കേരള നിയമസഭയുടെ ചരിത്രത്തിലെ തന്നെ അപൂര്‍വ ‘ഭരണ- പ്രതിപക്ഷ’ പോരിനാണ് ഇന്ന് സഭാതലം സാക്ഷ്യം വഹിച്ചത്. പ്രതിഷേധം കടുപ്പിക്കാന്‍ ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയപ്പോള്‍ മന്ത്രിമാര്‍ തന്നെ ചെയറില്‍ നിന്ന് എഴുന്നേറ്റ് ഭരണപക്ഷത്തിനൊപ്പം പ്രതിരോധം തീര്‍ത്തു. പ്രതിഷേധവും പ്രതിരോധവും സഭയ്ക്ക് പുറത്തേക്കെത്താതിരിക്കാന്‍ വിഡിയോ ദൃശ്യങ്ങള്‍ സഭാ ടിവിയും പൂഴ്ത്തി. അക്ഷരാര്‍ത്ഥത്തില്‍ നിയമസഭയ്ക്കകത്തും പുറത്തും ഒരു പോലെയുള്ള ഭരണ പ്രതിക്ഷ ഏറ്റുമുട്ടലുകള്‍ക്കാണ് ഇന്ന് സാക്ഷ്യം വഹിച്ചത് ( UDF Protest Legislative Assembly ).

 
 
 

പ്രക്ഷുബ്ദം പ്രതിഷേധം

വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം ഉയര്‍ത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ആദ്യ ദിനം സ്തംഭിച്ചു. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്നലെ കറുപ്പണിഞ്ഞെത്തിയ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധത്തിനൊരുങ്ങി തന്നെയായിരുന്നു രാവിലെ സഭയിലേക്കെത്തിയത്. ആദ്യനടപടിയായ ചോദ്യോത്തരവേള തുടങ്ങിയതു മുതല്‍ പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങളും ബാനറുകളും പ്ലക്കാര്‍ഡുമായി സ്പീക്കറുടെ ഡയസിന് സമീപം പ്രതിഷേധിച്ചതോടെ സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പ്രക്ഷുബ്ദമായി. പ്രതിഷേധം തടയാന്‍ മന്ത്രിമാരടക്കം ഭരണ പക്ഷാംഗങ്ങളും എഴുന്നേറ്റ് മുദ്രാവാക്യം മുഴക്കിയതോതെ ആദ്യദിനം ആകെ ബഹളമയം. ഇതോടെ നടപടികള്‍ വെട്ടിച്ചുരുക്കി പ്രധാന നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ സഭ പിരിഞ്ഞു.

കറുപ്പണിഞ്ഞ് എംഎല്‍എ

രാവിലെ ഒന്‍പതിന് സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ചോദ്യോത്തരവേളയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് കാടത്തം എന്നെഴുതിയ ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നിരയിലെ ആറ് എംഎല്‍എമാര്‍ കറുത്ത വേഷത്തിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അനൂപ് ജേക്കബ്, കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഒഴികെ പ്രതിപക്ഷ നിരയിലെ ബാക്കിയുള്ളവര്‍ കറുത്തമാസ്‌ക് ധരിച്ചുമാണ് എത്തിയത്. പ്രതിപക്ഷത്തെ നേരിടാന്‍ പതിവില്ലാതെ മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണപക്ഷവും ഇറങ്ങിയതോടെ സഭ കലുഷിതമായി. അനുനയിപ്പിക്കാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും ഇരുപക്ഷവും കൂട്ടാക്കിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here