രാജേഷ് തില്ലങ്കേരി

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർ അത്രയങ്ങോട്ട് ശോഭിക്കുന്നില്ലെന്ന് ഒടുവിൽ സി പി എമ്മും തിരിച്ചറിഞ്ഞിരിക്കുന്നു. പരിചയസമ്പന്നരായ ആരും തന്റെ മന്ത്രിസഭയിൽ വേണ്ടെന്നും എല്ലാം ഞാൻ നോക്കിക്കൊള്ളാമെന്നും പറഞ്ഞാണ് പിണറായി തന്റെ രണ്ടാം വരവ് ആഘോഷമാക്കിയത്. പരിചയമുള്ള ഞാൻ മാത്രം മതിയെന്നുള്ള പിണറായിയുടെ തീരുമാനത്തിനെതിരെ പാർട്ടിയിൽ പലർക്കും എതിർപ്പൊക്കെയുണ്ടായിരുന്നുവെങ്കിലും അതൊന്നും പുറത്തു കാട്ടാനുള്ള ധൈര്യം ഒരു നേതാവിനും ഇല്ലാതെയും പോയി.

ദേശീയതലത്തിൽ ശ്രദ്ധ നേടിയ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയെ എങ്കിലും മന്ത്രി സഭയിൽ ഉൾപ്പെടുത്തുമെന്നായിരുന്നു പലരും കരുതിയിരുന്നത്. കെ കെ ശൈലജയെ മന്ത്രിയാക്കാത്തതിൽ വലിയ പ്രതിഷേധം ഉണ്ടായെങ്കിലും തിരുവായ് ക്ക് എതിർവായയില്ലാത്ത തിനാൽ കൂടുതൽ ചർച്ചകളിലേക്ക് പോയില്ല. പോളിറ്റ് ബ്യൂറോ എന്ന അലങ്കാര ശക്തിക്കും പ്രത്യേകിച്ച് അഭിപ്രായമുണ്ടായില്ല. ഒടുവിൽ ടീം പിണറായി മന്ത്രിമാരെ പ്രഖ്യാപിച്ചു. എല്ലാം പുതുമുഖങ്ങൾ. പഴയതായിട്ടും ആദ്യം ആരോപണമുയർന്നത് അഭ്യന്തര വകുപ്പിനെതിരെ, പിന്നീട്, ആരോഗ്യം, വിദ്യാഭ്യാസം അങ്ങിനെ പോവുകയാണ് ആ പട്ടിക.
സി പി എം പുതുമുഖങ്ങളുമായി കളിക്കളത്തിലറങ്ങിയപ്പോൾ കാനത്തിന്റെ പാർട്ടിയും അതേ ലൈനിൽ പുതിയ പോരാളികളെ രംഗത്തിറക്കി.
എന്തിന് ദോഷം പറയരുതല്ലോ, എല്ലാം മന്ത്രിമാരും മൊത്തം സീറോ…

ഘടകക്ഷികളും സഖ്യകക്ഷികളുമായി 21 അംഗ മന്ത്രി സഭയിൽ മുഖ്യമന്ത്രിയടക്കം എല്ലാവരും പരാജയം. മന്ത്രിമാർ കൂടുതൽ സജീവമാകണമെന്നാണ് പാർട്ടി സെക്രട്ടറിയുടെ നിർദ്ദേശം. സി പി എം സംസ്ഥാന സമിതിയിൽ പരാതി ഉയർന്നിട്ടില്ലെന്നൊക്കെ യുവതുർക്കി മുഹമ്മദ് റിയാസ് പറഞ്ഞുനോക്കിയെങ്കിലും കാര്യം സത്യമാണെന്ന് കോടിയേറി പിന്നീട് വെളിപ്പെടുത്തിയിരിക്കയാണ്. പൊതുമരാമത്ത് വകുപ്പ് ഭയങ്കര ചടുലതയോടെയാണ് കാര്യങ്ങൾ നീക്കുന്നതെന്ന് വരുത്തിതീർക്കാൻ വലിയ കോലാഹലങ്ങളൊക്കെ ഉണ്ടാക്കുന്നതല്ലാതെ ആ വകുപ്പും പരാജയം തന്നെ. ഏറ്റവും കൂടുതൽ പരാതിയുർന്നത് വകുപ്പ് ആരോഗ്യവകുപ്പിനെതിരെയാണ്. കഴിഞ്ഞതവണ ഏറ്റവും നന്നായി പെർഫോം ചെയ്ത വകുപ്പിനെ ഇത്രയും ദയനീയാവസ്ഥയിലേക്ക് കൊണ്ടുവരാൻ വീണാ ജോർജ്ജ് നന്നായി പാടുപെടുന്നുണ്ടെന്നതാണ് സത്യം.

