രാജേഷ് തില്ലങ്കേരി

കാനം സഖാവിന്റെ വരവുകണ്ടപ്പോൾ ശരിക്കും പിണറായി സഖാവ് ഒന്നു ഭയന്നു. ബ്രണ്ണനിൽ ഊരിപ്പിടിച്ച വാളിന് മുന്നിലൂടെ നടക്കുമ്പോൾ പോലും തന്നാത്തൊരു ഉൾഭയമായിരുന്നു അത്. ലോകായുക്തയുടെ ചിറകരിയാനുള്ള നീക്കം സി പി ഐക്ക് നേരത്തെ ഇഷ്ടപ്പെട്ടില്ലെന്നായിരുന്നല്ലോ പറഞ്ഞുവന്നിരുന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ പരസ്യനിലപാട് സ്വീകരിച്ചവരാണല്ലോ സി പി ഐ. കാനം സഖാവ് പിണറായി വിജയനോട് ഒട്ടിനിന്ന് ചില വിട്ടുവീഴ്ചകൾ ചെയ്യുന്നതായി സി പി ഐ സമ്മേളനങ്ങളിലെല്ലാം പഴികേട്ടു കൊണ്ടിരിക്കയാണ്.

സി പി എമ്മിനെയും പിണറായി വിജയനെയും പ്രീണിപ്പിക്കുന്ന നയമാണ് സഖാവ് കാനം സ്വീകരിക്കുന്നതെന്നും, ഇന്നേവരെ ഒരു സി പി ഐ സംസ്ഥാന സെക്രട്ടറിയും കാണിക്കാത്ത വിധേയത്വമാണ് കാനത്തിന്റേതെന്നും സി പി ഐയുടെ താഴേത്തട്ടിൽ മുതലുള്ള സമ്മേളനങ്ങളിൽ മുഴങ്ങിക്കേട്ടു. കാനത്തിന്റെ പാർട്ടിയിലെ എതിരാളികൾ ഇതെല്ലാം മാധ്യമ ജിഹ്വകളെ ഉപയോഗിച്ച് വലിയ വാർത്തകളുണ്ടാക്കി ആഘോഷിച്ചു. കാനം വെട്ടിവീഴ്ത്തിയ പലരും തലപൊക്കി, കെ ഇ ഇസ്മയിൽ എന്ന എതിരാളി വീണ്ടും ശക്തിപ്രാപിച്ചിരിക്കയാണ്.

ഇതെല്ലാം തനിക്ക് എതിരായി വരുന്ന അമ്പുകളാണെന്നും, അതിനാൽ സി പി എമ്മിനെ ഒന്നു പിടിച്ചു കുലുക്കിയേക്കാമെന്നും കരുതിയാണ് കാനം ലോകായുക്ത നിയമഭേദഗതിയിൽ അഭിപ്രായ വ്യത്യാസം അറിയിച്ചതെന്നൊന്നും ആരും വിശ്വസിച്ചില്ലെങ്കിലും സി പി  ഐ എന്തെങ്കിലും പറഞ്ഞേക്കുമെന്നും ഒന്നു വിറപ്പിച്ചേക്കുമെന്നുമൊക്കെ നമുക്കും തോന്നിയിരുന്നു. എന്നാൽ ഇതെല്ലാം നമുക്കുണ്ടായ വെറും തോന്നൽ മാത്രമായിരുന്നുവെന്നതായിരുന്നു സത്യം.

