കൊച്ചി:  തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികളെല്ലാം തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറിക്കഴിഞ്ഞു. പി ടി തോമസ് എംഎൽഎയുടെ നിര്യാണത്തോടെയാണ് ഉപതെരഞ്ഞെടുപ്പിന് തൃക്കാക്കരയിൽ കളമൊരുങ്ങിയത്. സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എൽഡിഎഫും യുഡിഎഫും ബിജെപിയും പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ ട്വന്റി – 20യും ആം ആദ്മി പാർട്ടിയും തമ്മിലുള്ള സഖ്യത്തിൽ പുതിയ മുന്നണി രൂപപ്പെടുമെന്നും തൃക്കാക്കരയിൽ മത്സരിക്കുമെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടായിട്ടില്ല.

മെയ് 15ന് കേരളത്തിലെത്തുന്ന ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ നേതാവുമായ അരവിന്ദ് കെജ്രിവാൾ പുതിയ മുന്നണി സംബന്ധിച്ച് പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്. ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ആയിരിക്കും പുതിയ മുന്നണിയുടെ കൺവീനർ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2026 നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരിക്കും മുന്നണിയുടെ പ്രവർത്തനം. എന്നാൽ കഷ്ടിച്ച് ഒരു മാസം മാത്രം ബാക്കി നിൽക്കേ മുന്നണി പൊതുസ്ഥാനാർഥിയെ നിർത്തി മത്സരിപ്പിക്കാനുള്ള സാധ്യതയില്ലെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അതേസമയം, തൃക്കാക്കരയിൽ മത്സരിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ആം ആദ്മി പാർട്ടി നേതാക്കൾ പറയുന്നത്. പാർട്ടിയ്ക്കുള്ളിൽ സ്ഥാനാർഥിത്വം സംബന്ധിച്ച് നിലനിൽക്കുന്ന ഭിന്നത തിരിച്ചടിയായേക്കുമെന്ന ഭയവും ആപ്പിനുണ്ട്. ഇതു പരിഹരിക്കാൻ കഴിഞ്ഞാൽ മാത്രമേ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധ്യതയുള്ളൂ. എന്നാൽ അരവിന്ദ് കെജ്രിവാൾ അടക്കമുള്ളവർ എത്തി ആം ആദ്മി പാർട്ടി പ്രചാരണം കൊഴുപ്പിച്ചാലും പരസ്യപ്രചാരണത്തിന് ഇറങ്ങേണ്ടെന്നാണ് ട്വന്റി 20 യുടെ നിലപാടെന്നാണ് അറിയുന്നത്.

മെയ് 11 ആണ് നാമനിർദേശപ്രതിക സമർപ്പിക്കേണ്ട അവസാന തീയതി. 12ന് പത്രികകൾ സൂക്ഷ്മപരിശോധന നടത്തും. മെയ് 16 വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ.

യുഡിഎഫിനോടു ചേർന്നു നിൽക്കുന്ന ചരിത്രമാണ് ഉള്ളതെങ്കിലും ഇത്തവണ തൃക്കാക്കരയിൽ കടുത്ത മത്സരം നടക്കുമെന്നാണ് വിലയിരുത്തൽ. പിടി തോമസിന്റെ പത്‌നി ഉമ തോമസിനെ യുഡിഎഫ് സ്ഥാനാർഥിയാക്കാനാണ് കെപിസിസിയുടെ താത്പര്യം. എൽഡിഎഫ് സ്ഥാനാർഥി ആരെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here