മലപ്പുറം: ഓണം കൂടാന്‍ അവധിക്ക് നാട്ടിലെത്തിയ പ്രവാസികളുടെ മടക്കം മുന്നില്‍ കണ്ട് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍. ഇന്ന് മുതല്‍ പത്ത് ദിവസത്തേക്ക് ടിക്കറ്റ് നിരക്കില്‍ കാര്യമായ വര്‍ദ്ധനവുണ്ട്. ഈ മാസം 20 മുതല്‍ ടിക്കറ്റ് നിരക്ക് കുറയും. പ്രവാസി യാത്രക്കാര്‍ ഏറെയുള്ള സൗദി, യു.എ.ഇ സെക്ടറുകളിലാണ് നിരക്ക് വര്‍ദ്ധനവ് കൂടുതല്‍. ഖത്തറിലേക്കുള്ള നിരക്ക് കുറച്ചുകാലമായി ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്.

കോഴിക്കോട് -ദോഹ റൂട്ടില്‍ കൊള്ള നിരക്കാണ്. ബഡ്ജറ്റ് എയര്‍ലൈനായ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റിന് ഇന്ന് 38,000 രൂപയാണ് ഈടാക്കുന്നത്. ഈ ആഴ്ചയിലെ കുറഞ്ഞ നിരക്ക് 33,000 രൂപയാണ്. അതേസമയം ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് 9,000 രൂപയ്ക്ക് ടിക്കറ്റുണ്ട്. പ്രവാസികള്‍ ഏറെയുള്ള ജിദ്ദയിലേക്ക് ഈ മാസം 14നാണ് കരിപ്പൂരില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റുള്ളത്. 47,000 രൂപ നല്‍കണം. 17,800 രൂപയ്ക്ക് ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് ടിക്കറ്റുണ്ട്.

കോഴിക്കോട് – അബൂദാബി റൂട്ടില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ഇന്ന് 26,848 രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നത്. അതേസമയം അബൂദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് 6,718 രൂപയ്ക്ക് ടിക്കറ്റുണ്ട്. കോഴിക്കോട് നിന്ന് അല്‍ഐനിലേക്ക് 18,500 രൂപയാണ് ഇന്നത്തെ നിരക്ക്. എന്നാല്‍ അല്‍ഐനില്‍ നിന്ന് 8,500 രൂപയ്ക്ക് കരിപ്പൂരിലെത്താം. ബഹ്‌റൈനിലേക്ക് കരിപ്പൂരില്‍ നിന്ന് ഈ മാസം 12നാണ് വിമാനമുള്ളത്. 27,605 രൂപയാണ് നിരക്ക്. 13ന് നിരക്ക് വീണ്ടും ഉയര്‍ന്ന് 31,500 രൂപയിലെത്തും. ഇതേ കാലയളവില്‍ ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് 15,000 രൂപയ്ക്കും ടിക്കറ്റുണ്ട്. കോഴിക്കോട് – ദുബായ് റൂട്ടില്‍ അടുത്ത അഞ്ച് ദിവസം ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ്. ഇന്ന് 25,100 രൂപ നല്‍കണം. 15ന് ശേഷം ടിക്കറ്റ് നിരക്കില്‍ 8,000 രൂപയിലധികം കുറയും. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് 6,000 രൂപയ്ക്കും ടിക്കറ്റുണ്ട്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് യാത്രക്കാര്‍ തീരെ കുറവാണെന്നതാണ് ഈ റൂട്ടില്‍ നിരക്ക് കുറയാന്‍ കാരണം. അതേസമയം ഗള്‍ഫിലേക്കുള്ള തിരിച്ചുപോക്ക് കൂടിയിട്ടുണ്ട്.

ഇന്നത്തെ ടിക്കറ്റ് നിരക്ക് ( എയര്‍ഇന്ത്യ എക്‌സ്പ്രസ്)

കോഴിക്കോട്- കുവൈത്ത് : 39, 500
കുവൈത്ത്- കോഴിക്കോട് : 9, 600

കോഴിക്കോട്- റിയാദ് : 33, 600
റിയാദ്- കോഴിക്കോട് : 12, 500

കോഴിക്കോട്- മസ്്ക്കറ്റ് : 14, 800
മസ്‌ക്കറ്റ്- കോഴിക്കോട് : 8,200

കോഴിക്കോട്- ഷാര്‍ജ്ജ : 23,000
ഷാര്‍ജ്ജ- കോഴിക്കോട് : 7, 000

LEAVE A REPLY

Please enter your comment!
Please enter your name here