മേഘം സിനിമയിൽ മമ്മൂട്ടിയെ കൈകാര്യം ചെയ്യാനായി പൊട്ടന്റെ പിറകിലിരുന്ന് വലിയ വീരനെപ്പോലെ ബൈക്കിൽ വരുന്ന ശ്രീനിവാസൻ. മമ്മൂട്ടിയുടെ വീട്ടിന്റെ അകത്തു കയറിയപ്പോൾതന്നെ വിറച്ചുപോയ ശ്രീനിവാസൻ  മമ്മൂട്ടിയോട് തീപ്പെട്ടിയുണ്ടോ, അല്ലേൻ വേണ്ട… എന്ന് പറഞ്ഞ് ഇറങ്ങിപ്പോവുന്ന സീനാണ് കാനത്തിന്റെ പോക്കും വരവും കണ്ടപ്പോൾ തോന്നിയത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നത് എന്തിനാണ് എന്നും, അത് ശരിയായ നടപടിയല്ലെന്നും പ്രഖ്യാപിച്ച സി പി ഐ നേതൃത്വം ഇപ്പോൾ പറയുന്നത്, ഒരു റിട്ടയേർഡ് ജഡ്ജിമാരോ, ഗവർണ്ണർമാരോ അല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നാണ് ഇപ്പോൾ സി പി ഐ പറയുന്നത്.

ബന്ധുനിയമന വിവാദത്തിൽ ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ ടി ജലീൽ അവസാന നിമിഷം രാജിവച്ച് നാണം കെട്ടിറങ്ങിപ്പോവേണ്ടിവന്ന അവസ്ഥ സി പി ഐമ്മിനെ വല്ലാതെ വേദനിപ്പിച്ചിരുന്നുവല്ലോ. അതോടെയാണ് ലോകായുക്തയെ ഒതുക്കാൻ നീക്കം തുടങ്ങിയത്. ലോകായുക്തയുടെയും ഗവർണ്ണറുടെയും അധികാരം വെട്ടിക്കുറയ്ക്കുക, മന്ത്രിമാർ അഴിമതിയോ പക്ഷപാതപരമായ ഇടപെടലോ ഇനി നടത്താം, സർവ്വകലാശാലകളിൽ ചാൻസിലറുടെ അധികാരം വെട്ടിക്കുച്ചാൽ പിന്നെ പാർട്ടിക്ക് വേണ്ടപ്പെട്ടവരെ വി സി മാരായി നിയമനം നടത്താം. എന്തെളുപ്പാണ്… എന്റെ എളാപ്പാ… നിങ്ങള്ക്ക് ഭാഗ്യമില്ലാതെ പോയല്ലോ… ഇതൊക്കെ നേരത്തെ നിമയമായിരുന്നെങ്കിൽ ഇങ്ങള് രാജിവെക്കേണ്ടി വരൂല്ലായിരുന്നല്ലോ….

ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നാണ് സി പി എമ്മിന്റെ നിലവിലുള്ള നിലപാട്. നിയമ മന്ത്രി പി രാജീവ് ഇക്കാര്യം സഭയെ അറിയിച്ചിരിക്കയാണ്. സിബി ഐ കേരളത്തിലേക്ക് വരാൻ പാടില്ലെന്നും, ലോകായുക്തയ്ക്ക് മുഖ്യമന്ത്രിക്കെതിരെയ, മന്ത്രിമാർക്കെതിരെയോ, എം എൽ എമാർക്കെതിരെയുമൊക്കെ ഉയരുന്ന പരാതികളിൽ ഒരുതരത്തിലും ഇടപെടേണ്ട കാര്യമില്ലെന്നും, പാർട്ടി പ്രവർത്തകർക്കു നേരെ ഉണ്ടാവുന്ന പീഡന പരാതികൾപോലും അന്വേഷിച്ച് നടപടിയെടുക്കാൻ സംവിധാനങ്ങളുള്ള ഒരു പാർട്ടി ഭരിക്കുന്ന ഒരു സംസ്ഥാനത്ത് എന്തിനാണ് ലോകായുക്ത. മന്ത്രിമാർക്കെതിരെ ഉയരുന്ന പരാതികളിൽ  മുഖ്യമന്ത്രി വിധി പ്രഖ്യാപിക്കും. അല്ല പിന്ന….

