രാജേഷ് തില്ലങ്കേരി


കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇനി ശേഷിക്കുന്നത് ഒൻപതു ദിവസം മാത്രമാണ്. ഇതോടെ ഇരുമുന്നണികളും ശക്തമായ പോരാട്ടത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ ഡി എഫും കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ നേതൃത്വത്തിൽ യു ഡി എഫും അരയും കൈയ്യും മുറുക്കി രംഗത്തുണ്ട്. ഏറെ വാശിയേറിയ തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിൽ നടക്കുന്നത്. യു ഡി എഫിന്റെ ഉരുക്ക് കോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന തൃക്കാക്കര നിലനിർത്തുകയെന്ന ദൗത്യമാണ് യു ഡി എഫിനെങ്കിൽ, തൃക്കാക്കര പിടിച്ചെടുത്ത് സെഞ്ച്വറി തികയ്ക്കുകയെന്ന ചരിത്ര ദൗത്യമാണ് എൽ ഡി എഫിനുള്ളത്.

 കോൺഗ്രസ് നേതാവും സിറ്റിംഗ് എം എൽ എയുമായിരുന്ന പി ടി തോമസിന്റെ ആകസ്മികമായ വിടവാങ്ങലോടെയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേത്ത് നീങ്ങിയത്. സാധാരണ കോൺഗ്രസിന് ഏറെ വിജയസാധ്യതയുള്ള മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥിയെ തീരുമാനിക്കുകയെന്നത് വലിയ കീറാമുട്ടിയായാണ് ഭവിക്കാറ്. എന്നാൽ തൃക്കാക്കരയിൽ പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ഏറെ മു്‌ന്നേറാൻ കോൺഗ്രസിന് കഴിഞ്ഞു. ഇത് യു ഡി എഫ് ക്യാമ്പിൽ ശുഭപ്രതീക്ഷ സൃഷ്ടിച്ചു. ആദ്യ ഘട്ടത്തിൽ യു ഡി എഫ് കൺവീനറും മുൻ മന്ത്രിയുമായ ഡൊമനിക് പ്രസന്റേഷനെ പോലുള്ള ചില കോൺഗ്രസ് നേതാക്കൾ മുറുമുറുപ്പുമായി രംഗത്തെത്തിയിരുന്നുവെങ്കിലും കോൺഗ്രസിൽ പടലപിണക്കങ്ങളും കൊഴിഞ്ഞു പോക്കും അത്രയേറെ ഉണ്ടായില്ല എന്നതും യു ഡി എഫ് ക്യാമ്പിൽ ഏറെ ആശ്വാസം പകർന്നു.

ഇതേ സമയം എൽ ഡി എഫ് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു. ആദ്യം സി പി എം ജില്ലാ കമ്മിറ്റി അംഗമായ അഡ്വ അരുൺകുമാറിനെ സ്ഥാനാർത്ഥിയായി കണ്ടെത്തിയെങ്കിലും പിന്നീട് അതിൽ മാറ്റം വന്നു. അപ്രതീക്ഷിതമായി വന്ന സ്ഥാനാർത്ഥിയായിരുന്നു ഡോ ജോ ജോസഫ്. സഭയുടെ ഉടമസ്ഥതയിലുള്ള ലിസി ആശുപത്രിയിലെ ഹൃദ്‌രോഗ വിദഗ്ധനായ ഡോ ജോ ജോസഫിന്റെ നാടകീയമായ വരവ് ഏറെ വിവാദങ്ങൾക്ക് വഴിവച്ചു. ലിസി ആശുപത്രിയിൽ സി പി എം നേതാക്കൾക്കൊപ്പം ആശുപത്രി അധികൃതർ പങ്കെടുത്ത പത്രസമ്മേളനത്തിലൂടെയാണ് സ്ഥാനാർത്ഥിയെ മാധ്യമങ്ങൾക്ക് മുന്നിൽ സി പി എം അവതരിപ്പിച്ചത്. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്.
എന്തായാലും പ്രതിപക്ഷ നേതാവുകൂടിയായ വി ഡി സതീശൻ ഇടത് സ്ഥാനാർത്ഥിക്കെതിരെ ശക്തമായ ആരോപണവുമായി രംഗത്തുവന്നു. ഇത് ഇടത് ക്യാമ്പിനെ അസ്വത്ഥരാക്കി, ഡോ ജോ ജോസഫ് പാർട്ടി സ്ഥാനാർത്ഥിയാണെന്ന് സ്ഥാപിച്ചെടുക്കാൻ ഒട്ടേറെ അനുബന്ധ നാടകങ്ങളുമായി നേതാക്കൾ ഒരുമിച്ചെത്തി. എന്തായാലും ബാഹ്യ ഇടപെടലുണ്ടായി എന്ന ആരോപണം തൽക്കാലം കോൺഗ്രസ് വിഴുങ്ങിയെങ്കിലും അതുണ്ടാക്കിയ വിവാദങ്ങളുടെ കിരണങ്ങൾ ഇപ്പോഴും തൃക്കാക്കരയിൽ തങ്ങിനിൽക്കുന്നുണ്ട്.
സഭാ നേതൃത്വവും കർദിനാൽ മാർ ജോർജ് ആലഞ്ചേരിയും പിന്നീട് ഈ ആരോപണങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തി. ഡോ ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയല്ലെന്നും ലിസിയിൽ പത്രസമ്മേളനം നടത്തിയത് ആകസ്മികമാണെന്നും സഭാ നേതൃത്വം ആവർത്തിച്ചു.
ഇതേ സമയത്താണ് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്ന കെ വി തോമസും രംഗത്തിറങ്ങുന്നത്. കോൺഗ്രസിന്റെ ചിന്തൻ ശിബിരം നടക്കുന്നതിന്റെ തലേദിവസം കെ വി തോമസ് ഇടത് കൺവെൻഷനിൽ മുഖ്യാതിഥിയായി എത്തിയതോടെ തോമസ് മാഷിനെ പുറത്താക്കുന്നതായി പ്രഖ്യാപനവും വന്നു.

