കൊച്ചി: കേരളക്കര ഇതുവരെ കാണാത്ത ആവേശത്തോടെ മൂന്ന് മുന്നണികളുടെയും സമുന്നത നേതാക്കളെല്ലാം ആഴ്‌ചകളോളം മണ്ഡലത്തില്‍ തന്നെ തമ്ബടിച്ച്‌ പ്രചാരണം ഉഷാറാക്കിയ ആദ്യ ഉപതിരഞ്ഞെടുപ്പെന്ന പെരുമയോടെ തൃക്കാക്കര തിരഞ്ഞെടുപ്പ് പൂരത്തിന്റെ ആവേശം അലകടലായി കൊട്ടിയിറങ്ങി.

 

ഇന്നലെ വൈകിട്ട് അഞ്ചുമുതല്‍ ആറുവരെ നടന്ന കൊട്ടിക്കലാശത്തിന് വേദിയായ പാലാരിവട്ടം അക്ഷരാര്‍ത്ഥത്തില്‍ അണികളുടെ സാഗരമായി. തൃക്കാക്കരയുടെ വീഥികളിലൂടെ മൂന്നായി ഒഴുകിയെത്തിയ ജനസാഗരം പാലാരിവട്ടം ജംഗ്ഷനില്‍ ത്രിവേണി സംഗമെന്നകണക്കേ വന്നൊന്നായി അലിഞ്ഞു.

കൃത്യം 5ന് ഇടതുസ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫും പരിവാരങ്ങളും കളംപിടിച്ചു. ക്രെയിനിന്റെ മുന്‍കൈയിലെ ബക്കറ്രില്‍ കയറി വാനിലുയര്‍ന്നുനിന്ന സ്ഥാനാര്‍ത്ഥി പാര്‍ട്ടിപ്പതാക വീശി അണികളെ ആവശേഭരിതരാക്കി. മന്ത്രി പി.രാജീവ്, എം.സ്വരാജ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

തൊട്ടുപിന്നാലെ കോട്ടകാക്കാനാറിങ്ങിയ ഉമാ തോമസും സംഘവുമെത്തി. തുറന്ന ജീപ്പില്‍ നടന്‍ രമേഷ് പിഷാരടിയുടെ താരപ്പൊലിമയിലായിരുന്നു രംഗപ്രവേശം. കോണ്‍ഗ്രസ് നേതൃനിരയിലെ യുവതുര്‍ക്കികളായ പി.സി.വിഷ്ണുനാഥും ഷാഫി പറമ്ബിലുമുള്‍പ്പെടെ നേതാക്കളും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും അനുഗമിച്ചു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും അവസാനമെത്തിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍ പി.സി.ജോര്‍ജിനും കെ.സുരേന്ദ്രനുമൊപ്പം എത്തിയതോടെ ത്രിവേണിസംഗമം പൂര്‍ത്തിയായി. മണ്ണുമാന്തി യന്ത്രവുമായായിരുന്നു എന്‍.ഡി.എയുടെ രംഗപ്രവേശം.

പൂരപ്പെരുമയില്‍ കൊട്ടിക്കലാശം

കൊട്ടും കുരവയും ആര്‍പ്പുവിളിയും പൂക്കാവടിയുമൊക്കെയായി മൂന്ന് ചെറുപൂരങ്ങള്‍ സംഗമിച്ച്‌ കൊടിമാറ്റവും വെടിക്കെട്ടുമായി കൊട്ടിയിറങ്ങിയതാണോയെന്ന് തോന്നിക്കുംവിധമാണ് കലാശക്കൊട്ടിന്റെ ആവേശം കത്തിക്കയറിയത്. അവസാനപൂരത്തിലെ തലയെടുപ്പുള്ള കൊമ്ബനായത് പി.സി.ജോര്‍ജ് തന്നെ.

പൊലീസ് നോട്ടീസിട്ട് വഴിമുടക്കാന്‍ ശ്രമിച്ചെങ്കിലും വഴുതിമാറിയ ജോര്‍ജ് തൃക്കാക്കരയില്‍ ഇന്നലെ താരമായി. രാവിലെ മുതല്‍ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചശേഷമാണ് ജോര്‍ജ് കലാശക്കൊട്ടിലെത്തിയത്.

വ്യത്യസ്ത മുന്നണിക്കാര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ പരസ്‌പരം വേര്‍തിരിക്കാനാവാതെ കൂടിക്കുഴഞ്ഞു. താളം ആരുടേതെന്ന് നോക്കാതെ മതിമറന്ന് ഏവരും ചുവടുവച്ചു. തീപ്പൊരിവീണാല്‍ ആളിക്കത്താന്‍ സാദ്ധ്യതയുള്ള കലാശക്കൊട്ട് ആക്ഷേപമില്ലാതെ അവസാനിച്ചത് പൊലീസിനും ആശ്വാസമായി.

തൃക്കാക്കര മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ധൂപകുറ്റിയില്‍ കുന്തിരിക്കം പുകച്ചും എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരപ്പൂവ് വിതരണം ചെയ്തും നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് നടത്തിയ വോട്ടുപിടിത്തം ശ്രദ്ധേയമായി. സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ് ‘വോട്ട് ഫോര്‍ എ.എന്‍.ആര്‍” പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എ.റഹിം, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എന്‍.ഗിരി,​ ഭാരവാഹികളായ ജെയിംസ് കുന്നപ്പള്ളി, അയൂബ് മേലേടത്ത്, രജ്ഞിത്ത് ഏബ്രഹാം തോമസ്, ആന്റണി ജോസഫ്, ഐസക്ക് നൈനാന്‍, ജില്ലാ പ്രസിഡന്റ് ജോയി എളമക്കര, ഉഷാ ജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here