കോട്ടയം: വിദ്വേഷ പ്രസംഗ കേസില്‍ പോലീസ് പറയുന്ന എവിടെ വേണമെങ്കിലും എത്താമെന്ന് ഉറപ്പ് നല്‍കി പി.സി ജോര്‍ജ്.

തിരുവനന്തപുരം പോലീസിന് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് തനിക്ക് നിരന്തരം നോട്ടീസ് വന്നതായി പി.സി വെളിപ്പെടുത്തി. എന്നാല്‍, തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം താന്‍ വരാമെന്ന് അറിയിച്ചെങ്കിലും ആലോചിച്ച്‌ പറയാമെന്ന മറുപടിയാണ് പോലീസ് തരുന്നതെന്ന് പി.സി പറയുന്നു.

ഞായറാഴ്ച പള്ളിയില്‍ പോവേണ്ട ദിവസമാണെന്ന് പോലീസുകാര്‍ക്ക് അറിയില്ലേയെന്നും പി.സി ജോര്‍ജ് ചോദിച്ചു. നിയമം ലംഘിക്കാതിരിക്കാന്‍ ഹെലികോപ്ടര്‍ വിളിച്ച്‌ ഹാജരാവുന്നതിനെ പറ്റി വരെ ആലോചിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. അതോടൊപ്പം, താന്‍ ബി.ജെ.പിയില്‍ ചേരുകയാണെന്ന അഭ്യൂഹങ്ങളും പി.സി തള്ളി. താന്‍ ബി.ജെ.പിയിലേക്ക് ഇല്ലെന്നും, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞാനൊരു നല്ല ക്രൈസ്തവനാണ്. പള്ളിയില്‍ പോകാറുണ്ട്. ലോകം മുഴുവന്‍ ഞായറാഴ്ച പള്ളിയില്‍ പോവുന്ന ദിവസമാണ്. ഞായറാഴ്ച്ച 11 മണിക്ക് അവിടെ ഹാജരാകാന്‍ പറയാന്‍ പോലീസുകാരനെന്താണ് കാര്യം. കാക്കിയിട്ടപ്പോള്‍ പോലീസിന്റെ ബോധം പോയോ. ഞാന്‍ പള്ളിയില്‍ പോയി നേര്‍ച്ചയിട്ട ശേഷമാണ് തൃക്കാക്കരയില്‍ പോലും പോയത്. എനിക്ക് നോട്ടീസ് തരണമെങ്കില്‍ ഒരെണ്ണം തന്നാല്‍ പോരെ. നാല് നോട്ടീസാണ് കിട്ടിയത്. മനുഷ്യനെ കളിയാക്കുകയാണോ വിവരം കെട്ടവന്മാര്. ഒരു പരിധിവേണ്ടേ ഇതിനൊക്കെ. ഹാജരാവാന്‍ കഴിയില്ലെന്ന് നോട്ടീസ് കിട്ടിയ ഉടന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. അന്നെങ്കിലും സത്യം വിളിച്ച്‌ പറയണ്ടെ. ഇന്നലെ തന്നെ ഹാജരാകണം എന്നായിരുന്നെങ്കില്‍ ഹെലികോപ്റ്റര്‍ എടുത്ത് പോകുന്നതിനെക്കുറിച്ച്‌ പോലും ആലോചിച്ചിരുന്നു. ഹെലികോപ്റ്റര്‍ ബുക്ക് ചെയ്തിരുന്നു. പണം പോയാലും വേണ്ടില്ല നിയമം ലംഘിച്ചെന്ന് വേണ്ട. എന്നാല്‍ പോലീസിനെ വിളിച്ചപ്പോള്‍ ഫോണെടുത്തില്ല. പിന്നീട് മകന്‍ വിളിച്ചപ്പോള്‍ ആലോചിച്ചു പറയാം എന്നാണ് പറഞ്ഞത്. അവര്‍ ആലോചിക്കുകയാണ് ഇതുവരെ തീരുമാനം പറഞ്ഞില്ല’, പി.സി ജോര്‍ജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here