രാജേഷ് തില്ലങ്കേരി

 കെ ടി ജലീൽ അബന്ധങ്ങൾ മാത്രം പുലമ്പുന്നയാളായി മാറിയിട്ട് നാളുകൾ ഏറെയായി. മുൻമന്ത്രിയാണെന്നോ , നിലവിൽ ജനപ്രതിനിധിയാണെന്നോ ഒക്കെയുള്ള ബോധം പോലുമില്ലാതെയാണ് ടിയാന്റെ പ്രകടനങ്ങൾ.  ഫെയിസ് ബുക്കിലൂടെയാണ് കെ ടി ജലീലിന്റെ പോരാട്ടങ്ങളെല്ലാം നടക്കുന്നത്. ഒടുവിൽ രാജ്യത്തിന്റെ അഖണ്ഡതയെപ്പോലും ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ഈ കപട ജനാധിപത്യവാദി മാറിയിരിക്കുന്നു. എന്താണ് കെ ടി ജലീൽ എന്ന പൊതുപ്രവർത്തകന്റെ പ്രശ്‌നം. രണ്ടാം പിണറായി മന്ത്രിസഭയിൽ അംഗമാവുമെന്ന് പ്രതിച്ചയുണ്ടായിരുന്നു, എന്നാൽ ഒന്നാം മന്ത്രിസഭയിൽ നിന്നും ലോകായുക്തയുടെ വിധിയോടെ ജലീലിന്റെ വിധി മാറ്റിയെഴുതപ്പെട്ടു. അവാസാന നാളിൽ രാജിവച്ചൊഴിയേണ്ടിവന്നു. ഇത് രണ്ടാം മന്ത്രിസഭയിൽ അവസരം കിട്ടാതിരിക്കാൻ കാരണമായി. ഇതാണ് ലോകായുക്തയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിൽവരെ എത്തിയത്. ഏറെ വിവാദങ്ങൾക്ക് വഴിമരുന്നിട്ട ലോകായുക്ത വിവാദം കെട്ടടങ്ങിയത് എങ്ങിനെയെന്ന് ജലീലിനും അറിയില്ല, ജസ്റ്റിസ് സിറിയക് ജോസഫിനും അറിയില്ല. പിന്നീട് യുദ്ധം പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെയായി. മലപ്പുറത്തെ ഒരു സഹകരണ ബാങ്കിൽ കോടിക്കണക്കിന് കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇത് അന്വേഷിക്കാൻ ഇഡി വരണമെന്നുമായിരുന്നു ജലീലിന്റെ ആവശ്യം. ഇഡിയെ ക്ഷണിച്ചതോടെ സി പിഎം നേതൃത്വം വെട്ടിലായി. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണുരുട്ടിയതോടെ ജലീൽ അൽപ്പമൊന്ന് ഭയന്നു.

കാര്യങ്ങൾ ഇങ്ങനെ പോവുമ്പോഴാണ് സ്വർണക്കടത്ത് വിവാദം വീണ്ടും വിവാദങ്ങളുണ്ടാക്കുന്നത്. സ്വർണനായിക കെ ടി ജലീലിനെതിരെയും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വിവാദ വെളിപ്പെടുത്തൽ നടത്തി. കെ ടി ജലീലിന് അതൊട്ടും സഹിക്കാൻ പറ്റിയില്ല. ജലീൽ പോയി കേസും കൊടുത്തു. ആ വിവാദത്തിന്റെ തുടർച്ചയായാണ് മാധ്യമം ദിനപത്രം ഗൾഫിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് കത്തു നല്കിയ സംഭവം വെളിച്ചത്തുവരുന്നത്. ഇതോടെ വീണ്ടും ജലീൽ വിവാദങ്ങളിൽ അകപ്പെട്ടു. അബ്ദുൽ ജലീൽ എ്ന്ന പേരിലായിരുന്നു ജലീൽ മാധ്യമത്തിനെതിരെ പരാതിയുമായി എത്തിയത്. ഇതും സി പി എം തള്ളി. ജലീലിന്റെ പരാതി പാർട്ടി നയമല്ലെന്ന് വ്യക്തമാക്കി.

