ഉച്ചയ്ക്ക് ഒരു മണിക്ക് ഇടുക്കി ഡാമില്‍ ജലനിരപ്പ് 2403 അടിയായി. പരമാവധി സംഭരണശേഷി 2408.5 അടിയാണ്. ബ്ലൂ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി. ഇതേതുടര്‍ന്ന് പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കി.വി1, വി2, വി3 എന്നീ ഷട്ടറുകള്‍ വഴി സെക്കന്റില്‍ 534 ഘടയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. രണ്ട് മണിക്കൂറിനു ശേഷം 1000 ഘനയടി വെള്ളം തുറന്നുവിടും. ഡാമിലേക്ക് 9,096 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്.

വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുത വഴി വെള്ളം ഇടുക്കി ഡാമിലെത്തും. മുല്ലപ്പെരിയാറില്‍ റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് 137.5 അടിയിലെത്തിയപ്പോഴാണ് തുറന്നുവിട്ടത്.

ജില്ലാ കലക്ടറേറ്റ്, പീരുമേട് താലൂക്ക് ഓഫീസ്, മഞ്ചുമല, പെരിയാര്‍, ഉപ്പുതറ, കുമളി, അയ്യപ്പന്‍കോവില്‍, ആനവിലാസം, കാഞ്ചിയാര്‍, ഏലപ്പാറ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ ഡാമിലേക്ക് നീരൊഴുക്ക് കൂടിയതാണ് ഡാം തുറക്കുന്നതിലേക്ക് തമിഴ്‌നാടിനെ പ്രേരിപ്പിച്ചത്. മുന്‍കൂര്‍ അറിയിപ്പ് നല്‍കണമെന്ന് കേരളം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാവിലെ 10 മണിക്ക് തുറക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ജലനിരപ്പ് നിശ്ചിത പരിധിയില്‍ എത്താന്‍ വൈകിയതോടെ ഒരു മണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്.

ഉച്ചയ്ക്ക് ഒരു മണിക്ക് ഇടുക്കി ഡാമില്‍ ജലനിരപ്പ് 2403 അടിയായി. പരമാവധി സംഭരണശേഷി 2408.5 അടിയാണ്. ബ്ലൂ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ മൂന്നു മണിക്ക് തുറക്കും. അഞ്ച് സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. കല്‍പ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രാവിലെ 9ന് തുറക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ജലനിരപ്പ് ഉയരാത്തതിനാല്‍ തുറക്കേണ്ട എന്നാണ് ആദ്യം നിശ്ചയിച്ചത്. ഉച്ചയോടെ ശക്തമായ മഴ ലഭിച്ചതോടെ നീരൊഴുക്കു കൂടിയതിനാല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി. വൈകിട്ടോടെ 30 സെന്റീമീറ്റര്‍ ഉയര്‍ത്തും. ജലനിരപ്പ് താഴ്ന്നാല്‍ ഷട്ടര്‍ അടയ്ക്കും കല്ലടയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here