പാലാ: രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം പിടിച്ചു. യുഡിഎഫിന് ഭരണം നഷ്ടമായി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റു കൂടിയായ കോൺഗ്രസ് വിമത ഷൈനി സന്തോഷ് എൽ ഡി എഫിന്റെയും സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

18 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഷൈനിക്ക് എട്ടുവോട്ടും എതിർ സ്ഥാനാർഥി യുഡിഎഫിലെ ലിസമ്മ മാത്തച്ചന് ഏഴു വോട്ടും ലഭിച്ചു. എൽഡിഎഫിൽ കേരള കോൺഗ്രസ് എമ്മിന് അഞ്ച് അംഗങ്ങളും രണ്ട് സ്വതന്ത്ര അംഗങ്ങളും യുഡിഎഫിൽ കോൺഗ്രസിന് ആറ് അംഗങ്ങളും ജോസഫ് അനുഭാവികളായി രണ്ടു പേരും ബിജെപിക്ക് മൂന്ന് അംഗളുമാണ് ഉള്ളത്. രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് ഷൈനി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ഘട്ടത്തിലും ഷൈനിക്ക് എട്ടു വോട്ട് കിട്ടിയിരുന്നു. ആദ്യഘട്ടത്തിൽ കുറഞ്ഞ വോട്ട് (മൂന്ന്) കിട്ടിയ ബിജെപി രണ്ടാം ഘട്ടത്തിൽ ഉണ്ടായില്ല.

യുഡിഎഫിലെ സമ്മർദത്തെ തുടർന്നാണ് പ്രസിഡന്റായിരുന്ന ഷൈനി രാജിവെച്ചത്. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നാലാം തവണയാണ് ഷൈനി പ്രസിഡന്റാവുന്നത്. മുൻകാലത്ത് പദ്ധതി വിഹിതം ചിലവഴിക്കുന്നതിൽ മുന്നിട്ടു നിന്നിരുന്ന പഞ്ചായത്ത് കഴിഞ്ഞ തവണ വളരെ പിന്നിലായ സാഹചര്യത്തിൽ എൽഡിഎഫ് സമരം നടത്തിവരികയായിരുന്നു. ഇനിയും പിന്നോട്ട് നയിക്കാൻ അനുവദിക്കുകയില്ലെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചിരുന്നു. മധുരം വിളമ്പി എൽഡിഎഫ് വിജയം ആഘോഷിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here