കൊല്ലം: ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് രണ്ടു പേർ മരിച്ചു. കുന്നിക്കോട് സ്വദേശിനി സജീന,വിളക്കുടി പഞ്ചായത്തംഗം റഹിംകുട്ടി എന്നിവരാണ് മരിച്ചത്. പാളത്തിൽനിന്ന് പ്ലാറ്റ്ഫോമിലേക്കു കയറുന്നതിനിടെയാണ് സജീനയെ ട്രെയിനിടിച്ചത്. സജീനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ റഹിംകുട്ടിയും അപകടത്തിൽപ്പെടുകയായിരുന്നു.

ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് ട്രെയിൻ കയറുന്നതിനായി ഇരുവരും രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കു വരുമ്പോഴാണ് അപകടമുണ്ടായത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പുനലൂർ ഭാഗത്തേക്കു പോകാനായി നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിലൂടെയാണ് ഇരുവരും പുറത്തെത്തിയത്. പാളത്തിൽനിന്ന് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കു കയറാൻ ശ്രമിക്കുമ്പോഴാണ്, പുനലൂരിൽനിന്നു കൊല്ലം ഭാഗത്തേക്കു പോകുന്ന ട്രെയിൻ സജീനയെ ഇടിച്ചത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ ഞെരിഞ്ഞമർന്ന സജീനയെ രക്ഷിക്കാനുള്ള ശ്രമത്തിൽ റഹിംകുട്ടിയും അപകടത്തിൽപ്പെട്ടു. കാൽ അറ്റുപോയി ഗുരുതരാവസ്ഥയിലായ റഹിംകുട്ടിയെ ഉടനെ കൊട്ടാരകൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ഫൂട്ട് ഓവർ ബ്രിജ് ഉണ്ടെങ്കിലും അത് അറ്റകുറ്റപ്പണികളുടെ പേരിൽ അടച്ചിട്ടിരിക്കുകയാണ്. അതിനാലാണ് ഇരുവരും പാളത്തിലൂടെ നടന്ന് പ്ലാറ്റ്ഫോമിലേക്കു കയറാൻ ശ്രമിച്ചതെന്നാണ് ദൃക്‌സാസാക്ഷികൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here