തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ബഫർസോൺ വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേരളം തിരുത്തൽ ഹർജി നൽകും. സംസ്ഥാനത്തിനുള്ള നിയമനിർമ്മാണ സാദ്ധ്യത പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് തീരുമാനം.

ജനവാസ മേഖല ഒഴിവാക്കി പരിസ്ഥിതി സംവേദക മേഖല പുനര്‍നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സർക്കാർ സമര്‍പ്പിച്ച വിജ്ഞാപന നിര്‍ദ്ദേശം ഒരാഴ്ചക്കകം കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. പരിസ്ഥിതി സംവേദക മേഖലയില്‍ നിലവിലുള്ള കെട്ടിടങ്ങളെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രിംകോടതി നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിന് പ്രിന്‍സിപ്പൽ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെ ചുമതലപ്പെടുത്തി.

കേരളത്തിന്‍റെ പ്രത്യേക സാഹചര്യം കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെയും ബോദ്ധ്യപ്പെടുത്തും. ഈ വിവരം സുപ്രിംകോടതിയെ അറിയിച്ച് അനുകൂല വിധി സമ്പാദിക്കുന്നതുവരെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ഉന്നതതല സമിതിയെ നിശ്ചയിച്ചു.

വനം വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരാണ് സമിതിയിലുള്ളത്.യോഗത്തില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, അഡ്വ. ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here