തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ കോൺഗ്രസ് അനുകൂല സംഘടനയായ ടി,​ഡി.എഫ് നാളെമുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. സമരത്തിൽ നിന്ന് പിൻമാറിയതായി ടി.എഡി.എഫ് നേതാക്കൾ അറിയിച്ചു. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റും ഗതാഗത മന്ത്രിയും അറിയിച്ചിരുന്നു. സമരം മൂലം ഉണ്ടാകുന്ന നഷ്ടം ഇതിൽ പങ്കെടുക്കുന്ന ജീവനക്കാരിൽ നിന്ന് ഈടാക്കാനായിരുന്നു മാനേജ്‌മെന്റ് നീക്കം. ജീവനക്കാർക്ക് ‌ഡയസ്‌നോൺ ബാധകമാക്കുമെന്നും മാനേജ്‌മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെയും കൂടി പശ്ചാത്തലത്തിലാണ് സമരം പിൻവലിച്ചത് എന്നാണ് റിപ്പോർട്ട്.

 

 

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിശോധിച്ച് ആറ് മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നൽകിയതാണെന്ന് കെ.എസ്.ആർ.ടി.സി നേരത്തെ പറഞ്ഞിരുന്നു. അന്ന് യോ​ഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച ശേഷമാണ് പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത്. ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും, ഈ സ്ഥാപനത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് ഇതിനെ കാണുന്നതെന്ന് മാനേജ്മെന്റ് പറഞ്ഞു.

 

ഒക്ടോബർ 5 തീയതിക്ക് മുൻപായി സർക്കാർ സഹായത്തോടെ തന്നെ ശമ്പളം നൽകാനാണ് നിലവിൽ മാനേജ്മെന്റിന്റ് തീരുമാനം. എന്നാൽ, സമരത്തിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്തംബർ മാസത്തെ ശമ്പളം നൽകില്ലെന്നായിരുന്നു കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റെ മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here