തിരുവനന്തപുരം :  വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞതിൽ കേരളം രാജ്യത്തിനു മാതൃകയായി തലയുയർത്തി നിൽക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ വിലക്കയറ്റം രാജ്യത്താകെ സംഭവിക്കുമ്പോൾ ജനങ്ങളെ കയ്യൊഴിയാത്ത സമീപനമാണു സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുക്കിയ എ.എ.വൈ., പി.എച്ച്.എച്ച്, പട്ടിക പ്രകാരമുള്ള ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മൊത്ത വില സൂചിക മൂന്നു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിനിൽക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 15.8 ശതമാനമാണ് ഇപ്പോഴത്തെ മൊത്ത വിലസൂചിക. ഭക്ഷ്യ വിലസൂചിക 17 മാസത്തെ ഉയർന്ന നിലയിലാണ്. 21 മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണു ധാന്യവില. ദേശീയ സാഹചര്യം ഇതായിരിക്കെ വിലക്കയറ്റം പിടിച്ചുനിർത്തുകയെന്നതു പ്രധാന കർത്തവ്യമായികണ്ടുള്ള വലിയ ഇടപെടൽ കേരളം നടത്തി. സംസ്ഥാനത്തെ വിലക്കയറ്റ സൂചിക 5.1 ശതമാനം മാത്രമാണ്. 2016 മുതലുള്ള ആറു വർഷത്തിനിടെ സപ്ലൈകോ വിതരണം ചെയ്യുന്ന 13 ഇനം അവശ്യ സാധനങ്ങൾക്കു വില വർധിപ്പിച്ചിട്ടില്ല. 2016 മേയിലെ അതേ വിലയ്ക്കാണ് ഇപ്പോഴും നൽകുന്നത്. വിശേഷ അവസരങ്ങളിൽ പൊതുവിപണികളിലൂടെ സബ്‌സിഡി നൽകി സാധനങ്ങൾ ജനങ്ങളിലെത്തിക്കുന്നുണ്ട്.

പൊതുവിതരണ രംഗത്തെ ശക്തിപ്പെടുത്തി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 2016ൽ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതിന്റെ ഭാഗമായി രാജ്യത്താകെയുള്ള റേഷൻ സംവിധാനം മുൻഗണനാ വിഭാഗങ്ങൾക്കു മാത്രമായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തി. ഇതുപ്രകാരം സംസ്ഥാനത്തെ 43 ശതമാനം ജനങ്ങൾക്കു മാത്രമാണു റേഷന് അർഹതയുള്ളവരായി കണ്ടിട്ടുള്ളത്. കേരളത്തിൽ 1,54,8040 പേർ മാത്രമാണു നിലവിൽ ഈ റേഷൻ സമ്പ്രദായത്തിനു കീഴിൽ വരുന്നത്. കേന്ദ്ര സർക്കാർ ടൈഡ് ഓവർ വിഹിതമായി നൽകുന്നതിൽനിന്നാണു നിലവിലെ ഘടനയിൽ റേഷൻ സമ്പ്രദായത്തിനു പുറത്തായ 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗങ്ങൾക്കു സംസ്ഥാന സർക്കാർ ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്. എല്ലാ ജനങ്ങൾക്കും ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന നയത്തിന്റ ഭാഗമായാണിത്. എല്ലാ വിഭാഗങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനായി കേരളത്തിനുള്ള കേന്ദ്ര വിഹിതം വർധിപ്പിക്കണമെന്നു സംസ്ഥാനം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര ഭക്ഷ്യമന്ത്രാലയം ടൈഡ് ഓവർ വിഹിതമായി സംസ്ഥാനത്തിനു നൽകിവരുന്ന 6459 മെട്രിക് ടൺ ഗോതമ്പ് നിർത്തലാക്കി. മുൻഗണനേതര വിഭാഗത്തിൽ ഉൾപ്പെട്ട 50 ലക്ഷം കാർഡ് ഉടമകൾക്ക് ഇതുമൂലം റേഷൻ കടകളിൽനിന്നു ഗോതമ്പ് ലഭിക്കാത്ത സാഹചര്യമാണ്. ഗോതമ്പ് വിഹിതം നിർത്തലാക്കുന്നതിനു മുൻപുതന്നെ 2022-23 വർഷത്തെ ആദ്യ പാദത്തിൽ കേരളത്തിന് അനുവദിച്ച പിഡിഎസ് മണ്ണെണ്ണ വിഹിതത്തിൽ മുൻ വർഷത്തേക്കാൾ 40 ശതമാനത്തിന്റെ കുറവു വരുത്തി. 2016നു ശേഷം അനുവദിച്ചുകൊണ്ടിരുന്ന പിഡിഎസ് മണ്ണെണ്ണ വിഹിതത്തിൽ 50 ശതമാനത്തിന്റെ കുറവ് ഇതുവരെ വരുത്തിയിട്ടുണ്ട്.

പൊതുസംവിധാനങ്ങളിൽനിന്നു പിൻവാങ്ങുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിന്റെ ഭാഗമായാണിത്. ഇതിനുള്ള ബദലാണു കേരളത്തിലെ സർക്കാർ അവതരിപ്പിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയാണ്. ഇതിന്റെ ഭാഗമായി വിപണി ഇടപെടൽ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും.

 
 

LEAVE A REPLY

Please enter your comment!
Please enter your name here