ജെയിംസ് കൂടൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരില്‍ നിന്നും ആദ്യരാജി സംഭവിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് ‘കൊന്ത’യാണ്. ‘എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും’- പി സി ജോർജിന്റെ ഭാര്യ ഉഷ ജൂലൈ രണ്ടിന് കൈയിൽ കൊന്തയുമേന്തി പറഞ്ഞ വാക്കുകളാണ് ഇത്. പീഡന കേസിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രിയ പത്നിയുടെ ശാപവാക്കുകൾ. ഒരാഴ്ചയാകുംമുൻപുതന്നെ വമ്പൻ രാഷ്ട്രീയ വിവാദമെത്തി. പിന്നാലെ ഒരു മന്ത്രിയുടെ രാജി തന്നെ സംഭവിച്ചിരിക്കുന്നു. ഇതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ട്രോളുകളായും മറ്റും ഇതേ വിഷയം വ്യാപകമായി പ്രചരിക്കുകയാണ്.

ഗൂഢാലോചന കേസിൽ മൊഴി എടുക്കാൻ വിളിച്ചു വരുത്തി പി സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് മ്യൂസിയം പൊലീസായിരുന്നു. ചോദ്യം ചെയ്യലിന് പിസി എത്തിയ ശേഷമായിരുന്നു പീഡന പരാതിയുമായി സോളാർ കേസിലെ പ്രതി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയത്. പെട്ടെന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നാലെ പിസിയെ അറസ്റ്റും ചെയ്തു. ഇത് അറിഞ്ഞാണ് വൈകാരികമായി പിണറായി സർക്കാരിനെതിരെ ചാനൽ ക്യാമറയ്ക്ക് മുമ്പിൽ പി സിയുടെ ഭാര്യ പ്രതികരിച്ചത്. അറസ്റ്റിന് പിന്നാലെ പി സി ജോർജിന് ജാമ്യവും കിട്ടി.

ജോർജിന്റെ ഭാര്യ പൊട്ടിത്തെറിച്ച് അഞ്ചാം ദിനം തന്നെ സർക്കാരിനെ വെട്ടിലാക്കി രാഷ്ട്രീയ വിവാദം എത്തി. സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗം സമാനതകളില്ലാത്ത രീതിയിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. അതിനെ നാക്കു പിഴയായി ലഘൂകരിക്കാൻ സിപിഎം പി ബി അംഗം എം എ ബേബി അടക്കമുള്ളവർ ശ്രമിച്ചെങ്കിലും വലിയ തോതിലുള്ള വിമർശനമാണ് മന്ത്രിക്കെതിരെ ഉയർന്നത്. ഏറെ വൈകാതെ രാജിവെക്കേണ്ടിയും വന്നു. ഇതോടെയാണ് പി സിയുടെ ഭാര്യയുടെ കൊന്ത പരാമർശം സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ചർച്ചയാക്കുന്നത്.

പീഡന പരാതി കെട്ടിച്ചമച്ചതാണെന്നും പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്നുമായിരുന്നു പി സി. ജോർജിന്റെ കുടുംബം ആരോപിച്ചത്. രൂക്ഷമായിരുന്നു പിസിയുടെ ഭാര്യയുടെ പ്രതികരണം. പിണറായി വിജയൻ അനുഭവിക്കും എന്ന് തന്നെ ഉഷ ജോർജ് പറഞ്ഞു. പി സി ജോർജിനെതിരായ പീഡന പരാതി മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയാണ്. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാൻ കഴിയില്ലെന്നും ഒരാഴ്ചയ്ക്കുള്ളിൽ പിണറായി വിജയൻ ഇതിനെല്ലാം അനുഭവിക്കുമെന്നും അവർ പറഞ്ഞു. ‘ഇത് എവിടുത്തെ ന്യായമാണ്. പിണറായി വിജയനെ ഞാൻ പോയി കാണും. എനിക്ക് അയാളെ വെടിവെച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോൾവറാണ് ഇവിടെയിരിക്കുന്നത്. എല്ലാവരും വേദനിക്കുകയാണ്. എന്റെ കൊന്തയുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ അദ്ദേഹം അനുഭവിക്കും. ഒരു നിരപരാധിയെ പിടിച്ച് ജയിലിലിടാമോ? പി സി തെറ്റ് ചെയ്യാത്തൊരു മനുഷ്യനാണ്. ഇത് പിണറായിയുടെ കളിയാണ്. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാൻ കഴിയില്ല. ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ?’- പി സിയുടെ ഭാര്യ ചോദിച്ചിരുന്നു.

”40 വർഷമായി പുള്ളിയോടൊപ്പം ജീവിക്കുന്നു. എന്നെ നുള്ളിയിട്ട് പോലും നോവിച്ചിട്ടില്ല. മോനെ മോളെ എന്നല്ലാതെ ആരെയും വിളിക്കില്ല. എല്ലാവരോടും സ്നേഹമാണ്. അദ്ദേഹം ശുദ്ധനായതുകൊണ്ട് പറ്റിയതാണ് ഇതെല്ലാം. തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കിൽ പി സി മാത്രമാണെന്നാണ് പരാതിക്കാരി രണ്ടാഴ്ച മുമ്പ് പറഞ്ഞത്. അദ്ദേഹം അപ്പന് തുല്യമാണെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞയാൾ ഇപ്പോൾ എങ്ങനെയാണ് മാറിയത്? പരാതിക്കാരി ഒത്തിരി തവണ വീട്ടിൽ വന്നിട്ടുണ്ട്. ഒരുപാട് തവണ കണ്ടിട്ടുള്ളതാണ്. അവരെ കൃത്യമായി ഉപയോഗിക്കുകയാണ്. ഇത് മനുഷ്യമനസാക്ഷിക്ക് നിരക്കുന്നതാണോ? രണ്ട് മൂന്ന് ദിവസത്തിന് പിണറായിയുടെ പ്രശ്നങ്ങളൊന്നും പുറത്തുവരരുത്. അതിനാണ് ഇതെല്ലാം. ഏത് പൊട്ടനും ഇത് മനസിലാക്കാമല്ലോ. നാളെ ഒരു ഞായറാഴ്ചയാണ്. പുള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയാൽ പിന്നെ ആ വാർത്ത ആയല്ലോ.”- ഉഷ ജോർജ് പറഞ്ഞിരുന്നു. അവരുടെ വാക്കുകളുടെ വീഡിയോ അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുകൊണ്ടാണ് ഒരുകൂട്ടർ സജി ചെറിയാന്റെ രാജി ആഘോഷമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here