രാജേഷ് തില്ലങ്കേരി

കേരളത്തിൽ ആഘോഷപൂർവ്വം കെ എസ് ആർ ടിസി ബസുകൾ തകർത്ത്  ഒരു ഹർത്താൽകൂടി കൊണ്ടാടപ്പെട്ടു. അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ പുറത്തിറങ്ങിയവരെല്ലാം വെള്ളവും വാഹനവും കിട്ടാതെ അലഞ്ഞു, വലഞ്ഞു വിയർത്തു.
പതിവുപോലെ നാട്ടുകാരെല്ലാം വീട്ടിലിരുന്ന് ഹർത്താൽ ആസ്വദിച്ചു. മാർക്കറ്റും, ബാങ്കുകളും സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും അടച്ച് സർക്കാരും പൊതുജനവും ഹർത്താലിനോട് ആഭിമുഖ്യം കാണിച്ചു. സ്ഥിരം പരിപാടിയായ കെ എസ് ആർ ടി സി ബസ്സുകൾക്കെതിരെ വ്യാപകമായ കല്ലേറും അക്രമവും ഹർത്താൽ അനുകൂലികൾ അഴിച്ചുവിട്ടു. ഇത് എഴുതുമ്പോഴും അക്രം അവസാനിച്ചു എന്ന പറയാറായിട്ടില്ല.

എന്തിനാണ് ഈ ഹർത്താലെന്ന് കേരളത്തിലെ പകുതിപ്പേർക്കും അറിയില്ല, ആരാണ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും നിശ്ചയമില്ല. കേരളത്തിൽ ഹർത്താൽ നടത്തുകയെന്നത് എളുുപ്പമാണ് എന്നതിനാൽ ഒരു പത്രപ്രസ്താവനമാത്രം മതി ഈ കലാപരിപാടി നടത്തിയെടുക്കാൻ. ഇനി എന്തിനാണ് കേരളത്തിൽ ഹർത്താലെന്ന് പരിശോധിക്കാം.

രാജ്യദ്രോഹപരവും, വിധ്വംസകപ്രവർത്തനങ്ങളും നടത്താൻ കോപ്പുകൂട്ടിക്കൊണ്ടിരുന്ന പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയുടെ  പ്രവർത്തകരെ എൻ ഐ എ രാജ്യത്താകമാനം നടത്തിയ റെയിഡിൽ കസ്റ്റഡിയിലെടുക്കുകയും, അവരെ ഡൽഹിയിലേക്ക് കൊണ്ടുപോവുകയും ചെയ്തതോടെയാണ് കേരളത്തിൽ ഹർത്താലാഹ്വാനമുണ്ടായത്. 11 സംസ്ഥാനങ്ങളിൽ നിന്നായി നൂറിലേറെ പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് അറസ്റ്റു ചെയ്യപ്പെട്ടത്.  കേരളത്തിൽ നിന്നും ഇരുപത്തിയഞ്ച് നേതാക്കൾ അറസ്റ്റു ചെയ്യപ്പെട്ടു. ഇതിൽ ദേശീയ ജന.സെക്രട്ടറി നാസർ എളമരം ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു എന്നും ഓർക്കണം. എന്നാൽ കേരളത്തിൽ മാത്രമാണ് ഈ വിഷയത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തതും, ഹർത്താൽ ദിനത്തിൽ വ്യാപകമായി അക്രമങ്ങൾ അരങ്ങേറിയതും. ഇതൊന്നും ഒറ്റപ്പെട്ട സംഭവമായി കണക്കുകൂട്ടാൻ ആവില്ല.

