രാജേഷ് തില്ലങ്കേരി

കേരളത്തിന്റെ 24 ാമത്തെ സ്പീക്കറായി എ എൻ ഷംസീർ ഇന്ന് ചുമതലയേറ്റു. തലശ്ശേരിയിൽ നിന്നുള്ള നിയമസഭാംഗമാണ് എ എൻ ഷംസീർ. സി പി എമ്മിന്റെ മീഡിയാ പോരാളിയായിരുന്ന എ എൻ ഷംസീർ സ്പീക്കറായിമാറിയതോടെ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കേണ്ടിവരികയാണ്. രണ്ടാം പിണറായി സർക്കാരിൽ സ്പീക്കറായിരുന്ന എം ബി രാജേഷ് ചില രാഷ്ട്രീയ മാറ്റങ്ങളുടെ ഫലമായി മന്ത്രിയായതിനെ തുടർന്നാണ് ഷംസീർ സ്പീക്കറുടെ പദവിയിലേക്ക് എത്തുന്നത്. മന്ത്രിയായിരുന്ന എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെയാടെ മന്ത്രിപ്പണി അവസാനിപ്പിച്ചതോടെ ഉണ്ടായ ചില നീക്കുപോക്കുകളുടെ ഫലമായി കൈവന്ന ഭാഗ്യമാണ് എ എൻ ഷംസീറിനെ ഇപ്പോൾ രക്ഷിച്ചത്.  

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ മന്ത്രിപദത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ച എം എൽ എയായിരുന്നു എ എൻ ഷംസീർ. എന്നാൽ മന്ത്രികസേരയിൽ എത്തിയതാവട്ടെ ആദ്യതവണ എം എൽ എയായ മുഹമ്മദ് റിയാസായിരുന്നു. മുഖ്യമന്ത്രിയുടെ മരുമകനായതിനാലാണ് റിയാസിന് മന്ത്രി കസേര ലഭിച്ചതെന്ന് പാർട്ടിയിൽപോലും അഭിപ്രായമുയർന്നു. അതിൽ പ്രധാനമായും പ്രതിഷേധമുയർന്നത് എ എൻ ഷംസീറിന്റെ ആരാധകരിൽ നിന്നായിരുന്നു എന്നതാണ് സത്യം. ചില പ്രതിഷേധസ്വരങ്ങൾ എ എൻ ഷംസീറിൽ നിന്നും ഉണ്ടാവുകയും ചെയ്തു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുണ്ടായ വിവിധ വിഷയങ്ങളിൽ പാർട്ടിക്കു വേണ്ടി ടെലിവിഷൻ ചാനലുകളിൽ അഞ്ചുവർഷം പോരാടിയ യുവ എം എൽ എയായിരുന്നല്ലോ ഷംസീർ. എന്നാൽ രണ്ടാം വട്ടവും തലശ്ശേരിയിൽ നിന്നും ജയിച്ചുവന്നിട്ടും ഷംസീറിനെ മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെട്ടില്ല.
 പഴയകാല ബ്രണ്ണൻ പോരാളിയായ പിണറായി വിജയന് എന്തുകൊണ്ടോ പുതിയകാല ബ്രണ്ണൻ പോരാളിയായ ഷംസീറിനെ അത്രയങ്ങ് ബോധിച്ചിരുന്നില്ല.

