അമൃത് മഹോത്സവത്തിലെ അമൃത് ആണ് ഐ.എന്‍.എസ് വിക്രാന്ത്. ആത്മ നിര്‍ഭര്‍ ഭാരതത്തിന്റെ ഉദാത്ത മാതൃക. കൊച്ചി കപ്പല്‍നിര്‍മ്മാണശാലയിലെ ഉദ്യോഗസ്ഥര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും അഭിനന്ദനം. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ശേഷിയുടെയും പരിശ്രമത്തിന്റെയും ഉദാഹരണമാണ് ഐ.എന്‍.എസ് വിക്രാന്ത്.

കൊച്ചി: രാജ്യത്തിന്റെ നാവികശക്തി ഉന്നതിയിലെത്തിച്ച് ഐ.എന്‍.എസ് വിക്രാന്ത് സേനയുടെ ഭാഗമായി. രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ചടങ്ങില്‍ നാവിക സേനയുടെ പുതിയ പതാകയും അനാച്ഛാദനം ചെയ്തു.

ഐ.എന്‍.എസ് വിക്രാന്ത് രാജ്യത്തിന്റെ പ്രതിബന്ധങ്ങള്‍ക്ക് മുന്നിലുള്ള പ്രമാണമാണെന്ന് പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു. അമൃത് മഹോത്സവത്തിലെ അമൃത് ആണ് ഐ.എന്‍.എസ് വിക്രാന്ത്. ആത്മ നിര്‍ഭര്‍ ഭാരതത്തിന്റെ ഉദാത്ത മാതൃക. കൊച്ചി കപ്പല്‍നിര്‍മ്മാണശാലയിലെ ഉദ്യോഗസ്ഥര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും അഭിനന്ദനം. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ശേഷിയുടെയും പരിശ്രമത്തിന്റെയും ഉദാഹരണമാണ് ഐ.എന്‍.എസ് വിക്രാന്ത്.

കൊച്ചിയുടെ തീരത്ത് ഇന്ന് എല്ലാ ഇന്ത്യക്കാരും പുതിയ സൂര്യോദയം കാണുകയാണ്. ചക്രവാളത്തില്‍ ഇന്ത്യയുടെ ശക്തി ഉദിച്ചുവരുന്നതാണ് ഐ.എന്‍.എസ് വിക്രാന്ത്. വിപുലവും അസാമാന്യവും സവിശേഷവും വ്യതിരിക്തവുമാണ് ഐ.എന്‍.എസ് വിക്രാന്ത്. ഇത് വെറുമൊരു യുദ്ധക്കപ്പലല്ല, കഠിനാദ്ധ്വാനത്തിന്റെയും കഴിവിന്റെയും ഉദാഹരണമാണ്. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സ്വാധീനവും സമര്‍പ്പണവുമാണെന്നും മോദി പറഞ്ഞു.

ലോകത്ത് തദ്ദേശീയമായി വിമാന വാഹിനികള്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ന് ഇന്ത്യയും ഇടംപിടിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സാമര്‍ത്ഥ്യത്തിന്റെ തെളിവാണിത്. ഐ.എന്‍.എസ് വിക്രാന്തിന്റെ ഓരോ ഭാഗവും നമ്മുടെ നേട്ടമാണ്. നമ്മുടെ വികസനത്തിന്റെ യാത്രയാണ്. നിര്‍മ്മാണത്തിനുള്ള നിപുണതയും വിഭവങ്ങളും തദ്ദേശീയമാണ്. ഉരുക്കുവരെ തദ്ദേശീയമായി നിര്‍മ്മിച്ചതാണെന്നും മോദി ചൂണ്ടിക്കാട്ടി.

നമ്മുടെ നാവിക ശക്തി വര്‍ധിപ്പിക്കാന്‍ ഛത്രപതി ശിവാജിയുടെ കാലത്ത് നാവിക സേന രൂപീകരിച്ചിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ അവര്‍ ഇന്ത്യന്‍ കപ്പലുകള്‍ പിടിച്ചെടുക്കുകയും കച്ചവടത്തിന് ഉപയോഗിക്കുകയും ചെയ്തു. രാജ്യത്തിന്റെ സമുദ്രശക്തി തകര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനുള്ള നിയമനവും അക്കാലത്ത് ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയിരുന്നു.

എന്നാല്‍ ഇന്ന് ചരിത്രപരമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. അടിമത്വത്തത്തിന്റെ ഭാരം വഹിച്ചിരുന്ന നാം, അതിന്റെ അടയാളമായ പതാക മാറ്റി പുതിയ പതാക സ്ഥാപിക്കുകയാണ്. ഇന്നു മുതല്‍ ഇന്ത്യന്‍ നേവിയുടെ പതാകയില്‍ അടിമത്വത്തിന്റെ അടയാളമുണ്ടാവില്ല. ഛത്രപതി ശിവാജിയില്‍ നിന്നുള്ള പ്രചാദനത്താലുള്ള പുതിയ പതാക ഇന്നു മുതല്‍ കടലിലും ആകാശത്തും പാറിപ്പറക്കും.-മോദി പറഞ്ഞു.

കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ നിര്‍മ്മിച്ച ഐ.എന്‍.എസ് വിക്രാന്തിന് 45,000 ടണ്‍ ഭാരമുണ്ട്. 20,000 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. 262 മീറ്റര്‍ നീളവും 62 വീറ്റര്‍ വീതിയുമുണ്ട്. മിഗ് യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളും വഹിക്കാന്‍ ശ്രിഷയുണ്ട്. 1600 ജീവനക്കാരാണ് കപ്പലിലുള്ളത്. ബോര്‍ഡില്‍ 30 പേരും. 16 കിടക്കകളുള്ള ആശുപത്രി, 250 ഇന്ധന ടാങ്കുകള്‍, 24000 കമ്പാര്‍ട്ട്‌മെന്റുകള്‍, മണിക്കൂറില്‍ 3000 ചപ്പാത്തികള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള കിച്ചണും ഉള്‍പ്പെടുന്നതാണിത്.

ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here