 കേരളത്തിൽ പലപേരുകളിലായി പ്രവർത്തിക്കുന്ന വർഗീയ സംഘടനകൾ ഉണ്ടെന്നും, സംസ്ഥാനത്ത് സ്ലീപ്പിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഒൻപതുമാസം മുൻപ് മാത്രം  സ്ഥാനമൊഴിഞ്ഞ കേരളത്തിലെ പൊലീസ് മേധാവിയായിരുന്ന ലോകനാഥ് ബഹറ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്തുകൊണ്ടാണ് സംസ്ഥാനത്തെ പൊലീസും അഭ്യന്തര വകുപ്പും ഈ വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കാതിരുന്നതെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ, വിഘടനവാദ പ്രവർത്തങ്ങൾ, മതവിദ്വേഷം വളർത്തിയെടുക്കാനുള്ള സംഘടിത ശ്രമങ്ങൾ എല്ലാം രാജ്യത്ത് നടക്കുന്നതായാണ് ഇന്നലെ 11 സംസ്ഥാനത്ത് നടന്ന എൻ ഐ എ റെയിഡിൽ കണ്ടെത്തിയത്.
നമ്മുടെ രാജ്യം ഗുരുതരമായ അവസ്ഥയിലേക്ക് വഴിമാറുന്നു എന്നുവേണം ഇതിലൂടെ അനുമാനിക്കാൻ. സിറിയയിലേക്ക് ആടുമേയ്ക്കാനായി പോയവരിൽ കേരളത്തിൽ നിന്നായിരുന്നു. കേരളത്തിൽ റിക്രുട്ടിംഗ് ഏജൻസികൾ പ്രവർത്തിച്ചിരുന്നിട്ടും സംസ്ഥാന സർക്കാരിന് ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യാൻ പറ്റുന്നില്ല. എന്തുകൊണ്ടാണ് കേരളത്തിൽ ഇത്രയേറെ സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഈ വിഷയങ്ങളിൽ എന്തുകൊണ്ടാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് ഈ വിവരങ്ങളൊന്നും ലഭിക്കാത്തക്.


കേരളത്തിലേക്ക് ദിനംപ്രതി ഒഴുകുന്ന ലഹരിമരുന്നുകളും, സ്വർണക്കടത്തും ഈ ഭീകരവാദികളുടെ സാമ്പത്തിക ഉറവിടമാണോ ? കേരളത്തിലേക്ക് നടക്കുന്ന കോടിക്കണക്കിന് രൂപയുടെ സ്വർണക്കടത്തിനു പിന്നിൽ ആരാണ് ? ആരാണ് കോടികളുടെ നിരോധിത സിന്തറ്റിക്ക്  മയക്കുമരുന്നും ലോഡ് കണക്കിന് കഞ്ചാവും കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നത്. ലോകത്തെ മിക്ക ഭീകര സംഘടനകളും പണം സ്വരൂപിക്കുന്നത് മയക്കുമരുന്നു വ്യാപാരത്തിലൂടെയാണ്. ഇതേ രീതിയാണോ കേരളത്തിലും നടക്കുന്നത്. രാജ്യത്താകമാനം വേരുകളുള്ള തീവ്രവാദ സംഘടനാ ഗ്രൂപ്പുകളെ അമർച്ച ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾ എന്തുകൊണ്ടും ഫലം കാണേണ്ടതുണ്ട്. രാജ്യത്ത് സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ബാധ്യതയുള്ളവർ കുറച്ചുവൈകിയതിന്റെ പരിണിത ഫലമാണ് കേരളത്തിൽ മതതീവ്രവാദ സംഘടനകൾ ഇത്രയേറെ വളർന്നു പന്തലിച്ചതിനുകാരണം.

ജിഹാദുകൾ പലതും റിപ്പോർട്ട് ചെയ്യപ്പെട്ടു, അധ്യാപകന്റെ കൈവെട്ടിമാറ്റിയ സംഭവമൊക്കെ അരങ്ങേറിയപ്പോഴും വരാനിരിക്കുന്ന ദുരന്തങ്ങളുടെ സൂചനയായല്ല പൊതു സമൂഹം ഇതിനെ കണ്ടത്. എറണാകുളം മഹാരാജാസിലെ പാവപ്പെട്ട അഭിമന്യൂ എന്ന വിദ്യാർത്ഥിയെ കുത്തികൊലപ്പെടുത്തിയതടക്കം നിരവധി ക്രൂരമായ കൊലകൾ കേരളത്തിൽ അരങ്ങേറിയപ്പോഴും ഇടത് -വലത് മുന്നണികൾ മൗനത്തിലായിരുന്നു. വോട്ട് ബാങ്കുകൾ ആരും തകർക്കാൻ ഇഷ്ടപ്പെടില്ലല്ല. കേന്ദ്രം പണി തുടങ്ങിയിരിക്കുന്നു. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള സൗന്ദര്യപിണക്കമൊന്നുമല്ല നമ്മുടെ നാട് നേരിടുന്ന പ്രധാന വിഷയമെന്നും നാം തിരിച്ചറിയുക. രാജ്യം കുട്ടിച്ചോറാവാതെ കാത്തു സൂക്ഷിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here