പാലക്കാട്: തന്റെ അഭിഭാഷകനെതിരെ കൂടി പൊലീസ് കേസെടുത്ത സാഹചര്യം മാദ്ധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കുഴഞ്ഞു വീണു. മാദ്ധ്യമപ്രവർ‌ത്തകരുമായി സംസാരിച്ച ശേഷം ചോദ്യങ്ങളിലേക്ക് കടക്കുന്നതിന് മുമ്പായാണ് സ്വപ്ന കുഴഞ്ഞുവീഴുന്നത്. താൻ കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഉറച്ചുനിൽക്കുകയാണെന്നും അഭിഭാഷകനെതിരെ കേസെടുക്കുമെന്ന് ഷാജ് കിരൺ പറഞ്ഞത് ഇതോടുകൂടി ശരിയായെന്നും സ്വപ്ന പറഞ്ഞു. പഴയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിലാണ് സ്വപ്നയുടെ അഭിഭാഷകനെതിരെ ഇന്ന് കേസെടുത്തത്.

ഇപ്പോൾ തനിക്ക് അഭിഭാഷകനില്ലാത്ത അവസ്ഥയാണെന്നും എന്തിനാണ് തന്നെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതെന്നും സ്വപ്ന ചോദിച്ചു. തന്റെ കൂടെയുള്ളവരെ നിരന്തരം ആക്രമിക്കാതെ തന്നെ ഒറ്റയടിക്ക് കൊന്നുകൂടെയെന്നും സ്വപ്ന ചോദിച്ചു. ഒരു കാരണവുമില്ലാതെ ഭീകരവാദിയെപോലെയാണ് തന്നെ വേട്ടയാടുന്നതെന്നും ഷാജ് കിരണിനെതിരെ എന്ത് കൊണ്ട് കേസെടുക്കുന്നില്ലെന്നും സ്വപ്ന ചോദിച്ചു.

വാർത്താസമ്മേളനത്തിന് ശേഷം ചോദ്യങ്ങളിലേക്ക് കടക്കുന്നതിനിടെ സ്വപ്ന അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയും മാദ്ധ്യമങ്ങൾക്ക് മുന്നിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സ്വപ്നയ്ക്ക് വലിയ രീതിയിലുള്ള ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നെന്നും തീർത്തും അവശയായിരുന്നെന്നും കുടുംബാംഗങ്ങൾ പിന്നീട് പറഞ്ഞു.

സ്വപ്ന സുരേഷിന്റെ അഭിഭാഷകനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. അഡ്വ. ആർ. കൃഷ്ണരാജിനെതിരെയാണ് മത നിന്ദ ആരോപിച്ച് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിനാണ് കേസെടുത്തത്. കൃഷ്ണരാജിനെതിരെ 294 എ എന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി.ആർ. നൽകിയ പരാതിയിലാണ് കേസെടുത്തത്. കൃഷ്ണരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അടക്കം വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here