നഗരവികസനത്തിനായും അടിസ്ഥാന സൗകര്യ വികസനത്തിനായും ഭൂമിയേറ്റെടുക്കുന്നതിന് പകരം ലാൻഡ് പൂളിങ് സമ്പ്രദായം നിർദേശിച്ച് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ (എഎജി) അശോക് എം ചെറിയാൻ. നിയമാനുസൃതമായ നിയന്ത്രണങ്ങളോടെ ഈ രീതി പിന്തുടർന്നാൽ പദ്ധതികൾ കൂടുതൽ മെച്ചത്തിൽ നടപ്പിലാക്കാമെന്നും എഎജി.

പരാതി പരിഹാര സംവിധാനങ്ങളും അപ്പീൽ ഫോറങ്ങളും ഉപയോഗിച്ച് സർക്കാർ ഏജൻസികൾ മുഖേന മാത്രമേ ലാൻഡ് പൂളിംഗ് നടത്താവൂ എന്ന് അദ്ദേഹം കൊച്ചിയിൽ വെള്ളിയാഴ്ച പറഞ്ഞു.

ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി സംഘടിപ്പിച്ച ‘ടൗൺ പ്ലാനിംഗ് നിയമനിർമാണത്തെക്കുറിച്ചുള്ള സാങ്കേതിക സെഷൻ’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബറിൽ സംഘടിപ്പിക്കുന്ന ബോധി നാഷണൽ അർബൻ കോൺക്ലേവിന്റെ ഭാഗമായി നടക്കുന്ന മൂന്ന് സെമിനാറുകളുടെ പരമ്പരയിലെ രണ്ടാമത്തെ പരിപാടിയാണ് വെള്ളിയാഴ്ച നടന്നത്.

“ലാൻഡ് പൂളിംഗ് പ്രക്രിയ നടപ്പിലാക്കാൻ സ്വകാര്യ ഏജൻസികളെ അനുവദിച്ചാൽ നിർബന്ധിത മാർഗങ്ങളിലൂടെ ഭൂവുടമകളിൽ നിന്ന് സമ്മതം വാങ്ങാനുള്ള എല്ലാ സാധ്യതയും ഉണ്ടാകും. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ചൂഷണം ചെയ്യാനുമിടയുണ്ട്. ഇവയൊഴിവാക്കുന്നതിന് ലാൻഡ് പൂളിംഗ് പ്രക്രിയ നിയമാനുസൃതമായി നിയന്ത്രിക്കപ്പെടുകയും സർക്കാർ ഏജൻസികളുടെ മേൽനോട്ടത്തിനും നിയന്ത്രണത്തിനും വിധേയമാകുകയും വേണം,” അശോക് എം ചെറിയാൻ പറഞ്ഞു.

ലാൻഡ് പൂളിംഗ് പദ്ധതികൾ നഗരവികസനത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും മാത്രമായി പരിമിതപ്പെടുത്തിയില്ലെങ്കിൽ കർഷകർ കബളിപ്പിക്കപ്പെടാനിടയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൃഷിഭൂമി തട്ടിയെടുക്കപ്പെടാനും കർഷകർ, പ്രത്യേകിച്ചും പാട്ടകൃഷിക്കാർ, വ്യാജ വാഗ്ദാനങ്ങളാൽ വഞ്ചിക്കപ്പെടാനുമിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“പൂൾ ചെയ്ത ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ഭൂമി ഉപയോഗിക്കരുതെന്ന് നിയമപരമായി നിർബന്ധിതമാക്കേണ്ടതുണ്ട്. കർശന പരിശോധന നടപടികളില്ലെങ്കിൽ, ഒരുമിച്ച് പൂൾ ചെയ്ത ഭൂമി ദുരുപയോഗം ചെയ്യപ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ട്. ലാൻഡ് പൂളിംഗ് നടപ്പാക്കുന്നതിലൂടെ അധികാരികൾക്ക് സ്ഥലമേറ്റെടുക്കുന്നതിന് വരുന്ന ഭാരിച്ച ചിലവൊഴിക്കാം. കൂടാതെ ഭൂവുടമകൾക്ക് വികസിതമായ തങ്ങളുടെ ഭൂമിക്ക് കൂടുതൽ മൂല്യം ലഭിക്കുകയും ചെയ്യാം. ലാൻഡ് പൂളിങ്ങിൽ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച പരാതികൾ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്,” എഎജി പറഞ്ഞു.

ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി അബ്ദുൾ മാലിക് ‘ടൗൺ പ്ലാനിംഗ് നിയമങ്ങൾ’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. കൊച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലാണ് (NUALS) പരിപാടി സംഘടിപ്പിച്ചത്.

ജിസിഡിഎയും ക്രെഡായിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പരമ്പരയിലെ മൂന്നാമത്തെ സെമിനാർ ഒക്ടോബർ മൂന്നിന് കലൂർ ക്രെഡായ് കോൺഫറൻസ് ഹാളിൽ ‘അർബൻ ഫിനാൻസിംഗ്’ എന്ന വിഷയത്തിൽ നടക്കും. ടിഡിആർ, താമസം, സംവരണം, മുനിസിപ്പൽ ബോണ്ട്, പിപിപി പ്രോജക്ടുകൾ, ബെറ്റർമെന്റ് ലെവി, ലാൻഡ് പൂളിംഗ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സെമിനാറിന് ജിസിഡിഎ സെക്രട്ടറി കെ വി അബ്ദുൾ മാലിക് നേതൃത്വം നൽകും. ബോധി നാഷണൽ അർബൻ കോൺക്ലേവ് ഒക്ടോബർ ഒമ്പതിനും പത്തിനും ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ നടക്കും. പൊതുജനങ്ങൾക്ക് കോൺക്ലേവിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ, http://www.nationalurbanconclave.com സന്ദർശിക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here