മുഖ്യമന്ത്രിയുടെ വകുപ്പാണ് ഏറ്റവും കൂടുതൽ പഴികേൾപ്പിക്കുന്നത്. 28 വകുപ്പുകളാണ് മുഖ്യമന്ത്രി കയ്യാളുന്നത്. ആഭ്യര മന്ത്രിയെന്ന നിലയിൽ പൊലീസ് തുടരെ തുടരെ കാണിക്കുന്ന കുഴപ്പങ്ങളൊന്നും മുഖ്യമന്ത്രിയുടെ മാത്രം കുഴപ്പമല്ലെന്നും, അഭ്യന്തര വരുപ്പ് എല്ലാ കാലത്തും അങ്ങിനെയായിരുന്നു എന്നും കോടിയേരി സഖാവ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ആ വകുപ്പിനെകുറിച്ചോ വകുപ്പ് മന്ത്രിയെ കുറിച്ചോ നമ്മൾ ചർച്ച ചെയ്തിട്ട് കാര്യമില്ലെന്ന് സാരം.

ജി സുധാകരനെ പോലെയുള്ള പരിചയ സമ്പന്നരായ നേതാക്കളെ ഒഴിവാക്കിയാണ് എന്റെ തല മാത്രം മതിയെന്ന തീരുമാനം മുഖ്യമന്ത്രി കൈക്കൊണ്ടത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യപരമായ നീക്കമാണ് കേരളത്തിലെ ഭരണപരമായ പരാജയത്തിന് കാരണമെന്നും, കാര്യശേഷിയില്ലാത്ത മന്ത്രിമാരെ നിശ്ചയിച്ചതിലൂടെ വലിയ തിരിച്ചടിയാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നതെന്നും സി പി എം ജനങ്ങളോട് തുറന്നു സമ്മതിക്കേണ്ടിവരും. മന്ത്രിമാരെ കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴിയാണ് സി പി എം നേതൃത്വം തേടുന്നത്. മന്ത്രിസഭാ പുനസംഘടനയൊന്നും പ്രായോഗികമല്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു. കാരണം എല്ലാ മന്ത്രിമാരെയും മാറ്റേണ്ടിവരും എന്നതുതന്നെ.
രണ്ടാം പിണറായി സർക്കാർ ഇപ്പോൾ തന്നെ ജനപിന്തുണ നഷ്ടപ്പെട്ട അവസ്ഥയിലാണ്. പ്രതിപക്ഷം ശക്തമല്ലാത്തതും, കോൺഗ്രസിലെ തമ്മിലടിയും ഈ ദയനീയാവസ്ഥ ജനങ്ങളിലേക്ക് എത്തുന്നില്ല എന്നതാണ് സത്യം. കിറ്റ് നൽകുകയെന്ന മഹത് കർമ്മം ഒഴിച്ചു നിർ്ത്തിയാൽ എടുത്തുപറയാൻ ഒന്നുമില്ലാത്ത അവസ്ഥയിലാണ് സർക്കാർ. മന്ത്രിമാർ അവരുടെ ശീതീകരിച്ച മുറിയിലിരുന്ന് ഉറങ്ങുകയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here