തിരുവനന്തപുരം: ധനവകുപ്പിൻറെയും ധനമന്ത്രിയുടെയും എതിർപ്പ് മറികടന്ന് അഡ്വക്കേറ്റ് ജനറലിന് പുതിയ കാർ വാങ്ങാൻ സർക്കാർ തീരുമാനം. അഞ്ച് വർഷം പഴക്കവും 86,000 കി.മീ മാത്രം ഓടിയതുമായ കാർ മാറ്റുന്നതിൽ ധനവകുപ്പിനുള്ള ശക്തമായ എതിർപ്പ് മറികടന്നാണ് പുതിയ കാറിനായി 16 ലക്ഷത്തി പതിനെണ്ണയിരം രൂപ അനുവദിക്കാനുള്ള മന്ത്രിസഭ തീരുമാനം. ഫയൽ രേഖകളുടെ വിശദാംശങ്ങൾ പുറത്ത്‌.

അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് നിലവിൽ ഉപയോഗിക്കുന്നത് 2017 ഏപ്രിലിൽ വാങ്ങിയ ടൊയോട്ട അൽറ്റിസ് കാറാണ്. തുടർച്ചയായ ആദീർഘ ദൂരയാത്രകൾക്കുള്ള അസൗകര്യം പരിഗണിച്ച് 86,552 കി.മീ ദൂരം മാത്രം ഓടിയ കാർ മാറ്റണം എന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറലിൻറെ ഓഫീസ് മാർച്ച്  10നാണ് കത്ത് നൽകിയത്. ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിന് 16,186,30 രൂപ അനുവദിക്കണം എന്നായിരുന്നു കത്തിലെ ആവശ്യം. അഞ്ച് വർഷം പഴക്കമുള്ള വാഹനം മാറ്റിവാങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ നടപടി എടുക്കണം എന്നുമായിരുന്നു ഇതിൽ ധനവകുപ്പ് രേഖപ്പെടുത്തിയ അഭിപ്രായം.

പിന്നീട് നിയമമന്ത്രി മുഖേന വിഷയം ധനമന്ത്രിയുടെ പരിഗണയിലേക്ക് കൊണ്ടുവന്നു. പുതിയ വാഹനത്തിനുള്ള ശുപാർശ നീട്ടിവയ്ക്കണം എന്നാണ് മന്ത്രിയും അഭിപ്രായപ്പെട്ടത്. എന്നാൽ തുക അനുവധിക്കാവുന്നതാണെന്ന നിയമമന്ത്രിയുടെ ശുപാർശയിൽ വിഷയം മന്ത്രിസഭ പരിഗണിക്കുകയും, ജൂൺ 8ന് തുക അനുവദിക്കുകയും ചെയ്തു. സംസ്ഥാനത്തിൻറെ സാമ്പത്തിക സ്ഥിതിയിൽ കടുത്ത ആശങ്കകൾ ഉയരുന്നതിനിടെയാണ് ധനവകുപ്പിൻറെ എതിർപ്പ് മറിടകടന്നുള്ള തീരുമാനം. മുഖ്യമന്ത്രിക്കും എസ്‌കോർട്ടുമായി വീണ്ടും വാഹനങ്ങൾ വാങ്ങാനും ക്ലിഫ് ഹോസ്സിലെ പശുത്തൊഴുത്ത് നിർമ്മാണത്തിനും തുക അനുവദിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here