ന്യൂഡൽഹി: പാർട്ടി നേതൃത്വത്തിന്റെ എതിർപ്പ് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെ പാർട്ടി പദവികളിൽ നിന്ന് നീക്കാൻ ശുപാർശ ചെയ്ത് എ ഐ സി സി അച്ചടക്ക സമിതി. സമിതിയ്ക്ക് മുന്നിൽ നേരിട്ട് വിശദീകരണം നൽകാൻ അനുവദിക്കണമെന്ന കെ വി തോമസിന്റെ ആവശ്യം തള്ളി. അച്ചടക്ക നടപടി സംബന്ധിച്ച അന്തിമ തീരുമാനം പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിക്കും.

കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെപിസിസി നേതൃത്വം അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ പാർട്ടിയിൽ നിന്നു പുറത്താക്കുന്നത് അടക്കമുള്ള കടുത്ത നടപടി ഉപേക്ഷിക്കുകയായിരുന്നു.

കണ്ണൂരിൽ വെച്ചു നടന്ന 23-ാം സിപിഎം പാർട്ടി കോൺഗ്രസിലാണ് കെ വി തോമസ് പങ്കെടുത്തത്. കെ വി തോമസിനു പുറമെ ശശി തരൂരിനും പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച കേന്ദ്ര – സംസ്ഥാന ബന്ധം എന്ന വിഷയത്തിലുള്ള സെമിനാറിലേയ്ക്ക് ക്ഷണമുണ്ടായിരുന്നു. എന്നാൽ സിപിഎം വേദിയിലെത്തുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് വിലക്കിയതോടെ ശശി തരൂർ പരിപാടിയിൽ നിന്ന് പിന്മാറി. എന്നാൽ നിലപാടിൽ ഉറച്ചു നിന്ന കെ വി തോമസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. ഇതോടെയാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എ ഐ സി സി അച്ചടക്ക സമിതിയ്ക്ക് കെ വി തോമസിനെതിരെ പരാതി നൽകിയത്.

അച്ചടക്ക നടപടിയുടെ ഭാഗമായി കെ വി തോമസിനോട് പാർട്ടി വിശദീകരണം തേടിയിരുന്നു. മുൻപ് പാർട്ടി നേതാക്കൾ സ്വീകരിച്ച സമാനമായ നടപടികൾ ചൂണ്ടിക്കാട്ടി കെ വി തോമസ് മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിനു പുറമെയായിരുന്നു നേരിട്ടുള്ള വിശദീകരണത്തിന് പാർട്ടി അനുമതി തേടിയത്. എന്നാൽ ഇത് അച്ചടക്ക സമിതി നിഷേധിക്കുകയായിരുന്നു.

 
 

LEAVE A REPLY

Please enter your comment!
Please enter your name here