 കെ ടി ജലീലിന്റെ ദുരനുഭവം ഇനിയൊരു മന്ത്രിയുടെയും പണി പോകാതിരിക്കാൻ എന്ത് വേണമെന്ന സി പി എമ്മിന്റെ ആലോചനയിലാണ് ലോകായുക്തയുടെ ചിറകരിയുക എന്നനിലപാടിൽ സർക്കാർ എത്തിച്ചേർന്നത്.  മുഖ്യമന്ത്രിക്കെതിരെയും മറ്റു ചില മന്ത്രിമാർക്കെതിരെയുമൊക്കെ ചില കേസുകൾ ലോകായുക്തയ്ക്കുമുന്നിൽ വരാനുണ്ടെന്ന തിരിച്ചറിവാണ് ലോകായുക്തയുടെ ചിറകരിയാനുള്ള തീരുമാനത്തിന് പിന്നിൽ, ഇത് സി പി ഐ ക്കും വ്യക്തതയുള്ളകാര്യമാണ്. ലോകായുക്തയ്ക്കുവേണ്ടി ഏറ്റവും ശക്തമായി വാദിക്കുക സി പി ഐ ആണെന്ന് പാവം ലോകായുക്തയും കരുതിയിരുന്നു. എല്ലാവരും കരുതിയത് സി പി ഐ എന്തു വിലകൊടുത്തും ലോകായുക്തയുടെ അധികാരം കവരാനുള്ള നീക്കത്തെ എതിർക്കുമെന്നായിരുന്നു കരുതിയിരിക്കും. എന്നാൽ അതല്ല സംഭവിച്ചത് അതെല്ലെന്നുമാത്രം.

മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഉത്തരവുകളിൽ തീരുമാനമെടുക്കാൻ നിയമസഭയെ അധികാരപ്പെടുത്തുന്നതാണ് സിപിഐ കൊണ്ടുവന്ന പുതിയ ഭേദഗതി. മന്ത്രിമാർക്കെതിരെ ലോകായുക്ത വിധിയിൽ മുഖ്യമന്ത്രിക്ക് പുനപരിശോധന നടത്താം. എംഎൽഎമാർക്കെതിരെയുള്ള ഉത്തരവുകളിൽ സ്പീക്കർക്കാവും പുനപരിശോധന നടത്താൻ അധികാരം. ഉദ്യോഗസ്ഥർക്കെതിരായ ലോകായുക്ത ഉത്തരവുകളിൽ സർവീസ് ചട്ട പ്രകാരം  സർക്കാർ നടപടി തീരുമാനിക്കും. ജനപ്രതിനിധികൾ അല്ലാത്ത പൊതുപ്രവർത്തകർ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ഭേദഗതിയിലുണ്ട്.

പുതിയ ഭേദഗതിയോടെ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് നാളെ ചേരുന്ന നിയമസഭയിൽ വയ്ക്കും. പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെയാണ് സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് സഭയിൽ തിരിച്ചെത്തുക. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ്ലീം ലീഗ് കക്ഷിനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് സബ്ജക്ട് കമ്മിറ്റിയിലെ പ്രതിപക്ഷ പ്രതിനിധികൾ. ജുഡീഷ്യറിയുടെ അധികാരം കവർന്നെടുക്കുന്നതാണ് നിയമഭേദഗതിയെന്ന വിമർശനത്തോടെയാണ് പ്രതിപക്ഷം ബില്ലിനോട് വിയോജിക്കുന്നത്.

വാൽകഷണം : ഒരു രണ്ടു വർഷമെങ്കിലും മുഖ്യമന്ത്രി പദം ആവശ്യപ്പെടണമെന്ന് സി പി ഐയുടെ ജില്ലാ സമ്മേളനത്തിൽ ആവശ്യം. എന്നിട്ടുവേണം കാനത്തിന് കടക്കു പുറത്ത് എന്നൊക്കെ പറയാൻ… എന്തുനല്ല നടക്കാത്ത സ്വപ്‌നം…

LEAVE A REPLY

Please enter your comment!
Please enter your name here