദ്ദേഹം ലുവൈന്‍ യൂണിവേഴ്‌സിറ്റിയില്‍ ബൈബിള്‍ വിജ്ഞാനീയത്തില്‍ അസി. ലക്ചററും റിസര്‍ച്ച് സ്‌കോളറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്ക, ജര്‍മ്മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തലശ്ശേരി അതിരൂപതയില്‍ നിന്നു തന്നെയുള്ള ആദ്യത്തെ ഇടയന്‍ കൂടിയാണ് മാര്‍ ജോസഫ് പാംപ്ലാനി.

പാംപ്ലാനിയില്‍ തോമസ്‌മേരി ദമ്പതികളുടെ ഏഴു മക്കളില്‍ അഞ്ചാമനായി 1969 ഡിസംബര്‍ 3നാണ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ജനനം. തലശ്ശേരി അതിരൂപതയിലെ ചരള്‍ ഇടവകാംഗമാണ്. ചരള്‍ എല്‍. പി. സ്‌കൂള്‍, കിളിയന്തറ യു. പി. സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസവും നിര്‍മ്മലഗിരി കോളേജില്‍ പ്രീഡിഗ്രിയും കേരളാ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡിഗ്രിയും പൂര്‍ത്തിയാക്കിയ അദ്ദേഹം വൈദികപരിശീലനത്തിനായി തലശ്ശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്നു ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും നടത്തിയ നിയുക്ത ആര്‍ച്ച്ബിഷപ് 1997 ഡിസംബര്‍ 30ന് മാര്‍ ജോസഫ് വലിയമറ്റം പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു.

പേരാവൂര്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും ദീപഗിരി ഇടവകയില്‍ വികാരിയായും ശുശ്രൂഷ ചെയ്തു. 2001ല്‍ ഉപരിപഠനാര്‍ഥം ബല്‍ജിയത്തിലെത്തിയ നിയുക്ത ആര്‍ച്ച്ബിഷപ് പ്രസിദ്ധമായ ലുവെയിന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. 2006ല്‍ നാട്ടില്‍ തിരിച്ചെത്തി തലശ്ശേരി ബൈബിള്‍ അപ്പസ്റ്റൊലേറ്റ് ഡയറക്ടറായി നിയമിതനായി. ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ബിഷപ് പാംപ്ലാനി ആലുവാ, വടവാതൂര്‍, കുന്നോത്ത്, തിരുവനന്തപുരം സെന്റ് മേരീസ്, ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ് എന്നീ മേജര്‍ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ നിയുക്ത ആര്‍ച്ച്ബിഷപ് 2017 നവംബര്‍ 8 മുതല്‍ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജര്‍മന്‍, ലത്തീന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പ്രാവീണ്യമുണ്ട്. തലശ്ശേരി അതിരൂപത അധ്യക്ഷനായിരുന്ന മാര്‍ ജോര്‍ജ് ഞറളക്കാട്ട് വിരമിച്ച ഒഴിവിലേക്കാണ് മാര്‍ ജോസഫ് പാംപ്ലാനി ഇപ്പോള്‍ നിയമിതനായിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here