തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിൻറെ രഹസ്യമൊഴി രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഎം. കാറ്റ് പിടിക്കാതെ പോയ നുണക്കഥകൾ വീണ്ടും പ്രചരിപ്പിക്കുകയാണെന്നും കഴമ്പില്ലെന്ന് കണ്ടെത്തിയ കാര്യങ്ങൾ വീണ്ടും ആവർത്തിക്കുകയാണെന്നും സിപിഎം ആരോപിച്ചു. കേന്ദ്ര ഏജൻസിയെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിത്. ബിജെപി രാജ്യവ്യാപകമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള ഈ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നട്ടാൽ പൊടിക്കാത്ത നുണകളെ വീണ്ടും നനച്ച് വളർത്താനാണ് ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇത് കേരളീയ സമൂഹം പുച്ഛിച്ച് തള്ളുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കി.

രാഷ്ട്രീയ താൽപര്യത്തോടെ കേന്ദ്ര ഏജൻസികളേയും ചില മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ് പിടിക്കാതെ പോയ നുണക്കഥകൾ തന്നെയാണ് ഇപ്പോൾ രഹസ്യമൊഴി എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി ബിജെപി സർക്കാർ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാൻ സമ്മർദ്ദമുണ്ടെന്ന കാര്യം സ്വപ്ന സുരേഷ് ആദ്യ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയതാണ്. രഹസ്യമൊഴി എന്ന് പറഞ്ഞ് നേരത്തെ പല ഏജൻസികളും പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കാര്യങ്ങൾ വീണ്ടും ആവർത്തിക്കുകയാണെന്ന് സിപിഎം ആരോപിച്ചു.

രഹസ്യ മൊഴി നൽകുകയും അത് ഉടനെ തന്നെ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്യുക എന്നത് വ്യക്തമാക്കുന്നത് ഇവയാകെ നേരത്തെ തയ്യാറാക്കിയ തിരക്കഥകളുടെ ഭാഗമാണെന്നാണ്.  മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് നേരെ പോലും ഉയർത്തിയ അപകീർത്തികരമായ പ്രസ്താവനകൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഒരിക്കൽ പരാജയപ്പെട്ട തിരക്കഥകളും പ്രചരണങ്ങളും വീണ്ടും കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്നാണ് ഇപ്പോൾ ചിലർ കരുതുന്നത്. ഇത്തരത്തിൽ നട്ടാൽ പൊടിക്കാത്ത നുണകളെ വീണ്ടും നനച്ച് വളർത്തുവാനുള്ള ശ്രമങ്ങൾ കേരളീയ സമൂഹം പുച്ഛിച്ച് തള്ളുക തന്നെ ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് സ്വപ്ന സുരേഷിൻറെ പുതിയ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ,  ഭാര്യ കമല, മകൾ വീണ, എം ശിവശങ്കർ, കെ ടി ജലീൽ അടക്കമുള്ളവർക്ക് വിദേശത്തേക്ക് കറൻസി കടത്തിയതിൽ പങ്ക് വെളിപ്പെടുത്തിയാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്നാണ് സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തൽ. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമായിരുന്നു സ്വപ്നയുടെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here