തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാംദിനവും ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. ആലപ്പുഴ ആറാട്ടുപുഴയിൽ കടൽക്ഷോഭമുണ്ടായി.  കോഴിക്കോട് പയ്യാനക്കലിൽ നൂറോളം വീടുകളിൽ വെള്ളംകയറി. വടക്കൻ കേരളത്തിലെ 4 ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ദുരന്ത സാധ്യതാ പ്രദേശങ്ങളുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വടക്കൻ കേരളത്തിലാണ് ഇന്ന് മഴക്കെടുതി ഏറ്റവും രൂക്ഷം. വെള്ളക്കെട്ട് പലയിടത്തും ജനങ്ങളെ ദുരിതത്തിലാക്കി. നിരവധി വീടുകളിൽ വെള്ളം കയറി. 207 മില്ലീമീറ്റർ മഴ പെയ്ത കണ്ണൂർ ജില്ലയിലെ ചെറുതാഴത്താണ് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മഴ കിട്ടിയത്.
ആലപ്പുഴ ആറാട്ടുപുഴ വലിയഴീക്കൽ പാലത്തിന് സമീപമുള്ള പ്രദേശത്ത് കടൽ കയറി. അപ്രോച്ച് റോഡിലും വെള്ളം കയറിയതോടെ ഇതു വഴിയുള്ള ഗതാഗതം ദുഷ്‌കരമായി. പെരുമ്പാടി, തറയിൽകടവ് പ്രദേശങ്ങളിലും വെള്ളം കയറി. വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് കടലിൽ പോയ മൂന്ന് മത്സ്യത്തൊഴിലാളികൾ ബോട്ടിൻറെ എഞ്ചിൻ തകരാർ കാരണം കടലിൽ കുടുങ്ങി. ഇവരെ കോസ്റ്റൽ പൊലീസ് രക്ഷിച്ചു.  
കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലും ശക്തമായ മഴ പെയ്തു. ഇടുക്കിയിൽ പരക്കെ മഴയുണ്ടായിരുന്നു, എന്നാൽ കാര്യമായ ശക്തി ഉണ്ടായിരുന്നില്ല. ഇപ്പോഴും പല സ്ഥലത്തും നേരിയ മഴ തുടരുന്നു, നാശ നഷ്ടം ഒന്നും ഉണ്ടായിട്ടില്ല. പത്തനംതിട്ടയിയിൽ വിവിധ ഇടങ്ങളിൽ ഇടവിട്ട് മഴ പെയ്തു. ഉച്ചയ്ക്ക് ശേഷം മൂടി കെട്ടിയ അന്തരീക്ഷമാണ്. എവിടെയും കാര്യമായ നാശനഷ്ടങ്ങൾ ഒന്നും ഇല്ല

കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടൽ കൂടി കണക്കിലെടുത്തു ഏറ്റവും കൂടുതൽ ശ്രദ്ധ വെള്ളരിക്കുണ്ട് താലൂക്കിലാണ്. മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ബന്ധുവീടുകളിലേക്ക് മാറണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കലക്ടർ ഇന്നു വിവിധ വകുപ്പുകളുടെ ഓൺലൈൻ മീറ്റിങ് വിളിച്ചുകൂട്ടി. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ്  കാലാവസ്ഥാ പ്രവചനം. തമിഴ്‌നാട് മുതൽ മധ്യപ്രദേശിലെ വിദർഭ വരെ നീണ്ടുനിൽക്കുന്ന ന്യൂനമർദ്ദപാത്തിയും മഴയുടെ ശക്തി കൂട്ടും.  

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വകുപ്പുതല ഏകോപനം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ  മാറ്റി പാർപ്പിക്കണം. ആവശ്യമായ ക്യാംപുകൾ സജ്ജമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നദിയിൽ എക്കൽ അടിഞ്ഞു കൂടി ഒഴുക്ക് തടസപ്പെടുന്നില്ലെന്ന് ജലവിഭവ വകുപ്പ് ഉറപ്പാക്കണമെന്നും നിർദേശമുണ്ട് . താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂം തുറന്ന റവന്യൂവകുപ്പ്, അടിയന്ത സാഹചര്യം കണക്കിലെടുത്ത് ജീവനക്കാരുടെ അവധി റദ്ദാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here