രാജേഷ് തില്ലങ്കേരി

പാർട്ടിക്ക്  ചില നിയമങ്ങളുണ്ട്, അവാർഡായാലും എന്തായാലും എല്ലാം പാർട്ടി റൂട്ടിലായിരിക്കണം കാര്യങ്ങൾ. സി പി എം എന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ കാര്യമാണ് പറയുന്നത്. പാർട്ടി പറഞ്ഞു ഞാൻ അനുസരിച്ചു എന്നാണ് എല്ലാ കമ്യൂണിസ്റ്റു നേതാക്കളും പറയാറ്. സാമ്രാജ്യത്വം തുലയട്ടെ എന്നും കമ്യൂണിസം വാഴട്ടെ എന്നും രാവിലെ കിടക്കപ്പായയിൽ ഇരുന്ന് മുദ്രാവാക്യം വിളിച്ച് വിപ്ലവ പ്രവർത്തനം നടത്തുന്ന സഖാക്കൾ ഒരിക്കലും വാങ്ങിക്കൂടാത്ത അവാർഡുകളുടെ പട്ടികയുണ്ട്.

ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന കെ കെ ശൈലജയെ മാഗ്‌സസെ അവാർഡിന് പരിഗണിച്ച്ത്. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടത്തിനും, അതിന് നേതൃത്വം കൊടുത്തതിനുമാണ് കെ കെ ശൈലജയെ അവാർഡിനായി പരിഗണിച്ചത്. എന്നാൽ നിപയെ നേരിട്ടതും പിന്നീട് കൊവിഡിനെ നേരിട്ടതും സി പി എമ്മും, മന്ത്രി സഭയും ചേർന്നായിരുന്നുവെന്നും അല്ലാതെ ഒറ്റ വ്യക്തിയുടെ നേട്ടമല്ലെന്നും പാർട്ടി വിലയിരുത്തി. നിപ ആയാലും കൊവിഡായാലും നിയന്ത്രിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു എന്നും അതിനാൽ കെ കെ ശൈലജ അവാർഡ് വാങ്ങേണ്ടതില്ലെന്നും പാർട്ടി തീരുമാനിക്കുകയായിരുന്നു. എന്ത് അംഗീകാരമായാലും കപ്പിത്താനെന്നും ക്യാപ്റ്റനെന്നുമൊക്കെ വിളിക്കപ്പെടുന്ന മുഖ്യമന്ത്രിക്കാണല്ലോ ലഭിക്കേണ്ടത് എന്നാണ് പാർട്ടിയുടെ ന്യായം. ക്യാപ്റ്റനില്ലാതെ എങ്ങിനെ കളിജയിക്കും അപ്പോൾ ക്യാപ്റ്റനല്ലേ അംഗീകാരവും ലഭിക്കേണ്ടത് എന്ന മുടന്തൻ ന്യായമാണ് മഗ്‌സസെ അവാർഡ് വിഷയത്തിൽ പാർട്ടി നിരത്തുന്നത്.

കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച മന്ത്രിയായിരുന്നു കെ കെ ശൈലജ. കൊവിഡ് കാലത്തുതന്നെ ശൈലജയെ തേടി നിരവധി ബഹുമതികൾ വന്നതുമാണ്. നിപയെ പിടിച്ചുകെട്ടാനായത് ആരോഗ്യമന്ത്രിയെന്ന നിലയിൽ കെ കെ ശൈലജ ഏറെ പ്രസംസിക്കപ്പെട്ടിരുന്നു. കൊവിഡിന്റെ ആദ്യകാലത്തും കെ കെ ശൈലജയാണ് മാധ്യമങ്ങളിലൂടെ കാര്യങ്ങൾ വിശദീകരിച്ചിരുന്നത്. കെ കെ ശൈലജയുടെ ജനപ്രീതി മുഖ്യമന്ത്രിക്കും മുകളിലേക്ക് ഉയരുന്നു എന്നു മനസിലായതോടെ പാർട്ടി കെ കെ ശൈലജയെ ഒതുക്കാനുള്ള വഴികൾ ആലോചിച്ചു. അങ്ങിനെ പ്രതിദിന പത്രസമ്മേളനം മുഖ്യമന്ത്രി ഏറ്റെടുത്തു. കെ കെ ശൈലജ മൗനമായി ഒപ്പമിരുന്നു. പിന്നീട് അതും ഇല്ലാതായി.