സഭാ സ്ഥാനാർത്ഥി വിവാദം കെട്ടടങ്ങുമ്പോഴാണ് മറ്റൊരു വിവാദത്തിന് തിരികൊളുത്തുന്നത്. അത് മുഖ്യമന്ത്രി പിണറായി വിജയനെ കെ സുധാകരൻ അധിക്ഷേപിച്ചു എന്നതായിരുന്നു അത്. തൃക്കാക്കരയിൽ പരാജയം മണത്ത മുഖ്യമന്ത്രി ചങ്ങല പൊട്ടി പട്ടിയെപോലെ തലങ്ങും വിലങ്ങും ഓടുകയാണെന്നായിരുന്നനു കെ സുധാകരന്റെ പ്രസംഗം. മുഖ്യമന്ത്രിയെ പട്ടിയെ്ന്നു വിളിച്ചെന്ന ആരോപണത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
വികസ രാഷ്ട്രീയമാണ് തൃക്കാക്കരയിൽ ഉയർത്തിപ്പിടിക്കുകയെന്ന് പ്രഖ്യാപിച്ച എൽ ഡി എഫ് വിവാദങ്ങളെയാണ് ഉയർത്തിപ്പിടിക്കുന്നതെന്നാണ് യു ഡി എഫ് ഉയർത്തുന്ന പ്രധാന ആരോപണം. പരാജയപ്പെടുമെന്ന് ബോധ്യമായതോടെ എൽ ഡി എഫ് വിവാദങ്ങൾ സ്വയം സൃഷ്ടിക്കുകയാണെന്നാണ് യു ഡി എഫിന്റെ ആരോപണം. മന്ത്രിമാരും എം എൽ എമാരും അടക്കം അറുപത് ജനപ്രതിനിധികൾക്കാണ് തൃക്കാക്കര മണ്ഡലത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. എൽ ഡി എഫ് 100 സീറ്റിലേക്ക് എന്നതാണ് മുദ്രാവാക്യം. എന്നാൽ ആ ലക്ഷ്യം നേടാനുള്ള സാധ്യത തീരെയില്ലെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന അവസാന സൂചനകൾ. അതിനുള്ള കാരണങ്ങൾ നിരവധിയാണ്.
അതിൽ ഒന്ന് കഴിഞ്ഞ തവണ നിർണായ ശക്തിയായിരുന്ന ട്വന്റി ട്വന്റി ഇത്തവണ മത്സരംഗത്തില്ല എന്നതു തന്നെയാണ്. കഴിഞ്ഞ തവണ 13000 വോട്ടുകളാണ് അവർ പിടിച്ചത്. 10 ശതമാനം വോട്ടാണ് ട്വന്റി ട്വന്റി നേടിയിരുന്നത്. ആ വോട്ടുകൾ പ്രധാനമായും യു ഡി എഫിന് ലഭിക്കേണ്ടിയിരുന്നതാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അവർ രാഷ്ട്രീയ നിലപാട് വ്യക്തവാക്കിയിട്ടില്ലെങ്കിലും എൽ ഡി എഫിന് അനുകൂലമായി ആ വോട്ടുകൾ ലഭിക്കില്ലെന്ന് വ്യക്തമാണ്. കഴിഞ്ഞ തവണ വോട്ടെടുപ്പ് നടക്കുമ്പോഴുണ്ടായ രാഷ്ട്രീയ കാലാവസ്ഥയല്ല ഇന്നുള്ളത്. ട്വന്റി ട്വന്റി യും സി പി എം നേതൃത്വവുമായുണ്ടായ പോരാട്ടം, ഒരു പ്രവർത്തകൻ കൊലചെയ്യപെട്ടതുമെല്ലാം എൽ ഡി എഫിന് അനുകൂല  നിലപാട് പ്രഖ്യാപിക്കാൻ ട്വന്റി ട്വന്റിക്ക് ആവില്ല. അത്തരമൊരു നിലപാട് സാബു എം ജേക്കബ്ബ് പ്രഖ്യാപിച്ചാൽ പോലും അത് വോട്ടർമാർ സ്വീകരിക്കില്ല. ആം ആദ്മിയുമായി സഖ്യമുണ്ടാക്കിയ സാഹചര്യത്തിൽ ആം ആദ്മി നിലപാടാണ് വോട്ടർമാരെ സ്വാധീനിക്കുകയെന്നാണ് സി പി എമ്മിന്റെ വിലയിരുത്തൽ. എന്നാൽ എൽ ഡി എഫിന് വോട്ടുചെയ്യുമെന്ന് ആം ആദ്മിക്കും പ്രഖ്യാപിക്കാൻ പറ്റാത്ത സാഹചര്യമാണ്. ആം ആദ്മി പാർട്ടിക്ക് ശക്തമായ നേതൃത്വം കേരളത്തിൽ നിലവിൽ ഇല്ല. ട്വന്റി ട്വന്റി ചീഫ് കോ-ഓഡിനേറ്റർ എന്ന നിലയിൽ സാബുവിനെ കണ്ട് വോട്ട് അനുകൂലമാക്കാൻ ഇരു മുന്നണികളും ശ്രമിക്കുന്നുണ്ട്. കുന്നത്തുനാട് എം എൽ എ പിവി ശ്രീനിജൻ സാബുവിനെതിരെ നടത്തിയ പ്രസ്താവനകളെ മന്ത്രി പി രാജീവ് തള്ളിയത് ചില നീക്കുപോക്കുകളുടെ ഭാഗമായാണ്. എല്ലാ പ്രശ്‌നങ്ങൾക്കും കാരണക്കാരൻ ശ്രിനിജനാണെന്ന് പറഞ്ഞ് ട്വന്റി ട്വന്റി വോട്ടുകൾ നേടാനുള്ള അവസാന അടവുകളും സി പി എം പയറ്റുന്നുണ്ട്. എന്നാൽ അതൊന്നും വിലപ്പോവില്ലെന്നാണ് ലഭിക്കുന്ന അവസാന സൂചനകൾ.
പാലാരിവട്ടം പാലത്തിന്റെ അഴിമതിയാരോപണം മണ്ഡലത്തിൽ പ്രധാനമായി ഉന്നയിച്ചു മുന്നേറവെയാണ്  കോഴിക്കോട് നിർമ്മാണത്തിലുള്ള പാലം തകർന്നുവീണത്. ഇതോടെ എൽ ഡി എഫ് ക്യാമ്പിന് തിരിച്ചടിയായി.
കെ റെയിൽ വികസന വിഷയം ആദ്യ ഘട്ടത്തിൽ സി പി എം ഉയർത്തിക്കാണിച്ചെങ്കിലും മണ്ഡലത്തിൽ കെ റെയിൽ ചർച്ചയായില്ല. കെ റെയിൽ തിരിച്ചടിയാവുമെന്ന തിരിച്ചറിവാണ് നേതാക്കൾക്ക്.

ഇരുപതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് വിജയിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളതെന്ന് യു ഡി എഫ് വിലയിരുത്തുന്നു. മണ്ഡലത്തിലെ പൊതു ട്രന്റും അതാണ്. യു ഡി എഫിൽ പ്രത്യേകിച്ച്  കോൺഗ്രസിൽ ശക്തമായ ഐക്യം നിലനിൽക്കുന്നതാണ് യു ഡി എഫിന്റെ ഈ ആത്മവിശ്വാസത്തിനുള്ള പ്രധാന കാരണം. കെ വി തോമസ് ഫാക്ടറൊന്നും യു ഡി എഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും വ്യക്തമാണ്.

എൽ ഡി എഫിന് വലിയ തോൽവിയുണ്ടാവുമെന്ന രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിന് മുഖ്യമന്ത്രി നേരിട്ട് ചുക്കാൻ പിടിക്കാനായി എത്തിയതും, കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ചെയ്യുന്നന്നതും.  എൽ ഡി എഫ് കൺവീനറും മുൻ മന്ത്രിയുമായ ഇ പി ജയരാജൻ, മന്ത്രി പി രാജീവ്, മുൻ തൃപ്പൂണിത്തുറ എം എൽ എ എം സ്വരാജ് എന്നിവരാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നത്. തങ്ങൾക്ക്  വിജയം ഉറപ്പാണെന്ന് പറയുമ്പോഴും സി പി എം കേന്ദ്രങ്ങളിൽ അത്ര പ്രതീക്ഷയിലല്ല കാര്യങ്ങൾ.

 ശക്തമായ മഴയിലും മുന്നണി സ്ഥാനാർത്ഥികൾ സജീവമായി പ്രചരണ രംഗത്തുണ്ട്. കനത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥി യും മണ്ഡലത്തിൽ സജീവമാണെങ്കിലും നിർണായക ശക്തിയല്ല ബി ജെ പി.

തൃക്കാക്കരയിലാണ് കേരളത്തിലെ മുഴുവൻ കണ്ണുകളും, ആരായിരിക്കും തൃക്കാക്കരയിൽ വിജയിച്ചുകയറുക ?  രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന പിണറായി സർക്കാരിന് തൃക്കാക്കര എന്താണ് നൽകുകയെന്ന് കാത്തിരുന്ന് കാണുക.

LEAVE A REPLY

Please enter your comment!
Please enter your name here