തിരുവനന്തപുരം: പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിൽ നഴ്‌സുമാർ വഹിക്കുന്ന പങ്ക് സ്തുത്യർഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിലെ നഴ്‌സുമാർ നടത്തുന്ന മാതൃകാപരമായ സേവനങ്ങൾ അഭിനന്ദനീയമാണ്. സേവനത്തിന്റെ പേരിൽ സ്വന്തം ജീവൻവരെ അർപ്പിച്ച നഴ്‌സുമാരും നമുക്കിടയിലുണ്ട്. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും മലയാളി നഴ്‌സുമാരുടെ സേവനം പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുൾപ്പെടെയുള്ള രോഗങ്ങളെ ചെറുക്കുന്നതിൽ ലോക രാജ്യങ്ങളെ സഹായിക്കുന്നത് അവിടങ്ങളിലെ മലയാളി നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരാണെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നഴ്‌സസ് ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സമൂഹത്തിനാകെ നഴ്‌സുമാർ നൽകുന്ന സംഭാവനകളെ ആദരിക്കാനാണ് എല്ലാ വർഷവും മേയ് 12 ന് നഴ്‌സസ് ദിനം ആചരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിൽ കേരളം കൈവരിച്ച വിജയത്തിന്റെ വലിയൊരു പങ്കും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ നഴ്‌സുമാർക്കും അവകാശപ്പെട്ടതാണ്. രോഗീപരിചരണത്തോടൊപ്പം തന്നെ ആവശ്യമായ പരിശീലനങ്ങൾ നൽകുന്നതിനും, ജനങ്ങളെയും ജീവനക്കാരെയും ബോധവത്ക്കരിക്കുന്നതിനും ഓരോ നഴ്‌സും ശ്രദ്ധിച്ചിരുന്നു. പൊതുജനങ്ങൾക്കു ഗുണ നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടി സർക്കാർ 1300 ഓളം സ്റ്റാഫ് നഴ്‌സുമാരെ എംഎൽഎസ്പിമാരായി പരിശീലനം നൽകി ആരോഗ്യ സ്ഥാപനങ്ങളിൽ നിയമിച്ചു.

ഇന്ത്യയിലെ നഴ്‌സിംഗ് വിദ്യാഭ്യാസ രംഗത്ത് മികച്ചു നിൽക്കുന്ന സംസ്ഥാനമാണ് കേരളം. സർക്കാർ, സർക്കാരിതര മേഖലകളിലായി 127 കോളേജുകളും, 132 നഴ്‌സിംഗ് സ്‌കൂളുകളും പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് ഓരോ വർഷവും പതിനായിരത്തിലധികം ഉദ്യോഗാർഥികളാണ് നഴ്‌സിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കി രജിസ്റ്റർ ചെയ്യപ്പെടുന്നത്. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ, ലോകത്താകെയുള്ള നഴ്‌സുമാരുടെ സേവനങ്ങൾ സ്‌നേഹത്തോടെ ഓർക്കുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here