തലശ്ശേരി എം എൽ എയായിരുന്ന കോടിയേരി ബാലകൃഷ്ണൻ എന്ന സമുന്നതനായ നേതാവിന്റെ പിൻഗാമായായാണ് ഷംസീർ നിയമസഭയിൽ എത്തിയത്. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ കോടിയേരി ബാലകൃഷ്ണന്റെ ശിങ്കിടിയായി കൂടിയാണ് ഷംസീർ സി പി എമ്മിൽ നേതാവായി വളർന്നത് എന്ന് . എസ് എഫ് ഐയിലും പിന്നീട് ഡി വൈ എഫ് ഐയിലും തുടർന്ന് സി പി എമ്മിലും ഷംസീറിന് ഇടം ലഭിച്ചതാവട്ടെ എ പി അബ്ദുല്ലക്കുട്ടിയെ സി പി എം നേതൃത്വം ചവിട്ടിപുറത്താക്കിയതിന് ശേഷമാണ്. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ അട്ടിമറി വിജയം നേടി അത്ഭുത കുട്ടിയായി മാറിയ അബ്ദുല്ലക്കുട്ടിയാവട്ടെ അറാപിറപ്പ് കാണിച്ച് കോൺഗ്രസിൽ ചേക്കേറി. പിന്നീട് അവിടെയും നിൽക്കാൻ പറ്റാതെ ബി ജെി പിയിലും എത്തിയത് മറ്റൊരു ചരിത്രം. എന്തായാലും ഷംസീർ എന്ന വിപ്ലവകാരിക്ക് പറ്റിയ കാലാവസ്ഥയായിരുന്നു കണ്ണൂർ. തലശ്ശേരിയിലെ പഴയകാല വർഗീയ കലാപവും സി പി എമ്മിന്റെ ചെറുത്തുനിൽപ്പും മുസ്ലിം സമുദായത്തിന് പാർട്ടിയോടുള്ള കടുത്ത വിധേയത്വത്തിന് കാരണമായിട്ടുണ്ടായിരുന്നു. എ എൻ ഷംസീറിന്റെ രാഷ്ട്രീയ അടിത്തറയും അതുതന്നെ.

കണ്ണൂർ സർവ്വകലാശാലയൂണിയന്റെ  പ്രഥമ ചെയർമാൻ ആയതോടെയാണ് സഖാവ് ഷംസീർ കണ്ണൂർ രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്. ഒരു വിപ്ലവകാരിയായി പരിഗണിക്കപ്പെടണമെങ്കിൽ ജയിൽ ശിക്ഷ അനുഭവിക്കമമെന്നാണ് പാർട്ടിയുടെ അലിഖിത നിയമം. ഷംസീർ മൂന്നു മാസം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
നരവംശ ശാസ്ത്രത്തിൽ ബിരുദവും നിയമത്തിൽ ബിരുദം ബിരുദാനന്തര ബിരുദവും നേടിയ എ എൻ ഷംസീർ പ്രായത്തിലും കൂടുതൽ പക്വത കാണിച്ച എം എൽ എ യാണെന്നും അദ്ദേഹത്തിന്  സ്പീക്കറുടെ പദവിയിൽ ശോഭിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് വെറുതെയല്ല. കാരണം അത്രയേറെ ക്ഷമിച്ചും സഹിച്ചുമാണ് ഇക്കഴിഞ്ഞ ഒന്നര വർഷം എ എൻ ഷംസീർ എം എൽ എയായി  കഴിഞ്ഞിരുന്നത്.
എന്തായാലും പിണറായി വിജയൻ ഈ പക്വമതിയായ യുവനേതാവിന് കൊടുത്തത് നല്ല ചികിൽസയാണ്. പക്വത വീണ്ടും വർദ്ധിപ്പിക്കാനുള്ള ചികിൽസ. ഇനി മൂന്നര വർഷക്കാലം ഷംസീർ പാർട്ടികാര്യങ്ങളിൽ ഇടപെടില്ല, പരസ്യമായി വീരവാദവും മുഴക്കില്ല, എന്റെ ഉമ്മോ… വെറുതെയല്ല പിണറായിക്ക് ഇരട്ടച്ചങ്കാണെന്ന് പറയുന്നത്.

വാൽകഷണം : എം ബി രാജേഷ് നല്ല സ്പീക്കറായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവിന്റെ സർട്ടിഫിക്കറ്റ്. നല്ല പ്രതിപക്ഷമാണ് ഈ സഭയിലുള്ളതെന്ന് പുതിയ സ്പീക്കർ എ എൻ ഷംസീറും വ്യക്തമാക്കിയിട്ടുണ്ട്. ഇനി നമുക്ക് സഭയിൽ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here