തിരുവനന്തപുരം: കൺസഷൻ പുതുക്കാൻ കെ എസ് ആർ ടി സി സ്‌റ്റേഷനിലെത്തിയ അച്ഛനും മകൾക്കുമെതിരെ ജീവനക്കാർ നടത്തിയ അക്രമത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. മർദ്ദനമേറ്റ രേഷ്മയുടെയും അഖിലയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.സംഭവത്തിന് പിന്നാലെ നാല് ജീവനക്കാരെ കെ എസ് ആർ ടി സി മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്‌തിരുന്നു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ് ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ, അസിസ്റ്റന്റ് സി പി മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തത്.ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മകളുടെ കൺസഷൻ അപേക്ഷിക്കാനായി ഡിപ്പോയിൽ എത്തിയതായിരുന്നു പ്രേമനനും മകളും. മകളുടെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. കൺസഷൻ നൽകണമെങ്കിൽ ഡിഗ്രി കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ മൂന്ന് മാസമായി താൻ ഇതിനായി നടക്കുകയാണെന്നും കൺസഷൻ നൽകണമെന്നും പ്രേമനൻ ആവശ്യപ്പെട്ടു. പക്ഷെ കൺസഷൻ നൽകാൻ ജീവനക്കാർ തയാറായില്ല. തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്‌. മർദ്ദനത്തിൽ പരിക്കേറ്റ കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനൻ(53) ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് ആശുപത്രിയിലെത്തി പ്രേമനന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here