സ്ഥാനാർഥിത്വത്തിന് വേണ്ടി ടി.എൻ.പ്രതാപന്റെ നാടകം. മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറിനിന്ന ടി എൻ പ്രതാപൻ കയ്പമംഗലം സീറ്റ് രാഹുൽ ഗാന്ധിയോട് ചോദിച്ച് വാങ്ങുകയായിരുന്നെന്ന് ആക്ഷേപം.

കൊടുങ്ങല്ലൂർ സുരക്ഷിതമല്ലെന്ന് മനസിലാക്കിയ ടി എൻ പ്രതാപൻ കയ്പമംഗലത്തേക്കോ മണലൂരിലേക്കോ മാറി മത്സരിക്കാൻ താല്പര്യപ്പെട്ടിരുന്നു. കൊടുങ്ങല്ലൂർ കെ പി ധനപാലന് നൽകാൻ വേണ്ടിയാണ് ഈ മാറ്റം എന്നായിരുന്നു ന്യായീകരണം. പക്ഷെ നേതാക്കളാരും യോജിച്ചില്ല. ഇതോടെ ഒരു തവണത്തേക്ക് മാത്രം മത്സരരംഗത്ത് നിന്ന് മാറുന്നതായി പരസ്യമായി പ്രഖ്യാപിച്ചു. വി.എം.സുധീരൻ അതിനെ സ്വാഗതം ചെയ്തു

കയ്പമംഗലത്ത് കെ എസ് യു നേതാവായ ശോഭാ സുഭിനെ കോൺഗ്രസ് പരിഗണിക്കുകയും ചെയ്തു. എന്നാൽ സിപിഐ, വി എസ് സുനിൽകുമാറിന് പകരം ഇ ടി ടൈസനെ സ്ഥാനാർഥി ആക്കിയതോടെയാണ് കയ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് രാഹുൽഗാന്ധിക്ക് മെയിൽസന്ദേശം അയച്ചത്. ഈ സന്ദേശം ഇന്നലെ രാഹുൽഗാന്ധി ഡൽഹിയിലെ യോഗത്തിൽ വായിച്ചു.

കയ്പമംഗലത്ത് മത്സരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടുവെന്നാണ് പ്രതാപന്റെ വിശദീകരണം. ഏതായാലും യുവാക്കൾക്ക് അവസരം നൽകാൻ വേണ്ടി വാദിച്ച പ്രതാപൻ മലക്കംമറിഞ്ഞ് മത്സരിക്കാനെത്തിയതോടെ തൃപ്പയാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ തദ്ദേശതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ ശോഭാ സുഭിൻ എന്ന 27കാരനാണ് അവസരം നഷ്ടമായത്

LEAVE A REPLY

Please enter your comment!
Please enter your name here