കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരും പാർട്ടിയും നടിക്കൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാൻ സർക്കാർ പ്രജിജ്ഞാബദ്ധമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നടിയുടെ ആവശ്യം പരിഗണിച്ചാണ് വനിതാ ജഡ്ജിയെ വച്ചത്. സർക്കാർ അഭിഭാഷകരെ നിയോഗിക്കുന്നതിൽ അതിജീവിതയുടെ താത്പര്യം കണക്കിലെടുത്തുവെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

പരാതി ഉണ്ടെങ്കിൽ നേരത്തെ കോടതിയെ അറിയിക്കേണ്ടതല്ലേ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു. അതിജീവിത പറഞ്ഞയാളെയാണ് പ്രോസിക്യൂട്ടർ ആക്കിയത്. അതിജീവിതയുടെ താത്പര്യമാണ് സർക്കാർ താത്പര്യമായ പരിഗണിച്ചത്. നടിക്ക് എല്ലാ സംരക്ഷണവും പാർട്ടിയും സർക്കാരും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സമയത്തെ നടിയുടെ പരാതി ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. പരാതി നൽകുന്നതിന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയം തെരഞ്ഞെടുത്തതിൽ ആശങ്കയുണ്ടെന്നും കോടിയേരി പറയുന്നു. യുഡിഎഫ് നടത്തുന്നത് തൃക്കാക്കര കണക്കാക്കിയുള്ള പ്രചരണമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

സംസ്ഥാന ചലച്ചിത്ര അവാർഡിൽ അതിജീവിതയെ ചീഫ് ഗസ്റ്റാക്കിയ ഒരു സർക്കാരാണ് കേരളത്തിലേത്. അതിലൂടെ അതിജീവിതയ്‌ക്കൊപ്പമാണ് സംസ്ഥാന സർക്കാർ എന്ന സന്ദേശമാണ് നൽകുന്നത് എന്നും കോടിയേരി വ്യക്തമാക്കി. അതിനാൽ, ഇത്തരത്തിലുള്ള പ്രചാര വേലകൾക്ക് അൽപ്പായുസ് മാത്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിഭാഷകർക്ക് എല്ലാ രാഷ്ട്രീയ നേതാക്കന്മാരുമായി ബന്ധമുണ്ടാകും. ഈ പറയുന്ന അഭിഭാഷകർ ഏതെങ്കിലും പാർട്ടിയുടെ ആളുകളാണോ, അവരെല്ലാം എല്ലാ പാർട്ടിയുടേയും കേസുകൾ നടത്തുന്ന അഭിഭാഷകരാണ്. അത്തരത്തിലുള്ള കാര്യങ്ങൾ നിയമപരമായി പരിശോധിച്ചിട്ട് മാത്രമേ ചെയ്യൂ എന്നും കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here