 മന്ത്രിയായിരുന്ന കാലത്ത് ബന്ധുനിയമന വിവാദം, പിന്നീട് സ്വർണ്ണക്കടത്ത് കേസുണ്ടായപ്പോൾ വിവാദങ്ങളുടെ ഘോഷയാത്ര. തലയിൽ മുണ്ടിട്ട് ഇഡിക്കു മുന്നിലും കസ്റ്റംസിന്റെ മുന്നിലും ചോദ്യം ചെയ്യലിന് ഹാജരായപ്പോഴും കെ ടി ജലീൽ വീരവാദങ്ങൾ മുഴക്കി രക്ഷപ്പെട്ടു. സി പി എമ്മിന്റെ പിന്തുണയോടെയാണ് ജലീൽ ഈ അബദ്ധങ്ങളെല്ലാം കാണിച്ചുകൂട്ടിയതും, വിടുവായത്തം വിളമ്പിയിരുന്നതും. കശ്മീർ വിഷയത്തിൽ ജലീലിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് വിവാദമായത് രാജ്യതാല്പര്യത്തിന് വിരുദ്ധമായതിനാലാണ്. ഡൽഹിയിൽ കേസും വന്നതോടെ സി പി എം ജലീലിനെ കയ്യൊഴിഞ്ഞു. കശ്മീർ വിഷയത്തിൽ പാർട്ടി നേരത്തെ നയം വ്യക്തമാക്കിയതാണെന്നായിരുന്നു മന്ത്രി എം വി ഗോവിന്ദന്റെയും പി രാജീവിന്റെയും പ്രതികരണം. സി പി എം തള്ളിപ്പറഞ്ഞെങ്കിലും മുഖ്യൻ ഈ വിഷയത്തിൽ ഒന്നും മിണ്ടിയിട്ടില്ല.

സി പി എം നേതാക്കൾ വിരട്ടിയതോടെ കെ ടി ജലീൽ ഫെയിസ് ബുക്ക് പോസ്റ്റു തിരുത്തി, ഡൽഹിയിൽ നിന്നും കിട്ടിയ വിമാനം പിടിച്ച് കരിപ്പൂരിൽ എത്തുകയും, നേരെ വീട്ടിലേക്ക് പോവുകയും ചെയ്തുവെന്നാണ് ഒടുവിലത്തെ വാർത്തകൾ.
വിവാദമുണ്ടാവുമ്പോഴെല്ലാം പാർട്ടി അംഗമല്ലെന്നും, അതിനാൽ ജലീലിനെതിരെ നടപടിയൊന്നും സ്വീകരിക്കാനാവില്ല എന്നുമാണ് സി പി എമ്മിന്റെ വിശദീകരണം. രണ്ടു ടേമിൽ കൂടുതൽ മത്സരിക്കാൻ പാർ്ട്ടി അംഗങ്ങളായ എം എൽ എമാർക്ക് അവസരമില്ലെന്ന നിലപാട് കർശനമായി പാലിക്കപ്പെടുമ്പോഴും കെ ടി ജലീലിന് സ്ഥിരമായി സീറ്റു നൽകി വിജയിപ്പിച്ച് എം എൽ എ ആക്കുന്നുണ്ട് പാർട്ടിക്കാരനാണോ എന്ന ചോദ്യത്തിന് അല്ലെന്നും, എന്നാൽ പാർട്ടിയുടെ എല്ലാ പരിപാടികളിലും പങ്കെടുക്കുകയും ചെയ്യുന്ന അപ്രഖ്യാപിത കമ്യൂണിസ്റ്റി കാരനാണ് കെ ടി ജലീൽ. വിവാദങ്ങളുണ്ടാവുമ്പോൾ മുസ്ലിമായതിനാൽ വേട്ടയാടപ്പെടുന്നു എന്നു പറയും. തെരഞ്ഞെടുപ്പിൽ മറ്റൊരു മുഖം. എന്തൊരു വിരോധാഭാസമാണിത്.  വലിയ പുരോഗമന പ്രസ്ഥാനമായ സി പി എം എന്തിനാണ് ഇത്തരം കാപട്യക്കാരെ ചുമന്നു നടക്കുന്നത് എന്ന് ആർക്കും വ്യക്തമല്ല.
സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണ് കെ ടി ജലീൽ നടത്തുന്നതെന്നാണ് പരക്കെ ഉയർന്നിരിക്കുന്ന ആരോപണം.
ആരോപണങ്ങളും വിവാദങ്ങളും ഉയർത്തി കേരള രാഷ്ട്രീയത്തിൽ സജീവ സാന്നിദ്ധ്യമാവുകയാണോ കെ ടി ജലീലിന്റെ ലക്ഷ്യമെന്ന് അദ്ദേഹത്തിന്റെ ഇത്തരം നിലപാടുകളിൽ സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും കെ ടി ജലീലിന് മൂക്കുകയറിടേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. സ്വതന്ത്രനായാലും നിലപാട് എടുക്കാൻ സി പി എം നേതൃത്വം തയ്യാറായേ പറ്റൂ…

LEAVE A REPLY

Please enter your comment!
Please enter your name here