രാജേഷ് തില്ലങ്കേരി

കെ ടി ജലീലിനെ ശരിക്കും സി പി എമ്മിനും മടുത്തുവോ, എന്നുവേണം അനുമാനിക്കാൻ. ഇന്നലെ നിയമസഭയിൽ കെ ടി ജലീൽ പ്രസംഗിക്കാനായി എഴുന്നേറ്റസന്ദർഭത്തിൽ, ഇയാൾ നമ്മളെ കൊഴപ്പത്തിലാക്കുമല്ലോ എന്ന മുൻ മന്ത്രി കെ കെ ശൈലജയുടെ ആത്മഗതമാണ് ഏറെ ചർച്ചായിരിക്കുന്നത്. സർവ്വകലാശാല വി സി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം വവരുന്ന ബില്ലിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിക്കാനിരിക്കെയാണ് കെ കെ ശൈലജ ആത്മഗതം മൈക്കിനു മുന്നിൽ പറഞ്ഞുപോയത്. മൈക്ക് ഓണായി കിടന്ന കാര്യം ബഹുമാന്യ അംഗം അറിഞ്ഞിരുന്നില്ല.

ദൈവനാമത്തിലല്ല സത്യപ്രതിജ്ഞ ചെയ്തതെന്നതിനാൽ ദൈവവും ശൈലജ ടീച്ചറെ തുണച്ചില്ല. അതോടെ ആത്മഗതം പരസ്യഗതമായി പരിണമിച്ചു. ടീച്ചർ പിന്നീട് കെ ടി ജലീലിനെതിരെയുള്ളതായിരുന്നില്ലെന്നൊക്കെ പറഞ്ഞ് ഒരുണ്ടുമാറിയെങ്കിലും ആ ഉളി കൊള്ളേണ്ടിടത്തുതന്നെ കൊണ്ടുവെന്നതാണ് സത്യം. അതിൽ വേദനിക്കേണ്ടയാൾ വേദനിച്ചു. അതോടെയാണ് ഫെയിസ് ബുക്ക് പോരാളിയായ  കെ ടി ജലീൽ  മറുപടിയുമായി രംഗത്തെത്തിയത്. ആരെയും കൊയപ്പത്തിലാക്കില്ലെന്നും, 101 ശതമാനം വിശ്വസിക്കാമെന്നുമായിരുന്നു എളാപ്പയുടെ മറുപടി. എന്നാൽ വിവാദമായ കശ്മീർ പോസ്‌റ്റോടെ സി പി എമ്മിനും ജലീൽ ബാധ്യതയായി മാറുന്നു എന്നുള്ള വ്യക്തമായ സൂചനയാണ് കെ കെ ശൈലജയിൽ നിന്നും ഉണ്ടായിരിക്കുന്നത്.

ബന്ധുനിയമനം, കേരള സർവ്വകലാശാലയിൽ നടന്ന മാർക്ക് ദാനം തുടങ്ങി സ്വർണ്ണക്കടത്ത്, ഖുറാൻ കടത്ത് തുടങ്ങി നിരവധിയായ വിഷയങ്ങളിൽ ആരോപണ വിധേയനായപ്പോഴെല്ലാം രക്ഷകരായി ധീരരനും പരാളികളുമായി സഖാക്കൾ കെ ടി ജലീലിനു ചുറ്റും അണിനിരന്നിരുന്നു. മാധ്യമം ദിനപത്രത്തിന്റെ ഗൾഫ് എഡിഷൻ പൂട്ടിക്കൽ,  മുതൽ നിരവധി വിവാദങ്ങളിൽ അകപ്പെട്ട മുൻമന്ത്രിയും എം എൽ എയുമായ കെ ടി ജലീൽ ആൾ ചില്ലറക്കാനരനല്ല. സ്വാതന്ത്ര സമര പാരമ്പര്യം രക്തത്തിൽ ഉറഞ്ഞു നിറയുന്ന ഒരു മഹാത്മാണ് എളാപ്പയെന്ന് സത്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പോലും അറിഞ്ഞിരുന്നില്ല.  

