കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് വലിയ മാനങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃക്കാക്കരയില്‍ എല്‍ ഡി എഫിന് അസുലഭ അവസരമാണെന്നും യു ഡി എഫിന് അതിന്റെ ആവലാതിയുണ്ടെന്നും അദ്ദഹം പറഞ്ഞു. തൃക്കാക്കര എല്‍ ഡി എഫ് മണ്ഡലം കണ്‍ലെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എല്‍ ഡി എഫിന് 100 സീറ്റുകളിലേക്ക് എത്താനുള്ള അവസരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാട് മുഴുവന്‍ ആഗ്രഹിക്കുന്ന കാര്യമാണ് എല്‍ ഡി എഫിന് നൂറ് സീറ്റ് ലഭിക്കുകയെന്നത്. തൃക്കാക്കരയ്ക്ക് പറ്റിയ അബദ്ധം തിരുത്താനുള്ള അവസരം കൂടിയാണ് ഈ ഉപതിരഞ്ഞെടുപ്പ്. കെ വി തോമസ് എല്‍ ഡി എഫ് പക്ഷത്തേക്ക് വരാന്‍ ഇടയാക്കിയത് അതുകൊണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്‍ ഡി എഫിന്റെ കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് എത്തിയിരുന്നു.

ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ദേശീയ തലത്തില്‍ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുണ്ട്. അത് മൂര്‍ച്ഛിച്ച് വരുന്ന നിലയാണ് കാണാന്‍ കഴിയുന്നത്. മത നിരപേക്ഷത തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കം. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത സമീപനം ഭരണകര്‍ത്താക്കളില്‍ നിന്നും ഉയര്‍ന്നു വരുന്നു.രാജ്യമാകെ സ്വാഗതം ചെയ്യുന്ന ഉന്നതമായ നിലപാട് ഇന്നലെ കോടതി സ്വീകരിച്ചു. അത് എല്ലാവരും സ്വാഗതം ചെയ്തു.

കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും അസഹിഷ്ണുതയാണ് എന്നത് കേന്ദ്രമന്ത്രിയുടെ വാക്കുകളില്‍ പ്രകടമാണ്. ലക്ഷ്മണ രേഖ കടക്കാന്‍ പാടില്ല എന്നത് ഭീഷണിയുടെ സ്വരം. എല്ലാം തങ്ങള്‍ക്ക് വിധേയമാകണം എന്ന സമീപനം. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ചൊല്‍പ്പടിക്ക് നില്‍ക്കണം എന്ന നിലപാട്. മതനിരപേക്ഷത നിലനില്‍ക്കണം എന്ന് മഹാഭൂരിപക്ഷം ആഗ്രഹിക്കുന്നു. എന്നാല്‍ അത് തകര്‍ക്കാനാണ് കേന്ദ്രം സന്നദ്ധമാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here