കെ കെ ശൈലജയുടെ നേട്ടത്തെ പാർട്ടി പിന്നീട് ഒരിക്കലും ഉയർത്തിക്കാട്ടാൻ തയ്യാറായില്ല. ഒരു വേള മുഖ്യമന്ത്രി പദത്തിലേക്ക് പോലും കെ കെ ശൈലജയുടെ പേര് ഉയർന്നത് പലർക്കും ഉൾക്കൊള്ളാനായില്ല. മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് മത്സരിക്കാൻ അവസരം കൊടുത്തുവെങ്കിലും രണ്ടാം പിണറായി സർക്കാരിൽ കെ കെ ശൈലജയ്ക്ക് അവസരം കൊടുത്തില്ല. തുടർഭരണത്തിൽ ആർക്കും തുടർച്ചയില്ലെന്നും, മുൻമന്ത്രിമാർ ആരും മന്ത്രിസഭയിൽ വേണ്ടെന്നും പാർട്ടി തീരുമാനിച്ചതിനു പിന്നിലും  കെ കെ ശൈലജയ്ക്ക് ലഭിച്ച ജനപ്രീതിയായിരുന്നു കാരണം. സി പി എമ്മിൽ ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ച് വിജയിച്ച ജനപ്രതിനിധിയാണ് കെ കെ ശൈലജ. ധർമ്മടത്ത് പിണറായി വിജയനെക്കാൾ വോട്ട് മട്ടന്നൂരിൽ ശൈലജയ്ക്ക് ലഭിച്ചതുപോലും പാർട്ടിയിൽ പലർക്കും ദഹിച്ചിരുന്നില്ല.

ആരോഗ്യമന്ത്രിയെന്ന നിലയിൽ കൂട്ടായ പ്രവർത്തനമാണ്  നടത്തിയതെന്നാണ് നേതാക്കൾ നിരത്തുന്ന വാദം. ്ആ നേട്ടം മുഖ്യമന്ത്രിയുടേതാണ് എന്നും അവർ വാദിക്കുന്നുണ്ട്. എങ്കിൽ നിലവിൽ കേരളത്തിലെ പേപ്പട്ടി വിഷബാധയേറ്റ് 20 പേർ മരിച്ചതും,  വാക്‌സിൻ എടുത്തിട്ടും പേ വിഷബാധയേൽക്കുന്നതും ഒക്കെ ആരോഗ്യ വകുപ്പിന്റെ പരാജയമല്ലേയെന്നും ആ പരാജയവും മുഖ്യമന്ത്രി ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് ഫാൻസ് ക്ലബ്ബുകാർക്ക് മൗനമാണ്.

 നിപ പോരാട്ടത്തിൽ അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയെ മഗ്‌സസെ അവാർഡിന് പരിഗണിച്ചത് പാർട്ടിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റുമായിരുന്നില്ല, അതിനാൽ അവാർഡ് വാങ്ങേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു.  ഏഷ്യയിലെ ഏറ്റവും അവാർഡാണ് മഗ്‌സസെ അവാർഡ്. എന്നാൽ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ച ഒരു വ്യക്തിയുടെ പേരിലുള്ള അവാർഡ് വാങ്ങേണ്ടതില്ലെന്ന മുടന്തൻ ന്യായങ്ങൾ നിരത്തി പാർട്ടി കെ കെ ശൈലജയെ വെട്ടുകയായിരുന്നു. കേരളത്തിന്റെ ആരോഗ്യ രംഗം അന്തർദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്നതിനുള്ള അവസരമാണ് ഭയം കാരണം വേണ്ടെന്നു വച്ചത്. ഹിമാലയൻ ബ്ലണ്ടർ….

വാൽകഷണം: അമേരിക്കയും ലണ്ടനുമൊക്കെ സാമ്രജ്യത്വ ശക്തികളാണ്. പക്ഷേ, രോഗം ബാധിച്ചാൽ കമ്യൂസ്റ്റ് നേതാക്കൾക്ക് ചികിൽസ വേണമെങ്കിൽ അത് ഈ സാമ്രാജ്യത്വ ആശുപത്രികൾ തന്നെ വേണം.

LEAVE A REPLY

Please enter your comment!
Please enter your name here