ബ്രിട്ടീഷുകാർക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ വീരനായകത്വം വഹിച്ച ഒരാളുടെ കൊച്ചുമകളുടെ മകനാണ് താനെന്നും, ആ തന്നെയാണ് പാക്കി്സ്ഥാൻ ചാരനെന്നു വിളിക്കുന്നതെന്നുമാണ് കെ ടി ജലീൽ ഇന്നലെ സഭയിൽ പറഞ്ഞത്. ഏതൊരു രാജ്യസ്‌നേഹിയും ഒരുനിമിഷം ശങ്കിച്ചുപോവും.   സത്യമായും ഈ രാജ്യസ്‌നേഹിയെ നാം എന്തിനാണ് ഇങ്ങനെ സംശയിക്കുന്നതെന്ന്  സഖാക്കളെങ്കിലും സംശയിച്ചേക്കാം.
ബന്ധുനിയമന വിവാദം ഉണ്ടായപ്പോൾ ബാപ്പായുടെ സഹോദര പുത്രനുമായുള്ള ബന്ധം അത്ര അടുത്ത ബന്ധമാണോ എന്നു ചോദിച്ച ആരും, ഉമ്മൂമ്മായുടെ ബാപ്പായുടെ പോരാട്ടവീര്യം പറഞ്ഞപ്പോൾ ഒരു സംശയവും പ്രകടിപ്പിച്ചില്ല. കാരണം കെ ടി ജലീൽ മാഷ് ഒരു ചരിത്ര അധ്യാപകൻ മാത്രമല്ലെന്നും, ഒരു ചരിത്ര പുരുഷനായി മാറുകയാണെന്നും അദ്ദേഹത്തെ ചുമന്നു നടക്കുന്ന സഖാക്കൾക്കും വ്യക്തമായിരിക്കയാണ്.

ഇന്ത്യയുടെ അഭിവാജ്യഘടകമായ പാക്കധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച് വിവാദത്തിലകപ്പെട്ട കെ ടി ജലീലിനെതിരെ തിരുവല്ല കോടതി  കേസെടുത്ത് അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പിണറായി പൊലീസ് കെ ടി ജലീലിനെതിരെ കേസുമായി മുന്നോട്ടു പോവുമോ എന്ന സംശയത്തിലാണ് രാജ്യ സ്‌നേഹികൾ. ഇതേ വിഷയത്തിൽ ഡൽഹിയിൽ വേറെയും പരാതി കെ ടി ജലീലിനെതിരെ ഉണ്ട്.

ജലീലിന്റെ മന്ത്രിപ്പണി പോയതാണ് ലോകായുക്തയോടുള്ള പകയ്ക്കുള്ളകാരണം. ജലീൽ വിഷയത്തിൽ ലോകായുക്തക്ക് വേണമെങ്കിൽ കണ്ണടക്കാമായിരുന്നു. ജലീൽ അടക്കമുള്ള മന്ത്രി സഭയുടെ കാലത്ത് നിയമിതനായ വ്യക്തിയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ്. അദ്ദേഹത്തെ പരസ്യമായി അധിേപിക്കാനും, വ്യക്തിഹത്യ നടത്താനും കെ ടി ജലീൽ ഫെയിസ് ബുക്കിന്റെ താളുകൾ കുറേ ചിലവാക്കി. സ്വന്തം വാളിൽ എഴുതിപ്പിടിപ്പിച്ച ആരപണങ്ങളിൽ വിവാദമുണ്ടാക്കി ശ്രദ്ധേയനാവുകയെന്ന തന്ത്രമായിരുന്നു ജലീൽ നടത്തിയത്.
ചരിത്രാധ്യാപകനാണെങ്കിലും ചരിത്രബോധം തീരേയില്ലാത്ത കെ ടി ജലീലിനെ സി പി എം പഴയതുപോലെ ന്യായീകരിക്കുന്നില്ലെന്നതും,  കെ കെ ശൈലജയുടെ -ഇയാൾ നമ്മളെ കുഴപ്പത്തിലാക്കുമല്ലോ എന്ന ആത്മഗതവും തമ്മിൽ നല്ല ബന്ധമുണ്ട്.

സ്വതന്ത്രനായതിനാൽ പാർട്ടിക്ക് നടപടിയൊന്നും ജലീലിനെതെ സ്വീകരിക്കാനാവില്ല എന്നത് സത്യം. എന്നാലും ഒന്നു വിളിച്ച് ഉപദേശിച്ചാൽ ചിലപ്പോൾ നന്നാവാൻ സാധ്യതയില്ലേ എന്നായിരിക്കും മുൻ അധ്യാപിക കൂടിയായ കെ കെ ശൈലജയുടെ അടുത്ത ആത്മഗതം. എന്തായാലും കെ ടി ജലീൽ തുടരെ തുടരെ ഉണ്ടാക്കുന്ന വിവാദം സി പി എമ്മിന് തലവേദനതന്നെയാണ് എന്നകാര്യത്തിൽ സംശയമില്ല.

വാൽക്കഷണം: ഗവർണ്ണറുടെ മാനസിക നില തെറ്റിയെന്ന് സി പി എം നേതാവ് എം വി ജയരാജൻ. ശുംഭൻ എന്നാൽ അങ്ങിനെയും അർത്ഥമുണ്ടോ സഖാവേ.

LEAVE A REPLY

Please enter your comment!
Please enter your name here